സൈബർ ആക്രമണത്തെത്തുടർന്ന് ജഗ്വാർ ലാൻഡ് റോവർ (JLR) തങ്ങളുടെ പ്ലാൻ്റ് ഷട്ട്ഡൗൺ ഒക്ടോബർ ഒന്നുവരെ നീട്ടി. സെപ്റ്റംബർ ഒന്നിനുണ്ടായ വലിയ സൈബർ ആക്രമണം കമ്പനിയുടെ യുകെയിലെ പ്രവർത്തനങ്ങളെ താറുമാറാക്കിയിരുന്നു. ഇതോടെ ഒരു കാർ പോലും പ്ലാൻ്റുകളിൽ ഇപ്പോൾ നിർമിക്കുന്നില്ല. ബിബിസി റിപ്പോർട്ട് ചെയ്ത കണക്കുകൾ പ്രകാരം, JLR-ൻ്റെ യുകെ പ്ലാൻ്റുകളിൽ ഏകദേശം 30,000 പേർ നേരിട്ട് ജോലി ചെയ്യുന്നുണ്ട്.
കൂടാതെ, ഒരു ലക്ഷത്തോളം ജോലികൾ അതിൻ്റെ വിതരണ ശൃംഖലയേയും ആശ്രയിച്ചിരിക്കുന്നു. ഈ ജോലികളിൽനിന്നുള്ള വരുമാനത്തെ ആശ്രയിച്ച് ജീവിക്കുന്ന അറുപതിനായിരത്തോളം ആളുകൾ വേറെയുമുണ്ട്. പ്രധാന കേന്ദ്രങ്ങളിലെ ഉത്പാദനത്തെ ബാധിക്കുകയും വിതരണ ശൃംഖലയെ സമ്മർദ്ദത്തിലാക്കുകയും വാഹന മേഖലയിലെ സൈബർ സുരക്ഷയെക്കുറിച്ച് പുതിയ ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്നതാണ് സൈബർ ആക്രമണം.
എന്താണ് സംഭവിച്ചത്, എന്തുകൊണ്ട് ഷട്ട്ഡൗൺ തുടരുന്നു
ഓഗസ്റ്റ് 31-നാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. ജഗ്വാർ ലാൻഡ് റോവർ അവരുടെ ഐടി സിസ്റ്റങ്ങളിൽ പുറത്തുനിന്നുള്ള അസാധാരണമായ പ്രവേശനം കണ്ടെത്തി. കൂടുതൽ നാശനഷ്ടങ്ങൾ തടയുന്നതിനും പ്രത്യാഘാതങ്ങൾ നേരിടുന്നതിനും സോളിഹൾ, ഹെയ്‌ൽവുഡ്, വോൾവർഹാംപ്ടൺ എന്നിവിടങ്ങളിലെ പ്ലാൻ്റുകളിൽ ഉത്പാദനം നിർത്തിവെക്കേണ്ടി വന്നു.
തുടക്കത്തിൽ സെപ്റ്റംബർ പകുതിയോടെ പ്രവർത്തനം പുനരാരംഭിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഷട്ട്ഡൗൺ ഔദ്യോഗികമായി ഒക്ടോബർ ഒന്നു വരെ നീട്ടിയിരിക്കുകയാണ്. അന്വേഷണങ്ങൾ പൂർത്തിയാക്കാനും സുരക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കുന്നതിനും കൂടുതൽ സമയം ആവശ്യമാണെന്നും JLR പറയുന്നു.
ഉത്പാദനം, സാമ്പത്തികം, വിതരണ ശൃംഖല എന്നിവയിലെ പ്രത്യാഘാതങ്ങൾ
യുകെയിലെ പ്ലാൻ്റുകൾ പ്രതിദിനം ഏകദേശം 1,000 കാറുകൾ നിർമിക്കുന്നതിനാൽ ജഗ്വാർ ലാൻഡ് റോവറിൻ്റെ ഉത്പാദനത്തെ സൈബർ ആക്രമണം കാര്യമായി ബാധിച്ചു. ഈ ഷട്ട്ഡൗൺ കാരണം ഓരോ ആഴ്ചയും 50 ദശലക്ഷം പൗണ്ടിൻ്റെ വരുമാന നഷ്ടം JLR-ന് ഉണ്ടാകുന്നതായി റിപ്പോർട്ടുണ്ട്.
കമ്പനിയുടെ 'ജസ്റ്റ്-ഇൻ-ടൈം' വിതരണ സംവിധാനത്തെ ആശ്രയിച്ചിരുന്ന വിതരണക്കാർ ഇപ്പോൾ വലിയ സമ്മർദ്ദത്തിലാണ്. അവരിൽ ഭൂരിഭാഗവും സാമ്പത്തിക പ്രതിസന്ധി നേരിടുകയോ പ്രവർത്തനം നിർത്തുകയോ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ, JLR-ൻ്റെ വിതരണക്കാർക്ക് സഹായം നൽകാൻ ബ്രിട്ടീഷ് സർക്കാർ പദ്ധതിയിടുന്നുണ്ട്. ഇതിൽ ഘടകഭാഗങ്ങൾ നേരിട്ട് വാങ്ങുകയോ വായ്പകൾ നൽകുകയോ ഉൾപ്പെട്ടേക്കാം.
സുരക്ഷിതവും നിയന്ത്രിതവുമായ രീതിയിൽ പ്രവർത്തനം പുനരാരംഭിക്കുന്നതിനായി JLR, യുകെയുടെ നാഷണൽ സൈബർ സെക്യൂരിറ്റി സെൻ്ററുമായും നിയമപാലകരുമായും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. നിലവിൽ, പൂർണമായ ഉത്പാദനം പുനരാരംഭിക്കുന്നതിന് മുൻപായി വിതരണക്കാർക്ക് പണം നൽകുന്നതിനും പ്രധാനപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമാണ് കമ്പനി മുൻഗണന നൽകുന്നത്.
Content Highlights: Jaguar Land Rover extends UK plant shutdown to October 1st following a cyberattack, impacting production and supply chain. The company is working with authorities to investigate and enhance security.
Published: 25 Sept 2025, 07:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented