
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളിലെ വണ്ടിഭ്രാന്തനാണ് മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ്ങ് ധോണി. നിരവധി പ്രീമിയം വാഹനങ്ങളുടെയും വിന്റേജ് മോഡലുകളുടെയും സൂപ്പര്‍ ബൈക്കുകളുടെയും ഉടമയായ ധോണി ഏറ്റവുമൊടുവില്‍ സ്വന്തമാക്കിയത് അല്‍പ്പം വ്യത്യസ്തമായ വാഹനമാണ്. കൃഷിയാവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്ന മഹീന്ദ്രയുടെ സ്വരാജ് ട്രാക്ടറാണ് അദ്ദേഹത്തിന്റെ വാഹനശേഖരത്തിലെ പുതിയ താരം.
ധോണിയുടെ ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന്റെ ട്വിറ്റര്‍ ഹാന്‍ഡിലാണ് ധോണിയുടെ പുതിയ ട്രാക്ടറിന്റെ വിഡിയോ പങ്കുവെച്ചത്. ഇതിനുപുറമെ, മഹീന്ദ്രയുടെ ഓട്ടോ ആന്‍ഡ് ഫാം സെക്ടര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് ജെജുരികറും ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചിരുന്നു. താങ്കളുടെ ഫാമിലേക്ക് മഹീന്ദ്രയുടെ ട്രാക്ടര്‍ തിരഞ്ഞെടുത്തതിന് നന്ദി എന്ന കുറിപ്പോടെയാണ് രാജേഷ് ഈ വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
ക്രിക്കറ്റും വാഹനങ്ങളും പോലെ തന്നെ കൃഷിയിലും തത്പരനാണ് ധോണി. ലോക്ക്ഡൗണ്‍ കാലത്ത് അദ്ദേഹം കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് അദ്ദേഹം പ്രധാന്യം നല്‍കുന്നതെന്നും റഞ്ചിയിലെ അദ്ദേഹത്തിന്റെ സ്വന്തം കൃഷിയിടത്തിലേക്കാണ് മഹീന്ദ്രയുടെ സ്വരാജ് 963 എഫ്ഇ ട്രാക്ടര്‍ സ്വന്തമാക്കിയിരിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
മൂന്ന് സിലിണ്ടര്‍ ഡയറക്ട് ഫ്യുവല്‍ ഇഞ്ചക്ഷന്‍, വാട്ടര്‍ കൂള്‍ഡ് എന്‍ജിനാണ് മഹീന്ദ്ര സ്വരാജ് 963 എഫ്ഇയില്‍ കരുത്തേകുന്നത്. സ്വരാജ് ട്രാക്ടര്‍ ശ്രേണിയിലെ ഏറ്റവും കരുത്തനായ ഈ മോഡല്‍ 63 ബിഎച്ച്പി പവറാണ് ഉത്പാദിപ്പിക്കുന്നത്. 12 ഫോര്‍വേഡ് ഗിയറും രണ്ട് റിവേഴ്‌സ് ഗിയറുമാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. പവര്‍ സ്റ്റീയറിങ്ങും 2200 കിലോഗ്രാം ഭാരവുമുള്ള ഈ ട്രാക്ടറിന് 7.87 ലക്ഷം രൂപ മുതല്‍ 8.49 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില.
സൈന്യം ഉപയോഗിച്ചിരുന്ന നിസാന്‍ ജൊങ്ക ധോണി സ്വന്തമാക്കിയത് അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്ഹോക്ക്, ഫെറാരി 599 ജിടിഒ, ഹമ്മര്‍ എച്ച്2, ജിഎംസി സിയേറ തുടങ്ങിയ നിരവധി കാറുകളും കവസാക്കി നിഞ്ച എച്ച്2, കോണ്‍ഫെഡറേറ്റ് ഹെല്‍കാറ്റ്, ബിഎസ്എ, സുസുക്കി ഹയാബുസ, നോര്‍ട്ടണ്‍ വിന്റേജ് തുടങ്ങിയ ഇരുചക്ര മോഡലുകളും ധോനിയുടെ വലിയ വാഹന ശേഖരത്തിലെ അംഗങ്ങളാണ്.
Content Highlights: Cricket Player Mahendra Singh Dhoni Bought Mahindra Swaraj 963 FE tractor
Published: 04 Jun 2020, 02:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented