അമേരിക്കൻ വിപണികളിൽ വാഹനങ്ങൾ വികസിപ്പിക്കുന്നതിന് വിപുലമായ സാധ്യതകൾ കണ്ടെത്തുന്നതിനായി സ്റ്റെല്ലാന്റിസുമായി ധാരണാപത്രം ഒപ്പുവെച്ച് ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ജാഗ്വാർ ലാൻഡ് റോവർ. വാഹനങ്ങൾക്കൊപ്പം ഇവയ്ക്കുള്ള സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിനുള്ള സഹകരണം ലക്ഷ്യമിട്ടാണ് ഈ രണ്ട് വാഹന നിർമാതാക്കളും ധാരണപത്രത്തിൽ ഒപ്പുവെച്ചിരിക്കുന്നത്.

To advertise here,

അമേരിക്കൻ വാഹന വിപണിയിലെ ഒരു സുപ്രധാന കമ്പനിയുമായി ആദ്യമായാണ് ജാഗ്വാർ ലാൻഡ് റോവർ ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നത്. ഇരു കമ്പനികളും തമ്മിലുള്ള സഹകരണം പുതിയ അവസരങ്ങൾ തുറക്കുന്നതിന് വഴിയൊരുക്കുമെന്നാണ് ജെഎൽആർ പ്രതീക്ഷിക്കുന്നത്. സ്റ്റെല്ലാന്റിസുമായുള്ള സഹകരണത്തിലൂടെ അമേരിക്കൻ വിപണിയിൽ ദീർഘകാലാടിസ്ഥാനത്തിനുള്ള വളർച്ചയ്ക്ക് വഴിയൊരുക്കുമെന്നും ജെഎൽആർ മേധാവി പി.ബി.ബാലാജി പറയുന്നു.

ഇരു കമ്പനികൾക്കും പരസ്പരം പ്രയോജനപ്പെടുന്ന ഉത്പന്നങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ ഒരുക്കുകയാണ് ജെഎൽആർ-സ്റ്റെല്ലാന്റിസ് കമ്പനികളുടെ സുപ്രധാന ലക്ഷ്യം. ഇതിനൊപ്പം തന്നെ ഞങ്ങളുടെ ഉപയോക്താക്കൾ ആഗ്രഹിക്കുന്ന വാഹനങ്ങളും എക്‌സ്പീരിയൻസും ഉറപ്പാക്കുകയെന്നതും ഞങ്ങളുടെ ലക്ഷ്യമാണെന്നും സ്റ്റെല്ലാന്റിസ് സിഇഒ അന്റോണിയോ ഫിലോസ അഭിപ്രായപ്പെട്ടു.

ഇന്ത്യയിൽ സ്റ്റെല്ലാന്റിസിന്റെ വാഹന നിർമാണം, എൻജിനീയറിങ്, വാഹന വിതരണ നെറ്റ്‌വർക്കുകൾ എന്നിവയിലുടനീളം പ്രദേശിക, ആഗോള സഹകരണം ഉറപ്പാക്കുന്നതിനായി സ്റ്റെല്ലാന്റിസ് ടാറ്റ മോട്ടോഴ്‌സുമായി 2026 ഫെബ്രുവരിയിൽ ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു. ടാറ്റ മോട്ടോഴ്‌സും സ്‌റ്റെല്ലാന്റിസും തമ്മിൽ 20 വർഷത്തെ നിർമാണ പങ്കാളിത്തമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ടാറ്റയുടെയും ജാഗ്വാർ ലാൻഡ് റോവറിന്റെയും ഇലക്ട്രിക് വാഹനങ്ങൾ ഒരു പൊതുവായ പ്ലാറ്റ്‌ഫോമിൽ നിർമിക്കുന്നതിന് ടാറ്റ മോട്ടോഴ്‌സും ജെഎൽആറും ഇതിനോടം തന്നെ ധാരണയിൽ എത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ റാണിപേട്ടിലുള്ള ടാറ്റയുടെ പ്ലാന്റിലായിരിക്കും ഈ വാഹനങ്ങൾ നിർമിക്കുക. അതുപോലെ അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പിന്റെ ഒരു എസ്‌യുവി നിർമിക്കുന്നതിന് ടാറ്റയുടെ പ്ലാറ്റ്‌ഫോം നൽകുമെന്നും റിപ്പോർട്ടുണ്ട്.