
കാക്കനാട്: 'ഒരു ചെറിയ പെറ്റിയല്ലേ, അതടച്ചു തീർത്തേക്കാം' എന്നുകരുതി അദാലത്തിനെത്തിയ വണ്ടിയുടമകൾ കാക്കനാട് എൻഫോഴ്‌സ്മെന്റ് ആർ.ടി. ഓഫീസിൽ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച. വണ്ടിനമ്പർ കംപ്യൂട്ടറിൽ അടിച്ചപ്പോൾ ചിലർക്ക് കിട്ടിയത് 10 ചെലാൻ, മറ്റു ചിലർക്ക് 30, ഒരാൾക്ക് കിട്ടിയത് 60 നിയമലംഘനങ്ങൾ! ക്യാമറകൾ കൃത്യമായി പണി എടുക്കുന്നുണ്ടെന്ന് ബോധ്യമായതോടെ പലരും തലയിൽ കൈവെച്ചു. പഴയ ട്രാഫിക് നിയമലംഘനങ്ങൾ 50 ശതമാനം ഇളവോടെ തീർപ്പാക്കാൻ മോട്ടോർവാഹന വകുപ്പും പോലീസും ചേർന്ന് നടത്തുന്ന 'അമ്‌നസ്റ്റി സ്‌കീം 2026' ഇ-ചെലാൻ അദാലത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കളക്ടറേറ്റ് സമുച്ചയത്തിലെ എൻഫോഴ്‌സ്മെന്റ് ആർ.ടി. ഓഫീസിലേക്ക് തിങ്കളാഴ്ച രാവിലെ മുതൽ വണ്ടിയുടമകളുടെ പ്രവാഹമായിരുന്നു.
അറിയാതെപോയ 'പെറ്റിക്കൂട്ടം'
ഹെൽമെറ്റില്ലാത്ത യാത്ര, സീറ്റ് ബെൽറ്റ് ഇടാതിരിക്കൽ, ട്രിപ്പിൾ റൈഡിങ് എന്നിവയാണ് ക്യാമറയിൽ കുടുങ്ങിയവയിൽ ഭൂരിഭാഗവും. 'ഇത്രയും തവണ നിയമം ലംഘിച്ചിട്ടില്ല' എന്ന് തർക്കിച്ചവർക്ക് മുന്നിൽ കൃത്യമായ ഫോട്ടോയും തെളിവുകളും ഉദ്യോഗസ്ഥർ നിരത്തിയതോടെ പലരും മുട്ടുമടക്കി. മൊബൈലിൽവന്ന മെസേജുകൾ ശ്രദ്ധിക്കാതിരുന്നതാണ് പലർക്കും തിരിച്ചടിയായത്. എന്നാൽ, വൻതുക പിഴയടയ്‌ക്കേണ്ട സ്ഥാനത്ത് പകുതി പണം നൽകിയാൽ മതിയെന്നത് വണ്ടിയുടമകൾക്ക് ആശ്വാസമായി.
ഒറ്റദിവസംകൊണ്ട് ലക്ഷങ്ങൾ
തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകീട്ട് 5 വരെ നടന്ന അദാലത്തിൽ 332 ചെലാനുകൾ തീർപ്പാക്കി. ഇതിൽ നിന്നായി 12.5 ലക്ഷം രൂപയാണ് പിഴത്തുകയായി പിരിഞ്ഞുകിട്ടിയതെന്ന് എറണാകുളം എൻഫോഴ്‌സ്മെന്റ് ആർ.ടി.ഒ. ബിജു ഐസക് പറഞ്ഞു. പലർക്കും തങ്ങൾ നിയമലംഘനം നടത്തിയതിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. പരിശോധനയിൽ പലർക്കും 30 മുതൽ 60 വരെ നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കോടതിയിലേക്ക് അയച്ച കേസുകൾ പോലും പ്രത്യേക അനുമതിയോടെ തിരിച്ചുവിളിച്ച് പിഴയടയ്ക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരക്ക് നിയന്ത്രിക്കാനായി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ, പോലീസ് ഉദ്യോഗസ്ഥർ, വിദ്യാർഥികൾ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക കൗണ്ടറുകളും എൻഫോഴ്‌സ്മെന്റ് ഓഫീസിൽ സജ്ജീകരിച്ചിട്ടുണ്ട്.
അദാലത്ത് മറ്റന്നാൾ തീരും
ഇ-ചെലാൻ അദാലത്ത് ഈ മാസം 30-ന് സമാപിക്കും. 2024 ഡിസംബർ 31 വരെ പോലീസോ മോട്ടോർ വാഹനവകുപ്പോ ചുമത്തിയ പിഴകൾക്ക് ഇളവുകളോടെ പണമടയ്ക്കാൻ ലഭിക്കുന്ന അവസാന അവസരമാണിത്. നിശ്ചിത സമയപരിധിക്കുശേഷം പഴയ ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴത്തുക മുഴുവനായി ഒടുക്കേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി.
ഓൺലൈൻ വഴി പണമടയ്ക്കാൻ https://service.mvd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. പിഴത്തുകയിലെ അവ്യക്തതകൾ നീക്കാനും തടസ്സങ്ങൾ ഒഴിവാക്കാനും നേരിട്ടുള്ള അദാലത്ത് പ്രയോജനപ്പെടുത്താമെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു
Content Highlights: 50% reduction on pending traffic fines imposed until December 31, 2024., Special E-Challan Adalat organized by Kerala MVD and Police in Ernakulam., Adalat concludes on the 30th of the current month.,
Published: 28 Apr 2026, 09:34 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented