നടൻ ഫഹദ് ഫാസിൽ കേരളത്തിലെ ആദ്യ ഫെരാരി പ്യൂറോസങ് സ്വന്തമാക്കിയത് അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. ലംബോര്‍ഗിനിയുടെ സൂപ്പര്‍ എസ്‌യുവി ഉറുസ് മുതല്‍ ടൊയോട്ടയുടെ ആഡംബര എംപിവി വെൽഫെയർ വരെയുള്ള ഫഹദ് ഫാസിലിന്റെ ഗ്യാരേജിലേക്ക് ഏറ്റവും ഒടുവില്‍ എത്തിയ വാഹനമാണ് ഫെരാരിയുടെ വാഹന നിരയിലെ ഒരേയൊരു എസ്‌യുവി മോഡലായ പ്യൂറോസങ്. കഴിഞ്ഞമാസമായിരുന്നു അദ്ദേഹം പ്യൂറോസങ് വാങ്ങിയത്.

To advertise here,

ഇപ്പോഴിതാ, തൻ്റെ കാർ ശേഖരത്തിലേക്ക് ഇതേ സ്വപ്ന വാഹനം ചേർത്തിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം അഭിഷേക് ശർമ. ഏകദേശം 10.5 കോടി രൂപ വിലമതിക്കുന്ന തന്റെ പ്യൂറോസങ്ങിനൊപ്പമുള്ള മൂന്ന് ചിത്രങ്ങൾ ഈ യുവ ബാറ്റ്സ്മാൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.

ഡെനിം ജാക്കറ്റും സൺഗ്ലാസും ധരിച്ച് വളരെ സ്റ്റൈലായി ഡ്രൈവിങ് സീറ്റിൽ അദ്ദേഹം ഇരിക്കുന്നത് കാണാം. ബ്ലാക്ക് എക്സ്റ്റീരിയറും റെഡ് ഇന്റീരിയറുമാണ് വാഹനത്തിന്റെ പ്രത്യേകത. ഇത് വാഹനത്തിന് കരുത്തും ഒപ്പം സ്പോർട്ടി ലുക്കും നൽകുന്നു.

അഭിഷേകിന്റെ ഫെരാരിയെ അടുത്തറിയാം

ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ഫെരാരി ഇതുവരെ നിർമിച്ചതിൽവെച്ച് ഏറ്റവും സവിശേഷമായ മോഡലുകളിലൊന്നാണ് ഫെരാരി പ്യൂറോസങ്.

കരുത്തുറ്റ V12 എൻജിനാണ് ഇതിലുള്ളത്. 6.5 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനാണിത്. 725 പിഎസ് പവറും 716 എന്‍എം ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്.

എഫ് 1 ഗിയര്‍ബോക്‌സ് എന്ന് അറിയപ്പെടുന്ന എട്ട് സ്പീഡ് വെറ്റ് ക്ലെച്ച് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. വെറും 3.3 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും.

മിക്ക ഫെരാരികളിൽനിന്നും വ്യത്യസ്തമായി, ഇതിന് നാല് ഡോറുകളും നാല് സീറ്റുകളുമുണ്ട്. ആഡംബരവും സൗകര്യവും വേഗതയും ഒരുമിപ്പിക്കുന്ന ഒരു മികച്ച പാക്കേജാണിത്.

കമ്പനിയുടെ ആദ്യത്തെ "ഫെരാരി യൂട്ടിലിറ്റി വെഹിക്കിൾ" എന്ന് അറിയപ്പെടുന്ന പ്യൂറോസങ് ഒരു സൂപ്പർകാറിന്റെ പ്രകടനവും ഒരു എസ്‌യുവിയുടെ സ്ഥലസൗകര്യവും ഒരുമിപ്പിക്കുന്നു. ഗംഭീര എക്‌സ്‌ഹോസ്റ്റ് ശബ്ദവും ഡൈനാമിക് സ്റ്റിയറിങും 310 എന്ന ഉയർന്ന വേഗതയും ഏതൊരു കാർ പ്രേമിയുടെയും സ്വപ്നമാക്കി പ്യൂറോസങിനെ മാറ്റുന്നു.

പോസ്റ്റിന് താഴെ ആരാധകരുടെ പ്രതികരണപ്രവാഹം

“V12” എന്ന ലളിതമായ അടിക്കുറിപ്പോടെ അഭിഷേക് പങ്കുവെച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ പെട്ടെന്ന് ശ്രദ്ധനേടി. അദ്ദേഹത്തിന്റെ വിജയത്തേയും പുതിയ കാറിനെയും പ്രശംസിച്ച് ആരാധകർ കമന്റ് ബോക്സ് നിറച്ചു.

അദ്ദേഹം ഇപ്പോൾ "വിജയത്തിലേക്ക് സ്റ്റൈലായി ഓടിച്ചുകയറുകയാണ്" എന്നാണ് ചിലർ തമാശയായി കുറിച്ചത്. മറ്റുചിലർ ഫെരാരിയെ "അദ്ദേഹത്തിന്റെ പവർ-ഹിറ്റിംഗിന് തികച്ചും അനുയോജ്യമായ വാഹനം" എന്ന് വിശേഷിപ്പിച്ചു.

ഏഷ്യാ കപ്പ് 2025-ലെ മികച്ച പ്രകടനത്തിന് തൊട്ടുപിന്നാലെയാണ് അഭിഷേക് ശർമയുടെ ഈ പുതിയ വാഹനം സ്വന്തമാക്കൽ. ഏഴ് ഇന്നിങ്സുകളിൽനിന്നായി 314 റൺസ് നേടി ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി അദ്ദേഹം മാറിയിരുന്നു. സ്ഥിരതയാർന്ന പ്രകടനവും, പ്രത്യേകിച്ച് പാകിസ്ഥാനെതിരെ 39 പന്തിൽ നേടിയ 74 റൺസും അഭിഷേകിന് പ്ലെയർ ഓഫ് ദ ടൂർണമെന്റ് പട്ടം നേടിക്കൊടുത്തു.

ടൂർണമെന്റിലെ സമ്മാനമായി ലഭിച്ച ഹവാൽ H9 എസ്‌യുവി ചില ചർച്ചകൾക്ക് വഴിവെച്ചിരുന്നെങ്കിലും, അദ്ദേഹം സ്വന്തമായി വാങ്ങിയ ഫെരാരി പ്യൂറോസങ്ങാണ് യഥാർഥത്തിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്.