ടാറ്റ മോട്ടോഴ്‌സിന്റെ വാഹന നിരയിലെ എൻട്രി ലെവൽ മോഡലായ ടിയാഗോയ്ക്ക് പുതിയ മുഖം നൽകി നിർമാതാക്കൾ. മുഖച്ഛായയിലെ മാറ്റവും ഫീച്ചറുകളിലെ കൂട്ടിച്ചേർക്കലുമായി എത്തുന്ന പുതിയ ടിയാഗോ മെയ് 28-ന് അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. റെഗുലർ ടിയാഗോയ്ക്ക് ഒപ്പം ഈ വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പും മുഖംമിനുക്കിയുള്ള വരവിനൊരുങ്ങുകയാണെന്നാണ് ടീസർ വീഡിയോ നൽകുന്ന സൂചന.

To advertise here,

അവതരണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ടാറ്റ മോട്ടോഴ്‌സ് തന്നെയാണ് ടിയാഗോയിൽ വരുത്തിയിട്ടുള്ള പുതുമകൾ കാണിക്കുന്ന ടീസർ വീഡിയോ ഔദ്യോഗിക യുട്യൂബ് ചാനലിൽ പങ്കുവെച്ചത്. നിലവിൽ വിപണിയിലുള്ള ടിയാഗോയിൽനിന്നു ഡിസൈനിലും രൂപത്തിലും വലിയ അഴിച്ചുപണിയാണ് ടാറ്റ മോട്ടോഴ്‌സ് വരുത്തിയിരിക്കുന്നത്. ഇരു മോഡലുകളുടെയും മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് ടീസർ എത്തിയിരിക്കുന്നത്.

ഇന്ത്യയിലെ മറ്റ് ഏത് വാഹന നിർമാതാക്കളുടെയും എൻട്രി ലെവൽ മോഡലുകളെക്കാളും സ്‌റ്റൈലിഷായാണ് പുതിയ ടിയാഗോ എത്തുന്നത്. എൽഇഡി ഹെഡ്‌ലാമ്പ് ഐബ്രോ ഷേപ്പിലുള്ള ഡിആർഎൽ, അൾട്രോസിൽ നൽകിയിരിക്കുന്നതിന് സമാനമായ ബ്ലാക്ക് ഗ്രില്ല്, രൂപമാറ്റം സംഭവിച്ചിട്ടുള്ള ബമ്പർ, പിക്‌സൽ ഷേപ്പിൽ തീർത്തിയിരിക്കുന്ന ഫോഗ്‌ലാമ്പ് എന്നിവയാണ് റെഗുലർ ടിയാഗോയുടെ മുഖഭാവത്തിലെ പുതുമകൾ. ഇവിയുടെ ഗ്രിൽ ഭാഗത്ത് മാത്രമാണ് മാറ്റമുള്ളത്.

മാറ്റങ്ങൾ മുന്നിൽ മാത്രം ഒതുങ്ങുന്നില്ല. അലോയി വീലിന്റെ ഡിസൈനിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. റിയർവ്യൂ മിറർ, ഫൈബർ വീൽ ആർച്ച്, പില്ലറുകൾ എന്നിവിടങ്ങളിലാണ് വശങ്ങളിലെ മറ്റ് പുതുമകൾ. പിൻഭാഗത്തെ ഡിസൈൻ പൂർണമായും ഉടച്ചുവാർത്തിട്ടുണ്ട്. പ്രീമിയം വാഹനങ്ങളോട് കിടപിടിക്കുന്ന തരത്തിലാണ് ടെയ്ൽലാമ്പ്, എൽഇഡി ലൈറ്റുകളും സ്ട്രിപ്പുമെല്ലാം ഇതിൽ കാണാം. പിന്നിലെ ബമ്പറും മാറിയിരിക്കുന്നു. ഷാർക്ക് ഫിൻ ആന്റിന, സെൻസറുകൾ എന്നിവയും ഇതിലുണ്ട്.

അകത്തളത്തിലും ഏതാനും പുതുമകളോടെയാണ് ടിയാഗോയുടെ ഈ വരവ്. ഡാഷ് ബോർഡിന്റെ ഡിസൈൻ മാറി. ടാറ്റയുടെ തിളങ്ങുന്ന ലോഗോ നൽകിയിട്ടുള്ള പുതിയ സ്റ്റിയറിങ് വീൽ, 10.25 ഇഞ്ച് വലിപ്പത്തിലുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതുമയുള്ള സെന്റർ കൺസോൾ എന്നിവയാണ് ദൃശ്യങ്ങളിലുള്ളത്. സീറ്റുകൾ, ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ തുടങ്ങിയവയിൽ മാറ്റം വരുത്തിയേക്കുമെന്നാണ് പ്രതീക്ഷ. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ ഉൾപ്പെടെയുള്ള ഫീച്ചറുകളും ടിയാഗോയിലുണ്ട്.

ലുക്കിലും ഫീച്ചറുകളിലുമെല്ലാം വലിയ മാറ്റങ്ങൾ വരുത്തുമ്പോഴും മെക്കാനിക്കലായുള്ള മാറ്റത്തിന് ടാറ്റ മോട്ടോഴ്‌സ് മുതിർന്നിട്ടില്ലെന്നാണ് വിവരം. നിലവിലെ മോഡലിൽ പ്രവർത്തിക്കുന്ന 1.2 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനായിരിക്കും പുതിയ ടിയാഗോയുടെ ഹൃദയം. 86 എച്ച്പി പവറും 113 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്ന കരുത്ത്. പുതിയ പതിപ്പിലും സിഎൻജി ഉൾപ്പെടുത്തുന്നുണ്ട്. 75.5 എച്ച്പി പവറും 96.5 എൻഎം ടോർക്കുമാണ് സിഎൻജി മോഡലിന്റെ കരുത്ത്.