മുംബൈ: പുതിയ ഷോറൂമുമായി ഇന്ത്യൻ വിപണിയിൽ ടെസ്ല ചുവടുവെച്ച അന്നുതന്നെ വൈദ്യുതക്കാറുകളുടെ ബുക്കിങ് തുടങ്ങി വിയറ്റ്നാം കമ്പനി വിൻഫാസ്റ്റ്. പ്രീമിയം വിഭാഗത്തിലുള്ള വിഎഫ് 7, വിഎഫ് 6 എന്നീ പതിപ്പുകൾക്കാണ് കമ്പനി ബുക്കിങ് തുടങ്ങിയിരിക്കുന്നത്.
തൂത്തുക്കുടിയിലെ ഫാക്ടറിയുടെ ഉദ്ഘാടനം പൂർത്തിയാക്കി ഓഗസ്റ്റോടെ കാറുകൾ വിപണിയിലെത്തിക്കുമെന്നും കമ്പനി പറയുന്നു. വിൻഫാസ്റ്റിന്റെ ഷോറൂമുകൾവഴിയോ വിൻഫാസ്റ്റ്ഓട്ടോ ഡോട്ട് ഇൻ എന്ന വെബ്സൈറ്റ് വഴിയോ വാഹനം ബുക്ക് ചെയ്യാം. 21,000 രൂപയാണ് ബുക്കിങ് ചാർജ്. ഈ തുക പൂർണമായി തിരികെ ലഭിക്കുന്നതാണെന്നും കമ്പനി വ്യക്തമാക്കി.
ഭാരത് മൊബിലിറ്റി എക്സ്പോയിൽ കമ്പനിയുടെ കാറുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് വിഎഫ് 6, വിഎഫ് 7 മോഡലുകൾ എത്തിക്കുന്നതെന്ന് വിൻഫാസ്റ്റ് ഏഷ്യ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഫാം സഞ്ജ് ചാവു പ്രസ്താവനയിൽ അറിയിച്ചു. വിൻഫാസ്റ്റിന്റെ തൂത്തുക്കുടിയിൽ തുടങ്ങുന്ന പുതിയ പ്ലാന്റിൽ അസംബിൾചെയ്താകും വാഹനം ഇന്ത്യൻ വിപണിയിലേക്കെത്തുക.
കുടുംബങ്ങൾക്കുതകുന്ന വാഹനമാകും വിഎഫ് 6. പ്രീമിയം സൗകര്യങ്ങളോടു കൂടിയ ഉൾത്തളങ്ങളായിരിക്കും വിഎഫ് 7-ന്റെ പ്രത്യേകത. ഇന്ത്യയിൽ 27 നഗരങ്ങളിലായി 32 ഡീലർഷിപ്പുകൾക്ക് 13 പങ്കാളികളുമായി കരാറുണ്ടാക്കിയതായി കമ്പനി വ്യക്തമാക്കി. കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടും ആദ്യഘട്ടത്തിൽ ഷോറൂമുകൾ തുറക്കും.
മുംബൈയിലെ ബാന്ദ്ര ബിര്‍ള കോംപ്ലക്സിലാണ് അമേരിക്കൻ കമ്പനിയായ ടെസ്ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം ചൊവ്വാഴ്ച തുറന്നത്. മോഡല്‍ വൈ എന്ന മോഡലാണ് ആദ്യം ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുക. വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ്ങും കമ്പനി ആരംഭിച്ചിട്ടുണ്ട്.
Content Highlights: vinfast begins bookings for electric cars
Published: 16 Jul 2025, 04:40 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented