കൊച്ചി: യുകെയും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ഫലമായി യുകെയിൽനിന്നുള്ള ആഡംബര കാറുകൾക്ക് വില കുറയുമെങ്കിൽ അത് പ്രാബല്യത്തിലാകാൻ മാസങ്ങൾ വേണ്ടിവരും. വ്യാപാര കരാർ വഴി യുകെയിൽനിന്നുള്ള ആഡംബര കാറുകൾ കുറഞ്ഞ വിലയ്ക്ക് ഇന്ത്യൻ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാനാകും. ഇരു രാജ്യങ്ങളും വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ ഈ മാസം വിജയകരമായി പൂർത്തിയാക്കിയിരുന്നു.

To advertise here,

കരാർ പ്രകാരം പൂർണമായി യുകെയിൽ നിർമിച്ച ആഡംബര വാഹനങ്ങളുടെ ഇറക്കുമതി തീരുവയിൽ 90 ശതമാനം കുറവ് വരും. 100 ശതമാനത്തിൽനിന്ന് 10 ശതമാനമായാണ് ഇറക്കുമതി തീരുവ കുറയുന്നത്.

ഇതോടെ മുന്തിയ വാഹനങ്ങൾക്ക് 90 ലക്ഷം രൂപ വരെ വിലയിൽ കുറവുണ്ടാകും. ഇത് ജാഗ്വാർ ലാൻഡ് റോവർ, റോൾസ് റോയ്‌സ്, ആസ്റ്റൺ മാർട്ടിൻ, ബെന്റ്‌ലി, മക്‌ലാരൻ തുടങ്ങിയ ബ്രിട്ടീഷ് ആഡംബര കാറുകൾ വാങ്ങുന്നവർക്ക് വൻ നേട്ടമാകും. 2026 ഓഗസ്റ്റോടെ കരാർ പ്രാബല്യത്തിൽ വരുമെന്നാണ് വിവരം.

640 കോടിയുടെ വിപണി; മുന്നിൽ ജാഗ്വാർ ലാൻഡ് റോവർ

യുകെ ആസ്ഥാനമായുള്ള ആഡംബര കാറുകൾക്ക്‌ ഇന്ത്യയിൽ വലിയ തോതിലുള്ള ആവശ്യക്കാരാണുള്ളത്. കഴിഞ്ഞ വർഷം മാത്രം 640 കോടി രൂപയുടെ ആഡംബര കാറുകളാണ് യുകെയിൽനിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. ഇതിൽ 500 കോടിയോളം ജാഗ്വാർ ലാൻഡ് റോവറിന്റെ വിഹിതമാണ്. ഡിഫൻഡർ, റേഞ്ച് റോവർ മോഡലുകൾക്കുള്ള ജനപ്രീതിയാണ് കമ്പനിയുടെ വിൽപ്പന ഉയർത്തിയത്.

17 വർഷത്തിനിടയിൽ ഏറ്റവും വലിയ വാർഷിക വിൽപ്പനയാണ് ജാഗ്വാർ ലാൻഡ് റോവറിന് ഇത്തവണയുണ്ടായത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ 6,183 റീട്ടെയിൽ യൂണിറ്റുകൾ കമ്പനി വിറ്റഴിച്ചു. മൊത്ത വിൽപ്പന 6,226 യൂണിറ്റിലെത്തി.വ്യാപാരക്കരാർ വഴി 40 ശതമാനം വിലവ്യത്യാസം വരുമെന്നതിനാൽ ഇന്ത്യൻ വിപണിയിൽ കമ്പനിക്ക് കൂടുതൽ കാറുകൾ വിറ്റഴിക്കാനാകും.

ജിഎസ്ടി, ഇറക്കുമതി തീരുവ എന്നിവ മൂലം നിലവിൽ ജാഗ്വാർ ലാൻഡ് റോവറിന്റെ മുൻനിര എസ്‌യുവിക്ക് 2.4 കോടി രൂപ വരെ ചെലവിടണം. എഫ്ടിഎ പ്രകാരമുള്ള നിരക്കിൽ 1.5 കോടിക്കും താഴെയാകും അടിസ്ഥാന വില. നിലവിൽ വിദേശത്ത് നിർമിച്ച് ഇന്ത്യയിൽ ഇറക്കുമതി ചെയ്താണ് (സിബിയു) വിൽപ്പനയിൽ മുൻനിരയിലുള്ള ജാഗ്വാർ ലാൻഡ് റോവർ ഡിഫൻഡറിന്റെ വിൽപ്പന.