ബെംഗളൂരു: ഹെഡ് ലൈറ്റ് തകരാറിലായതിനെ തുടർന്ന് രാത്രിയിൽ മൊബൈൽ ഫോണിലെ ടോർച്ചിന്റെ വെളിച്ചത്തിൽ ബസ് ഓടിച്ച സംഭവത്തിൽ ഡ്രൈവർ അടക്കം മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ. കല്യാണ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെ.കെ.ആർ.ടി.സി.) ബസാണ് കഴിഞ്ഞ ദിവസം മൊബൈൽ ഫോൺ വെളിച്ചത്തിൽ ഓടിച്ചത്. ഈ ബസിന്റെ ഡ്രൈവർ ആകാശ്, ഡിപ്പോയിലെ സാങ്കേതിക വിഭാഗം സൂപ്പർ വൈസറായ ബസവരാജ്, ജീവനക്കാരൻ ശിവാനന്ദ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

To advertise here,

കഴിഞ്ഞ 15 ദിവസമായി ബസിന്റെ ഹെഡ്ലൈറ്റ് പൊട്ടിയ നിലയിലായിരുന്നു. തകരാർ പരിഹരിക്കാതെ സർവീസ് തുടരുകയായിരുന്നുവെന്ന് വകുപ്പുതല അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് മൂവരെയും സസ്‌പെൻഡ് ചെയ്തത്.

കലബുറഗി-ചിൻചോലി റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ ഹെഡ്ലൈറ്റ് തകരാറിലായതിനെ തുടർന്ന് കണ്ടക്ടർ മൊബൈൽ ഫോണിലെ ടോർച്ച് തെളിച്ചു മുൻവശത്തെ ചില്ലിലൂടെ പുറത്തേക്ക് കാട്ടുകയും ഈ വെളിച്ചത്തിൽ ബസ് യാത്ര തുടരുകയുമായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അധികൃതർ അന്വേഷണത്തിന് നടപടിയെടുത്തത്.