ആഡംബര വാഹനങ്ങളിലെ സൂപ്പര്‍ കാര്‍ എന്ന വിശേഷിപ്പിക്കാന്‍ സാധിക്കുന്ന വാഹന നിര്‍മാതാക്കളാണ് ബ്രിട്ടീഷ് കമ്പനിയായ ആസ്റ്റണ്‍ മാര്‍ട്ടിന്‍. പെര്‍ഫോമെന്‍സിലും ആഡംബര സംവിധാനങ്ങളിലും നിരവധി വാഹനങ്ങള്‍ എത്തിച്ചിട്ടുള്ള ആസ്റ്റണ്‍ മാര്‍ട്ടിന്‍ നിരത്തുകളിലെ കൊടുങ്കാറ്റാവാന്‍ പുതിയ ഒരു മോഡല്‍ കൂടി എത്തിച്ചിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും കരുത്തനായ എസ്.യു.വി. എന്ന് നിര്‍മാതാക്കള്‍ വിശേഷിപ്പിച്ചിട്ടുള്ള DBX707 എന്ന വാഹനമാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ എത്തിച്ചിട്ടുള്ളത്. 

To advertise here,

3.3 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചാണ് നിര്‍മാതാക്കള്‍ ഏറ്റവും വേഗമേറിയ എസ്.യു.വി. എന്ന അവകാശപ്പെട്ടിരിക്കുന്നത്. 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി8 എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 697 ബി.എച്ച്.പി. പവറും 900 എന്‍.എം. ടോര്‍ക്കുമാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്. റെഗുലര്‍ DBX-നെക്കാള്‍ 155 ബി.എച്ച്.പി. അധിക പവറും 200 എന്‍.എം. അധിക ടോര്‍ക്കുമാണ് DBX707 ഉത്പാദിപ്പിക്കുന്നത്. 

ആസ്റ്റണ്‍ മാര്‍ട്ടിന്റെ ഫ്‌ളാഗ്ഷിപ്പ് പെര്‍ഫോമെന്‍സ് എസ്.യു.വിയാകുന്ന ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ള ക്ലെച്ചും അല്‍പ്പം സ്‌പെഷ്യലാണ്. ഒമ്പത് സ്പീഡ് വെറ്റ് ക്ലെച്ചാണ് ഓട്ടോമാറ്റികാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. മറ്റ് ഏത് ഗിയര്‍ബോക്‌സുകളെയും അപേക്ഷിച്ച് അതിവേഗത്തിലുള്ള ഗിയര്‍ ചെയ്ഞ്ചിലാണ് വെറ്റ് ക്ലെച്ച് ഉറപ്പാക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. വാഹനത്തിന് ഉയര്‍ന്ന വേഗമെടുക്കാന്‍ സാധിക്കുന്നതില്‍ ട്രാന്‍സ്മിഷനും ഉയര്‍ന്ന റോള്‍ ഉണ്ടെന്നാണ് കമ്പനിയുടെ വാദം.

placeholder
ആസ്റ്റണ്‍ മാര്‍ട്ടിന്‍ | Photo: Aston Martin

കാര്‍ബണ്‍ സെറാമിക് ബ്രേക്കുകള്‍ ഈ വാഹനത്തിന്റെ അടിസ്ഥാന ഫീച്ചറായി നല്‍കിയിട്ടുള്ളതും സുരക്ഷ കൂടുതല്‍ കാര്യക്ഷമമാക്കും. മുന്നില്‍ 420 എം.എമ്മും പിന്നില്‍ 390 എം.എമ്മും വലിപ്പമുള്ള ഡിസ്‌ക്കുകളും സിക്‌സ് പിസ്റ്റണ്‍ കാലിപ്പറുകളും സുരക്ഷയുടെ മാറ്റ് കൂട്ടുന്നുണ്ട്. ബ്രേക്ക് കൂളിങ്ങ് ഉറപ്പാക്കുന്നതിനായി വാഹനത്തിലെ പ്രധാനപ്പെട്ട കൂളിങ്ങ് ഇന്‍ ടേക്കില്‍ നിന്നും ഫ്‌ളോറിന് താഴെ നിന്നും എയര്‍ സ്വീകരിക്കുന്നുണ്ട്. ഫ്രിക്ഷന്‍ ഫ്രീ ബ്രേക്കിങ്ങിനായി ഹൈ പെര്‍ഫോമെന്‍സ് ബ്രേക്ക് പാഡുകളാണ് നല്‍കിയിട്ടുള്ളത്. 

ആസ്റ്റണ്‍ മാര്‍ട്ടിന്‍ DBX- എസ്.യു.വിക്ക് സമാനമായ ഡിസൈനിലാണ് ഈ വാഹനവും ഒരുക്കിയിട്ടുള്ളത്. മുഖം പൂര്‍ണമായും കവര്‍ ചെയ്യുന്ന ഡി.ബി.ഗ്രില്ല്, ബോണറ്റിലേക്ക് ഉള്‍വലിഞ്ഞിരിക്കുന്ന പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഹെഡ്ലാമ്പ്, സ്പോര്‍ട്സ് വാഹനങ്ങളോട് കിടപിടിക്കുന്ന ബംബര്‍, ഡി.ആര്‍.എല്‍, പവര്‍ ലൈനുകള്‍ നല്‍കി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള ബോണറ്റ്, 22 ഇഞ്ച് വലിപ്പത്തിലുള്ള അലോയി വീലുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് ഡിസൈന്‍.

Content Highlights: Aston Martin DBX707, Flagship SUV by British Luxury car maker Aston Martin, High Performance SUV