പുതിയ ഒരാള്‍ കൂടി എത്തിയിട്ടുണ്ടെന്ന തലക്കെട്ടോടെ ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ തന്നെയാണ് പുതിയ ബസിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

കെഎസ്ആര്‍ടിസി പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് സര്‍വീസിനായി എത്തിയ പുതിയ ബസ് | Photo: Facebook/KB Ganesh Kumar
കെഎസ്ആര്‍ടിസിയില്‍ വലിയ മാറ്റങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍, അത്യാഡംബര വോള്‍വോ ബസുകള്‍ മുതല്‍ ഗ്രാമങ്ങളിലേക്ക് സര്‍വീസ് നടത്തുന്നതിനുള്ള കുഞ്ഞന്‍ ഐഷര്‍ വരെയുള്ള പുതിയ ബസുകള്‍ ഇങ്ങനെ നീളും മാറ്റങ്ങള്‍. ഇപ്പോള്‍ നടക്കുന്ന ഈ പരിഷ്‌കാരങ്ങളുടെ എല്ലാം തുടക്കം എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് കെഎസ്ആര്‍ടിസിയുടെ പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍. വലിയ സ്വീകാര്യത ലഭിച്ച ഈ സേവനങ്ങള്‍ അല്‍പ്പം കൂടി വിപുലമാക്കുകയാണ്.
ടാറ്റയുടെ മാര്‍ക്കോപോളോ ബസ് വാങ്ങിയാണ് കെഎസ്ആര്‍ടിസി ആദ്യമായി പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് സര്‍വീസ് ആരംഭിക്കുന്നത്. കുറഞ്ഞ സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തുകയും കുറഞ്ഞ സമയത്തിനുള്ളില്‍ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുകയും ചെയ്യുന്നതായിരുന്നു പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് എന്ന ആശയം. ഈ സര്‍വീസ് വിജയമായതോടെ ഇപ്പോള്‍ എത്തിയ പുതിയ ബസുകളുടെ ബാച്ചില്‍ പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് സര്‍വീസിനായും ബസുകള്‍ എത്തിയിരിക്കുകയാണ്. 20-ല്‍ അധികം ബസുകള്‍ എത്തിയേക്കുമെന്നാണ് വിവരം.
ടാറ്റയുടെ ബസ് ഉപയോഗിച്ചാണ് ഈ സര്‍വീസ് ആരംഭിച്ചതെങ്കില്‍ പുതിയ ബാച്ചില്‍ അശോക് ലെയ്‌ലാന്‍ഡിന്റെ ബസുകളാണ് എത്തിയിരിക്കുന്നത്. ലിങ്ക് ബസായി എത്തിയിട്ടുള്ള 10.5 മീറ്റര്‍ നീളമുള്ള ബസ് തന്നെ പുതിയ നിറവും ഡിസൈനും നല്‍കി പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് ആക്കിയിരിക്കുന്നത്. അശോക് ലെയ്‌ലാന്‍ഡിന്റെ ഷാസിയില്‍ പ്രകാശിന്റെ വേഗ ബോഡിയില്‍ ഒരുങ്ങിയിട്ടുള്ള ഈ ബസുകള്‍ക്ക് വെള്ളയും നീലയും നിറങ്ങളാണ് നല്‍കിയിരിക്കുന്നത്. മുന്നില്‍ തന്നെ സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം എന്ന ബാഡ്ജിങ്ങും നല്‍കിയിട്ടുണ്ട്.
ഏറ്റവും മികച്ച യാത്ര ഉറപ്പാക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഈ ബസിന്റെ ഉള്ളിലും ഒരുക്കിയിട്ടുണ്ട്. 2+2 ലേഔട്ടിലാണ് സീറ്റുകള്‍. എയര്‍ കണ്ടീഷന്‍, ആഡംബര ബസുകളിലും മറ്റും നല്‍കുന്ന മികച്ച കുഷ്യനിങ്ങുള്ള പുഷ് ബാക്ക് സീറ്റുകള്‍, ഓരോ സീറ്റുകളിലും മൊബൈല്‍ ചാര്‍ജിങ്, റീഡിങ് ലൈറ്റ്, ബോട്ടില്‍ ഹോള്‍ഡര്‍, വിന്‍ഡോ കര്‍ട്ടണുകള്‍, സീറ്റ് ബെല്‍റ്റ്, ലഗേജ് റാക്ക് എന്നിവയാണ് നല്‍കിയിരിക്കുന്നത്. എത്ര സീറ്റുകളാണ് ഈ ബസില്‍ ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തമല്ല.
പുതിയ ഒരാള്‍ കൂടി എത്തിയിട്ടുണ്ടെന്ന തലക്കെട്ടോടെ ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ തന്നെയാണ് പുതിയ ബസിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. സ്റ്റോപ്പുകള്‍ വളരെ ചുരുക്കമായിരിക്കുമെന്നതാണ് ഈ സര്‍വീസിന്റെ പ്രധാന നേട്ടം. സ്റ്റാന്റുകളില്‍ കയറുന്നതിന് പകരം ജംങ്ഷനുകളില്‍ നിന്നും മറ്റും ആളുകളെ കയറ്റും. വാഹനം തുടങ്ങുന്ന പോയന്റില്‍ നിന്ന് തന്നെ സീറ്റ് ഫുള്‍ ആകുകയാണെങ്കില്‍ പിന്നെ സ്റ്റോപ്പുകള്‍ ഉണ്ടാകില്ലെന്നും മന്ത്രി ഗണേഷ്‌കുമാര്‍ പ്രീമിയം സൂപ്പര്‍ ഫാസ്റ്റിന്റെ പ്രവര്‍ത്തനം വിശദീകരിച്ച് മുമ്പ് അറിയിച്ചിരുന്നു.
Content Highlights: KSRTC expands its popular Premium Superfast bus service with new Ashok Leyland buses, offering luxury features for a faster, more comfortable journey across Kerala. Book your ticket now!
Published: 30 Oct 2025, 06:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented