ടാറ്റ നാനോ എന്ന കാർ ഇന്ത്യയുടെ വാഹന മേഖലയിലെ ഒരു വിപ്ലവകരമായ നീക്കമായിരുന്നെങ്കിൽ, പശ്ചിമ ബംഗാൾ എന്ന സംസ്ഥാനത്തെ സംബന്ധിച്ച് ചില നഷ്ടങ്ങളുടെ തുടക്കമായിരുന്നു. നാനോ കാർ നിർമിക്കുന്നതിനുള്ള പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുകയും പിന്നീട് പ്രക്ഷോഭങ്ങളെ തുടർന്ന് പ്ലാന്റ് ഗുജറാത്തിലേക്ക് മാറ്റുകയും ചെയ്തതോടെ, പശ്ചിമ ബംഗാൾ ഒട്ടും വ്യവസായ സൗഹൃദമായ സംസ്ഥാനമല്ലെന്നുള്ള ഒരു പൊതുബോധം നിർമിക്കപ്പെടുകയുമായിരുന്നു.

To advertise here,

എന്നാൽ, കൈമോശം വന്ന വ്യവസായ സൗഹൃദ അന്തരീക്ഷം തിരിച്ചുപിടിക്കാനായി മുള്ളിനെ മുള്ള് കൊണ്ട് എടുക്കുകയെന്ന തന്ത്രമാണ് പശ്ചിമ ബംഗാളിലെ ബി.ജെ.പി. സർക്കാർ പയറ്റുന്നത്. ഒരു വാഹന വ്യവസായവുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട സൽപ്പേര്, അതേസ്ഥലത്ത് മറ്റു വാഹന നിർമാതാക്കളെ എത്തിച്ച് വീണ്ടെടുക്കാനാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദ് അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. സർക്കാർ ശ്രമിക്കുന്നത്.

ഇക്കഴിഞ്ഞ നവംബർ 21-നാണ് ഇന്ത്യയിലെ മുൻനിര വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലെയ്‌ലാൻഡ് ബംഗാളിലെ സിംഗൂരിൽ വാഹന പ്ലാന്റ് തുടങ്ങുന്നുവെന്ന് കേന്ദ്രമന്ത്രി സുകാന്ത മജുംദാർ പ്രഖ്യാപിക്കുന്നത്. തൊട്ടടുത്ത ദിവസം തന്നെ സിംഗൂരിൽ സംസ്ഥാന വ്യാവസായിക കോർപറേഷൻ 997 ഏക്കർ ഭൂമി ഏറ്റെടുക്കുകയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും പ്രഖ്യാപിച്ചു. നാനോ പദ്ധതിക്കായി ടാറ്റയ്ക്ക് നൽകാൻ ഇടത് സർക്കാർ തീരുമാനിച്ച സിംഗൂരിലെ അതേ 997 ഏക്കർ ഭൂമിയാണ് ഇപ്പോൾ ബിജെപി സർക്കാർ ഏറ്റെടുക്കുന്നത്. ഇത് ലെയ്‌ലാൻഡിന് കൈമാറാനാണെന്നാണ് റിപ്പോർട്ട്.

ലെയ്‌ലാൻഡിന്റെ വാഹന നിർമാണ പ്ലാന്റ് വരുന്നതിലൂടെ വാഹന വ്യവസായത്തിലൂടെ ഉണ്ടായ പേരുദോഷം മാറ്റിയെടുക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. അശോക് ലെയ്‌ലാൻഡിന്റെ വാണിജ്യ വാഹനങ്ങൾ നിർമിക്കുന്നതിനുള്ള പ്ലാന്റ് ഇവിടെ സ്ഥാപിക്കുമെന്ന് മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ടെങ്കിലും, ഇക്കാര്യത്തിൽ ലെയ്‌ലാൻഡ് ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും നൽകിയിട്ടില്ല.

 

ടാറ്റയെ തിരിച്ചെത്തിക്കാൻ ശ്രമം

സിംഗൂരിൽ പദ്ധതിയിട്ട സ്വപ്‌ന പദ്ധതിയാണ് ടാറ്റ മോട്ടോഴ്‌സിന് 2008-ൽ ഉപേക്ഷിക്കേണ്ടി വന്നത്. എന്നാൽ, പശ്ചിമബംഗാളിൽ ബി.ജെ.പി. സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെ ടാറ്റ ഗ്രൂപ്പിനെ തിരിച്ചെത്തിക്കാൻ ശ്രമം നടത്തിയിരുന്നു എന്നാണ് റിപ്പോർട്ട്. കഴിവതും സിംഗൂരിൽത്തന്നെ അവരുടെ ഒരു സംരംഭം തുടങ്ങാനും അതുവഴി പശ്ചിമബംഗാൾ 'വ്യവസായസൗഹൃദ സംസ്ഥാനം' എന്ന പ്രതിച്ഛായ സൃഷ്ടിക്കാനുമായിരുന്നു സർക്കാർ ഉദ്ദേശിച്ചിരിക്കുന്നത്.

സിംഗൂർ പദ്ധതി ഉപേക്ഷിച്ച് രണ്ട് പതിറ്റാണ്ടിലേറെയായ സാഹചര്യത്തിൽ പശ്ചിമ ബംഗാളിൽ നിക്ഷേപം നടത്തുന്നതിനായി ടാറ്റ ഗ്രൂപ്പിനെ വീണ്ടും ക്ഷണിച്ചിട്ടുണ്ടെന്ന് പശ്ചിമ ബംഗാളിലെ വ്യവസായ മന്ത്രി തപസ് റോയ് അറിയിച്ചിരുന്നു. ബംഗാളിലേക്ക് പുതിയ നിക്ഷേപം എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ടാറ്റ ഗ്രൂപ്പുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

പശ്ചാത്തലം

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാർ എന്ന ആശയവുമായാണ് ടാറ്റ നാനോ പദ്ധതി ആരംഭിക്കുന്നത്. ഈ വാഹനങ്ങൾ നിർമിക്കുന്നതിനുള്ള പ്ലാന്റ് പശ്ചിമ ബംഗാളിൽ സ്ഥാപിക്കുന്നതിനാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ സിംഗൂരിൽ 1000 ഏക്കറോളം കൃഷി ഭൂമി ഏറ്റെടുത്തിയിരുന്നു. ഇത് വലിയ പ്രക്ഷോഭങ്ങൾക്ക് വഴിയൊരുക്കുകയായിരുന്നു. തൃണമൂൽ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന മമതാ ബാനർജിയുടെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭങ്ങൾ.

കർഷകർക്ക് ഭൂമി തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് 2006 ഡിസംബറിൽ മമതാ ബാനർജി 26 ദിവസം നിരാഹാര സമരം ഉൾപ്പെടെ നടത്തിയിരുന്നു. രണ്ട് വർഷങ്ങളോളം തുടർന്ന പ്രതിഷേധങ്ങൾക്കുശേഷം 2008-ൽ ഗവർണറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ഭൂമി വിട്ടുനൽകാൻ വിസമ്മതിച്ച കർഷകർക്ക് അത് വിട്ടുനൽകണമെന്ന് തീരുമാനിക്കുകയായിരുന്നു. 400 ഏക്കർ ഭൂമി നൽകണമെന്ന് മമത ആവശ്യപ്പെട്ടെങ്കിലും ഫാക്ടറി പ്രദേശത്ത് ഭൂമി നൽകാൻ മുഖ്യമന്ത്രി തയ്യാറായില്ല.

ഭൂമി ഏറ്റെടുത്തതിനെച്ചൊല്ലിയുള്ള തർക്കവും പ്രക്ഷോഭവും തുടർന്നതോടെ ടാറ്റ മോട്ടോഴ്‌സ് സിംഗൂരിലെ നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയായിരുന്നു. പിന്നീട്, 2008 ഒക്ടോബറിൽ ടാറ്റ മോട്ടോഴ്സിന് സിംഗൂരിൽനിന്ന് ഗുജറാത്തിലെ സാനന്ദിലേക്ക് നാനോ കാർനിർമാണശാല മാറ്റേണ്ടിവന്നു. അപ്പോഴേക്കും സിംഗൂരിൽ 1000 കോടി രൂപയിലധികം മുതൽമുടക്കിയിരുന്നെന്നാണ് കമ്പനി പറയുന്നത്.

 

34 വർഷത്തെ ഇടതുഭരണത്തെ അട്ടിമറിച്ച് 2011-ൽ ബംഗാളിൽ അധികാരത്തിലേറാൻ മമതാ ബാനർജിയെ സഹായിച്ച ഘടകങ്ങളിലൊന്ന് സിംഗൂർ പ്രക്ഷോഭമാണ്. സി.പി.എം. നേതൃത്വത്തിലുള്ള അന്നത്തെ ഇടതുമുന്നണിസർക്കാർ പദ്ധതിക്കായി 1000 ഏക്കറോളം കൃഷിഭൂമി ഏറ്റെടുത്തിരുന്നു. മമത മുഖ്യമന്ത്രിയായശേഷം കോടതി ഉത്തരവിനെത്തുടർന്ന് ടാറ്റയിൽനിന്ന് ഭൂമി തിരിച്ചെടുത്തു. ഉടമസ്ഥർക്ക് ഭാഗികമായി തിരികെനൽകി.

നഷ്ടപരിഹാരം

ടാറ്റ മോട്ടോഴ്സിന്റെ അമരക്കാരനായിരുന്ന രത്തൻ ടാറ്റയുടെ സ്വപ്ന പദ്ധതിയായി വിശേഷിപ്പിച്ചിരുന്ന നാനോ കാർ പദ്ധതിക്കുള്ള ഫാക്ടറി പശ്ചിമ ബംഗാളിൽ തുടങ്ങാനായിരുന്നു പദ്ധതി. സിംഗൂർ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നതോടെ വൻ സാമ്പത്തിക നഷ്ടമുണ്ടായെന്ന് കാണിച്ച് നഷ്ടപരിഹാരം തേടി കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് ഹൈക്കോടതി തർക്കപരിഹാര ട്രിബ്യൂണലിന് വിടുകയും ടാറ്റ മോട്ടോഴ്‌സിന് അനുകൂലമായ വിധി ഉണ്ടാകുകയും ചെയ്തിരുന്നു.

സിംഗൂരിൽ ടാറ്റ നാനോ കാർനിർമാണശാല പൂട്ടാൻ നിർബന്ധിതമായതിന് പശ്ചിമ ബംഗാൾ സംസ്ഥാനസർക്കാർ ടാറ്റ മോട്ടോഴ്സിന് 765.78 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആർബിട്രേഷൻ ട്രിബ്യൂണൽ 2023 ഒക്ടോബർ 30-ന് വിധി പുറപ്പെടുവിച്ചിരുന്നു. ട്രിബ്യൂണൽ വിധി പ്രകാരം 2016 സെപ്റ്റംബർ മുതൽ സംസ്ഥാന വ്യവസായ വികസന കൗൺസിൽ ടാറ്റയ്ക്ക് 765.78 കോടി രൂപ 11 ശതമാനം വാർഷികപലിശയോടെ നൽകാനാണ് നിർദേശിച്ചത്.