
ലോകത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് സ്വന്തമാക്കിയ വാഹന നമ്പറാണ് പി7. ദുബായിയില്‍ നടന്ന നമ്പര്‍ ലേലത്തില്‍ 122.6 കോടി രൂപയ്ക്കാണ് ഈ നമ്പര്‍ ഫ്രഞ്ച്- എമിറാത്തി ബിസിനസുകാരനായ പവേല്‍ വലേര്യേവിക് ഡ്യൂറോവ് സ്വന്തമാക്കിയത്. എന്നാല്‍, ഈ നമ്പര്‍ നല്‍കിയ വാഹനമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. ടെസ്‌ലയുടെ മോഡല്‍ എക്‌സ് കാറിലാണ് ലോകത്തിലെ ഏറ്റവും വിലയുള്ള നമ്പര്‍ പതിപ്പിച്ചിരിക്കുന്നത്.
അതേസമയം, ടെസ്‌ലയുടെ മോഡല്‍ എക്‌സ് കാറിന് ഏകദേശം രണ്ട് കോടി രൂപയാണ് ദുബായിയിലെ വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെസ്‌ലയുടെ മേധാവി ടെസ്‌ല കാറുകള്‍ ദുബായില്‍ അവതരിപ്പിക്കുന്നതിനായി എത്തിയത് ഞാന്‍ ഓര്‍ക്കുന്നു. ഇപ്പോള്‍, ഈ ടെസ്‌ല കാറില്‍ തന്നെയാണ് ലോകത്തിലെ ഏറ്റവും വിലയുള്ള നമ്പര്‍ സ്ഥാനം പിടിച്ചിരിക്കുന്നതെന്ന് യു.എ.ഇ. മിനിസ്റ്ററായ ഒമര്‍ സുല്‍ത്താന്‍ അല്‍ ഒലാമ വാഹനത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ട്വിറ്ററില്‍ കുറിച്ചു.
P 7 എന്ന നമ്പറാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ളതും 122.6 കോടി രൂപ മൂല്യമുള്ളതുമായ വാഹന നമ്പര്‍. 16 വര്‍ഷത്തിനുശേഷമാണ് ഇത്രയും ഉയര്‍ന്ന തുകയ്ക്ക് വാഹനനമ്പര്‍ പ്ലേറ്റ് ലേലം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷത്തെ നമ്പര്‍ പ്ലേറ്റിന്റെ ഏറ്റവും ഉയര്‍ന്ന ലേലത്തുക 5.2 കോടി ദിര്‍ഹമായിരുന്നു. ലോകത്തിന്റെ വിശപ്പടക്കുന്നതിനായി യു.എ.ഇ. പ്രഖ്യാപിച്ച വണ്‍ ബില്ല്യണ്‍ മീല്‍സ് എന്ന കാമ്പയിനിന്റെ ഭാഗമായാണ് വാഹനങ്ങളുടെ നമ്പറുകള്‍ ലേലത്തില്‍ വെച്ചത്.
മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷിയേറ്റീവ്സ്, എമിറേറ്റ്സ് ഓക്ഷന്‍, ആര്‍.ടി.എ., ഇത്തിസലാത്ത്, ഡു എന്നിവയുടെ സഹകരണത്തോടെയാണ് ലേലം സംഘടിപ്പിച്ചത്. അപൂര്‍വമായ 14 വാഹന നമ്പര്‍ പ്ലേറ്റുകളും 35 മൊബൈല്‍ ഫോണ്‍നമ്പറുകളും ലേലത്തില്‍ അവതരിപ്പിച്ചിരുന്നു. ജുമൈറ ബീച്ചിലെ ഫോര്‍ സീസണ്‍സ് റിസോര്‍ട്ടിലാണ് ലേലംസംഘടിപ്പിച്ചത്. ലേലം ആരംഭിച്ച് മിനിറ്റുകള്‍ക്കകമാണ് 1.5 കോടി ദിര്‍ഹത്തില്‍നിന്ന് പി 7 നമ്പര്‍ പ്ലേറ്റിന്റെ മൂല്യം 5.5 കോടി ദിര്‍ഹമായി ഉയര്‍ന്നത്.
ലോകത്തിലെ ഏറ്റവും മൂല്യമുള്ള വാഹന നമ്പര്‍ എഫ്1 ആണെന്നാണ് കണക്കാക്കപ്പെടുന്നത്. 1904 മുതല്‍ എസെക്‌സ് സിറ്റി കൗണ്‍സിലിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഈ നമ്പര്‍ 2008-ല്‍ അവര്‍ ലേലത്തില്‍ വയ്ക്കുകയായിരുന്നു. ബ്രിട്ടണ്‍ ആസ്ഥാനമായ ഖാന്‍ ഡിസൈന്‍ ഉടമ അഫ്‌സല്‍ ഖാന്‍ ഈ നമ്പര്‍ നാല് കോടി രൂപയ്ക്ക് ഈ നമ്പര്‍ സ്വന്തമാക്കുകയും തന്റെ ബുഗാട്ടി വെയ്‌റണില്‍ നല്‍കുകയുമായിരുന്നു. എന്നാല്‍, പിന്നീടുള്ള വര്‍ഷങ്ങളില്‍ ഈ നമ്പറിന്റെ മൂല്യം ഉയരുകയും ഇപ്പോള്‍ ഏകദേശം 132 കോടി രൂപയോളം ഈ നമ്പറിന് വിലയുണ്ടാകുമെന്നുമാണ് വിലയിരുത്തല്‍.
Content Highlights: World’s most expensive number plate sold at Rs. 122.59 crore spotted on Tesla Model X
Published: 09 May 2023, 10:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented