ന്ത്യയിലെ ഭൂരിഭാഗം സ്ഥാനങ്ങളിലും കൊടുംചൂടാണ്. വീടിനുള്ളിലും വാഹനത്തിലുമെല്ലാം ചൂട് കുറയ്ക്കാനുള്ള പല പൊടിക്കൈകളും എല്ലാം ആളുകളും പയറ്റുന്നുണ്ട്. വാഹനത്തിനുള്ളിലെ ചൂട് കുറയ്ക്കാന്‍ വേറിട്ട പരീക്ഷണം നടത്തിയിരിക്കുകയാണ് മധ്യപ്രദേശില്‍ നിന്നുള്ള ഹോമിയോ ഡോക്ടര്‍. തന്റെ വാഹനമായ ആള്‍ട്ടോ 800-ല്‍ ഉടനീളം ചാണകം പൂശിയാണ് ചൂടിനെ പ്രതിരോധിക്കാനുള്ള ശ്രമം ഈ ഡോക്ടര്‍ നടത്തിയിരിക്കുന്നത്. 

To advertise here,

കാറിന്റെ വിന്‍ഡ് ഷീല്‍ഡ്, ലൈറ്റുകള്‍ എന്നിവ ഒഴിവാക്കി ബോണറ്റും ബോഡിയും പൂര്‍ണമായും ഇദ്ദേഹം ചാണകത്തില്‍ പൊതിഞ്ഞിട്ടുണ്ട്. ഇതുവഴി ചൂടിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നും തന്റെ വാഹനത്തിന്റെ എ.സിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകുമെന്നുമാണ് ഹോമിയോ ഡോക്ടര്‍ അവകാശപ്പെടുന്നത്. മാരുതി സുസുക്കി ആള്‍ട്ടോ 800-ന്റെ അടിസ്ഥാന വേരിയന്റാണ് അദ്ദേഹം ഉപയോഗിക്കുന്ന വാഹനം.

വാഹനത്തില്‍ ചാണകം പൂശിയതിലൂടെ മികച്ച റിസള്‍ട്ടാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. വീടുകളുടെ മേല്‍ക്കൂരയിലും തറയിലുമെല്ലാം മുമ്പ് ചാണകം മെഴുകിയിരുന്നു. ഇത് ചൂട് കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം, വാഹനത്തില്‍ ഇത് എത്രത്തോളം പ്രായോഗികമാണെന്നതില്‍ വ്യക്തതയില്ല. മധ്യപ്രദേശിലെ കനക് ന്യൂസ് എന്ന മാധ്യമത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചാണകം പൂശിയ ആള്‍ട്ടോയുടെ വാര്‍ത്ത പുറത്തുവരുന്നത്. 

ഇത് ആദ്യമായല്ല ചൂടിനെ നേരിടുന്നതിനായി വാഹനത്തില്‍ ചാണകം പൂശുന്ന സംഭവം വാര്‍ത്തകളില്‍ ഇടംനേടുന്നത്. മുമ്പ് മഹാരാഷ്ട്രയില്‍ ടൊയോട്ട കൊറോള ഓള്‍ട്ടിസിന്റെ ബോഡിയിലും മറ്റ് വാഹനങ്ങളിലും ചാണകം പൂശിയതിന്റെ വാര്‍ത്തയും ശ്രദ്ധനേടിയിരുന്നു. മഴ വരുന്നതോടെ വാഹനത്തില്‍ പൂശിയിരിക്കുന്ന ചാണകം ഒഴുകി പോയേക്കും. എന്നാല്‍, ഇത് വാഹനത്തിന്റെ പെയിന്റിനെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.