പുതിയ കാര്‍ വാങ്ങുമ്പോള്‍ സ്റ്റെപ്പിനിയായി നല്‍കിയ ചക്രത്തിന് വ്യത്യസ്ത വലുപ്പമായതിന് പരാതിക്കാരന് വാഹന നിര്‍മാതാവും ഡീലറും ചേര്‍ന്ന് 20,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതിച്ചെലവും നല്‍കാന്‍ കാസര്‍കോട് ഉപഭോക്തൃതര്‍ക്ക പരിഹാരഫോറത്തിന്റെ വിധി. കുറ്റിക്കോല്‍ ഞെരുവിലെ സി.മാധവനാണ് ഉപഭോക്തൃഫോറത്തെ സമീപിച്ചത്.

കാറില്‍ ഘടിപ്പിച്ചിരുന്ന നാല് ചക്രങ്ങളെക്കാള്‍ വ്യാസം കുറഞ്ഞതായിരുന്നു അധികമായി നല്‍കിയ ചക്രം. വ്യത്യസ്ത വലുപ്പത്തിലുള്ള ചക്രങ്ങള്‍ വാഹനത്തിന്റെ നിയന്ത്രണം കുറയ്ക്കുമെന്നും അടുത്ത് വര്‍ക്ക്ഷോപ്പ് ഇല്ലെങ്കില്‍ സ്റ്റെപ്പിനി ചക്രം കൊണ്ട് പ്രയോജനമില്ലാത്ത സാഹചര്യമുണ്ടാവുമെന്നും ഉപഭോക്തൃഫോറം വ്യക്തമാക്കി. 

വാഹനവിലയില്‍ സ്റ്റെപ്പിനി ചക്രത്തിന്റെ വിലകൂടി ഉള്‍പ്പെടുമെന്നും മോട്ടോര്‍ വാഹനചട്ട പ്രകാരം ഇത് നല്‍കാന്‍ ബന്ധപ്പെട്ടവര്‍ ബാധ്യസ്ഥരാണെന്നും കെ.കൃഷ്ണന്‍ അധ്യക്ഷനും എം.രാധാകൃഷ്ണന്‍, കെ.ജി.ബീന എന്നിവര്‍ അംഗങ്ങളുമായ ഫോറം വിധിച്ചു.

സ്റ്റെപ്പിനി ചക്രം നല്‍കുന്നത് അടിയന്തരഘട്ടത്തില്‍ അടുത്ത വര്‍ക്ക്ഷോപ്പുവരെ എത്താനാണെന്നായിരുന്നു വാഹന നിര്‍മാതാതാവിന്റെയും വില്പനക്കാരന്റെയും വാദം. പരാതിക്കാരനുവേണ്ടി ടി.സി.നാരായണന്‍ ഹാജരായി.

Content Highlights: Car Stepney Tyre; The vehicle manufacturer and dealer have to pay a compensation of Rs 20,000