ഇന്ത്യയിലെ സെഡാന്‍ ശ്രേണിയിലേക്ക് ടാറ്റയുടെ വാഹനം ഒരുങ്ങുന്നത് രഹസ്യമല്ല. ടാറ്റ പെരെഗ്രിന്‍ എന്ന പേരില്‍ നിര്‍മിക്കുന്ന ഈ വാഹനത്തിന്റെ റെന്‍ഡറിങ്ങ് ചിത്രം ഓട്ടോമൊബൈല്‍ പോര്‍ട്ടലായ കാര്‍ടോക് പുറത്തുവിട്ടു. ടാറ്റയുടെ ഇ-വിഷന്‍ കണ്‍സെപ്റ്റുമായി സാമ്യമുള്ള ഡിസൈനിലാണ് സെഡാന്റെ റെന്‍ഡറിങ്ങ് രൂപം ഒരുക്കിയിരിക്കുന്നത്.  

To advertise here,

ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ, മാരുതി സിയാസ് എന്നീ വാഹനങ്ങളുമായി മത്സരിക്കാനായിരിക്കും ടാറ്റ പെരെഗ്രിന്‍ എത്തുന്നത്. അതേസമയം, നിര്‍മാണവേളയില്‍ മാത്രമായിരിക്കും ഈ പേരില്‍ അറിയപ്പെടുകയെന്നും നിരത്തിലെത്തുമ്പോള്‍ മറ്റൊരു പേര് നല്‍കിയേക്കുമെന്നുമാണ് സൂചനകള്‍.

ലക്ഷ്വറി കാറുകളോട് കിടപിടിക്കുന്ന രൂപത്തിലാണ് പെരെഗ്രിന്‍ ഒരുങ്ങുന്നത്. നേര്‍ത്ത എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഡിആര്‍എല്‍. ബ്ലാക്ക് ഗ്രില്ല്, വലിയ എയര്‍ഡാം, മസ്‌കുലര്‍ ഭാവമുള്ള ബംമ്പര്‍ എന്നിവയാണ് മുന്‍വശത്തെ ആകര്‍ഷകമാക്കുന്നത്. പിന്നിലും എല്‍ഇഡിയാണ് ടെയില്‍ ലാംമ്പ്. പിന്നില്‍ ടാറ്റ ബാഡ്ജിങ്ങ് മോഡല്‍ പേരും നല്‍കും.

ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അല്‍ട്രോസിന് അടിസ്ഥാനമൊരുക്കുന്ന ആല്‍ഫ പ്ലാറ്റ്‌ഫോമിലാണ് ഈ സെഡാനും ഒരുങ്ങുന്നത്. ടാറ്റയുടെ പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയാണ് ഈ സെഡാനിലും പരീക്ഷിക്കുന്നത്. 2018 ജനീവ ഓട്ടോഷോയില്‍ പ്രദര്‍ശിപ്പിച്ച ഇവിഷന്‍ കണ്‍സെപ്റ്റ് മോഡലിനോട് സാമ്യമുള്ള ഡിസൈനിലായിരിക്കും ഈ സെഡാന്‍ എത്തുകയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

നെക്‌സോണിന്റെ ഡീസല്‍ പതിപ്പിന് കരുത്തേകുന്ന 1.5 ലിറ്റര്‍ എന്‍ജിനിലും 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലുമായിരിക്കും ഈ സെഡാന്‍ എത്തുന്നത്. ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ ഈ വാഹനത്തില്‍ സ്ഥാനം പിടിക്കുന്നുണ്ട്.

Content Highlights: Tata New Sedan Model Peregrin Rendering Image