ഭൂട്ടാന്‍ വാഹനക്കടത്ത് കേസില്‍ നടന്‍ അമിത് ചക്കാലക്കലിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. വാഹനക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് അമിത്തിനെ വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിദേശത്തുനിന്ന് ആഡംബര വാഹനങ്ങള്‍ എത്തിച്ചുനല്‍കുന്നതില്‍ അമിത്തിന് പങ്കുണ്ടോയെന്നാണ് കസ്റ്റംസ് പ്രധാനമായും അന്വേഷിക്കുന്നത്.

To advertise here,

കേസിന്റെ ഭാഗമായി 38 വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ കുണ്ടന്നൂരില്‍ നിന്ന് പിടിച്ചെടുത്ത ഒരു ഫസ്റ്റ് ഓണര്‍ വാഹനവും ഉള്‍പ്പെടുന്നു. അരുണാചല്‍ പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത 1992 മോഡല്‍ വാഹനമാണിത്. അസം സ്വദേശി മാഹിന്‍ എന്നയാളുടെ പേരിലാണ് ഈ വാഹനം. കേസില്‍ ഇതുവരെ പിടിച്ചെടുത്ത വാഹനങ്ങളെല്ലാം നാലും അഞ്ചും തവണ കൈമാറ്റം ചെയ്യപ്പെട്ടവയായിരുന്നു. ഫസ്റ്റ് ഓണര്‍ വാഹനത്തിന്റെ യഥാര്‍ത്ഥ ഉടമയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിലൂടെ വാഹനക്കടത്ത് റാക്കറ്റിന്റെ ഉറവിടത്തിലേക്ക് എത്താന്‍ സാധിക്കുമെന്ന് കസ്റ്റംസ് കരുതുന്നു.

അതേസമയം അമിത് ചക്കാലക്കലിന് ഇതുമായുള്ള ബന്ധത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. എപ്പോഴാണ് ചോദ്യം ചെയ്യല്‍ നടക്കുകയെന്ന് വ്യക്തമല്ല. നിലവില്‍ കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇവര്‍ വഴിയാണ് കേരളത്തിലേക്ക് കൂടുതല്‍ വാഹനം എത്തിയതായി അറിഞ്ഞത്. അമിത് ചക്കാലക്കലിലേക്കും കസ്റ്റംസ് എത്തുന്നത് അതുവഴിയാണ്.

ചൊവ്വാഴ്ച 36 വാഹനങ്ങള്‍ പിടിച്ചെടുത്തെങ്കിലും ഉടമകളില്‍ ഒരാള്‍പോലും രേഖകള്‍ സമര്‍പ്പിക്കാന്‍ എത്തിയില്ല. നടന്മാരുള്‍പ്പെടെയുള്ളവര്‍ക്ക് സമന്‍സ് നല്‍കി വിളിപ്പിക്കാനൊരുങ്ങുകയാണ്. നടന്മാരായ ദുല്‍ഖര്‍ സല്‍മാന്റെയും അമിത് ചക്കാലയ്ക്കലിന്റെയും വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. പൃഥ്വിരാജിന്റെ വീട്ടിലും റെയ്ഡ് നടന്നെങ്കിലും വാഹനങ്ങള്‍ കണ്ടെത്താനായില്ല. 150 മുതല്‍ 200 വാഹനങ്ങള്‍വരെ ഭൂട്ടാനില്‍നിന്ന് കടത്തിയതായാണ് കസ്റ്റംസ്  കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 90 ശതമാനത്തിന്റെയും രേഖകള്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞു. ഇതിനുശേഷമായിരുന്നു റെയ്ഡ്. കോയമ്പത്തൂര്‍ ആസ്ഥാനമായ സംഘമാണ് പിന്നില്‍. ഇവര്‍ ഭൂട്ടാനിലേക്ക് ഇന്ത്യന്‍ കറന്‍സി അയച്ചുകൊടുക്കുകയോ നേരിട്ട് എത്തിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രാഥമിക അന്വേഷണം തുടങ്ങിയതായി ഇഡിയും വ്യക്തമാക്കി.