ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സിന്റെ ഇലക്ട്രിക് വാഹന നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡല്‍ അവതരിപ്പിച്ചു. EQA എന്ന പേരില്‍ ഒരുങ്ങിയിട്ടുള്ള ഈ വാഹനത്തിന് 66 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. EQA 250 പ്ലസ് എന്ന ഒറ്റ വേരിയന്റില്‍ മാത്രമാണ് ഈ വാഹനം വിപണിയില്‍ എത്തുന്നത്. മറ്റ് ഇലക്ട്രിക് വാഹനങ്ങളെക്കാള്‍ വലിപ്പം കുറവും താങ്ങാവുന്ന വിലയിലെത്തുന്നുവെന്നതുമാണ് ഈ വാഹനത്തിന്റെ പ്രധാന സവിശേഷത.

To advertise here,

ബെന്‍സിന്റെ ഐസ് എന്‍ജിന്‍ മോഡലായ ജി.എല്‍.എയ്ക്ക് സമാനമായ ഡിസൈനില്‍ തന്നെയാണ് EQA-യും ഒരുക്കിയിരിക്കുന്നത്. എന്നാല്‍, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യമായ ഏതാനും സവിശേഷതകളും ഇതില്‍ നൽകിയിട്ടുണ്ട്. ഡി.ആര്‍.എല്ലുകളുടെ അകമ്പടിയോടെ നല്‍കിയിട്ടുള്ള ഹെഡ്‌ലാമ്പ് യൂണിറ്റും ക്രോമിയം സ്റ്റഡുകള്‍ നല്‍കി അലങ്കരിച്ചിരിക്കുന്ന ക്ലോസ്ഡ് ഗ്രില്ലും ഈ വാഹനത്തിന്റെ ഇലക്ട്രിക് സ്വഭാവത്തെ കണിക്കുന്നതാണ്. 

വാഹനത്തിന്റെ ബോണറ്റിലൂടെ നീളുന്ന ലൈറ്റ് ബാറും റെഗുലര്‍ വാഹനങ്ങളില്‍ നല്‍കുന്നതിന് സമാനമായ മള്‍ട്ടി സ്‌പോക്ക് അലോയി വീലുകളും ക്രോമിയം ബോര്‍ഡര്‍ നല്‍കിയിട്ടുള്ള വിന്‍ഡോയുമാണ് വശങ്ങളെ ആകര്‍ഷകമാക്കുന്നത്. കണക്ടഡ് ആിട്ടുള്ള ടെയ്ല്‍ലാമ്പ്, ബ്ലാക്ക് ക്ലാഡിങ് ആവരണം നല്‍കിയിട്ടുള്ള ബമ്പര്‍, EQA ബാഡ്ജിങ്ങ് തുടങ്ങിയ ഫീച്ചറുകള്‍ ഈ വാഹനത്തിന്റെ പിന്‍ഭാഗത്തെയും സ്റ്റൈലിഷാക്കുന്നുണ്ട്.

മെഴ്‌സിഡീസ് ബെന്‍സിന്റെ റെഗുലര്‍ വാഹനങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്ന അകത്തളമാണ് ഈ ഇലക്ട്രിക് മോഡലിലും നല്‍കിയിട്ടുള്ളത്. 10.25 ഇഞ്ച് വലിപ്പത്തില്‍ ഒരുങ്ങിയിട്ടുള്ള സ്പ്ലിറ്റ് സ്‌ക്രീനാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററുമാകുന്നത്. ടര്‍ബൈന്‍ മാതൃകയിലെ എയര്‍-കോണ്‍ വെന്റുകള്‍, ആംബിയന്റ് ലൈറ്റിങ്ങ് തുടങ്ങിയവയ്‌ക്കൊപ്പം ഇന്‍ഫോടെയ്ന്‍മെന്റില്‍ ഉപയോഗിച്ചിട്ടുള്ള മെഴ്‌സിഡീസിന്റെ സോഫ്റ്റ്‌വെയറുമാണ് ഇന്റീരിയറിന്റെ സവിശേഷത. 

മെഴ്‌സിഡീസ് ഇലക്ട്രിക് നിരയിലെ കുഞ്ഞന്‍ മോഡലാണെങ്കിലും മെക്കാനിക്കലായി യാതൊരു കുറവും ഈ വാഹനത്തില്‍ വരുത്തിയിട്ടില്ല. 188 ബി.എച്ച്.പി. പവറും 385 എന്‍.എം.ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനത്തിന്റെ ഹൃദയം. ഇതില്‍ നല്‍കിയിട്ടുള്ള 70.5 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്ക് 560 കിലോമീറ്റര്‍ റേഞ്ചാണ് ഉറപ്പാക്കുന്നത്. കേവലം 30 മിനിറ്റില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് നിറയുന്നതും ഈ വാഹനത്തിന്റെ മെക്കാനിക്കല്‍ മികവാണ്.