
തൃശ്ശൂര്‍: നഗരത്തെ ആവേശത്തിമിര്‍പ്പിലേക്കാനയിച്ച് പുലിക്കളി സംഘങ്ങള്‍ ഇറങ്ങി. മനോഹരമായ ചായക്കൂട്ടുകള്‍ കൊണ്ട് പുലിവേഷത്തിലേക്ക് പ്രവേശിച്ച കലാകാരന്‍മാരുടെ അരമണിക്കിലുക്കങ്ങള്‍ നഗരവീഥികളില്‍ നിരന്ന് കാണികളിലേക്ക് ആഘോഷത്തിന്റെ ആവേശം പകര്‍ന്നു. വാദ്യതാളങ്ങള്‍ക്കൊപ്പം പുലിക്കളി സംഘങ്ങള്‍ ചുവടുവെയ്ക്കുകയാണ്. ഒന്‍പത് ദേശങ്ങളുടേതായി ഒന്‍പത് സംഘങ്ങളാണ് നഗരത്തിലേക്കിറങ്ങിയിരിക്കുന്നത്. കയ്യടികള്‍ ഏറ്റുവാങ്ങി വലിയ പുലികള്‍, ചെറിയ പുലികള്‍, വലിയ വയറുള്ള പുലികള്‍, വിവിധ വര്‍ണങ്ങളിലുള്ള പുലികളാണ് പതിയെ ചുവടുവെച്ച് നീങ്ങുന്നത്.
സംഘങ്ങളുടെ ചെണ്ടയുടെ മേളം സമാനമാണെങ്കിലും ചുവടുകള്‍ വ്യത്യസ്തമാണ്. ഇവരുടെ ചുവടുകള്‍ അടിസ്ഥാനമാക്കിയാണ് വിജയികളെ നിശ്ചയിക്കുന്നത്. നിലവില്‍ വിയ്യൂരാണ് ചാമ്പ്യന്‍മാര്‍. ഇത്തവണയും തങ്ങള്‍ കപ്പടിക്കുമെന്നുറപ്പിച്ച് വിയ്യൂരും മറ്റ് ദേശങ്ങളും നീങ്ങുന്നു. ചുവടുകളില്‍ സസ്‌പെന്‍സുകള്‍ ഒളിപ്പിച്ചുവെച്ചാണ് പുലിക്കളി സംഘങ്ങള്‍ നീങ്ങുന്നത്. മാര്‍ക്കിടുന്നതിനായി വിവിധയിടങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും കാണികള്‍ തിങ്ങിനിറഞ്ഞിരിക്കുകയാണ്. സംഘങ്ങള്‍ക്കൊപ്പം ടാബ്ലോകളും നീങ്ങുകയാണ്. പുലികള്‍ക്കൊപ്പം കുട്ടികളുള്‍പ്പെടെയുള്ള കാണികളും ചുവടുവെക്കുന്ന കൗതുക കാഴ്ചകളും കാണാം. മറ്റ് ജില്ലകളില്‍ നിന്നുള്ള കാണികളും തൃശ്ശൂരിലെത്തിയിട്ടുണ്ട്.
മെറ്റാലിക് പുലികളുമായാണ് വിയ്യൂർ യുവജനസംഘം ഒരുങ്ങുന്നത്. ഇതാദ്യമായാണ് പുലിക്കളിയിൽ മെറ്റാലിക് നിറം ഉപയോഗിക്കുന്നത്. പുലികൾ കൂടുതൽ തിളങ്ങുമെന്നതാണ് ഇതിന്റെ പ്രത്യേകത. നീല, പച്ച, വയലറ്റ് മെറ്റാലിക് നിറങ്ങളാണ് ഉപയോഗിക്കുന്നത്. കൂടാതെ കഴിഞ്ഞ വർഷത്തെ പരീക്ഷണങ്ങൾ കൂടുതൽ ശക്തമായി നടപ്പാക്കുന്നുമുണ്ട് ഇവർ. പുലികൾക്ക് നഖമുള്ള ചെരിപ്പും കൈയുറയും അണിയിക്കുന്നതാണ് ഇതിലൊന്ന്. മറ്റൊന്ന് പുലികൾക്ക് വാലുകൂടി നൽകും. കഴിഞ്ഞ വർഷം വിരലിലെണ്ണാവുന്ന പുലികൾക്കാണ് വാലുണ്ടായിരുന്നത്. ഇത്തവണ 51 പുലികൾക്കും വാലുണ്ടാകും.
അയ്യന്തോൾസംഘത്തിലെ പുലികൾ പുലിക്കുട ചൂടും. പുലിമുഖങ്ങൾ പതിച്ച സുതാര്യമായ കുടകളാണ് ഉപയോഗിക്കുക. ഇത് മാർക്കിടുന്ന സ്ഥലങ്ങളിൽ ഉപയോഗിക്കില്ല. മറ്റിടങ്ങളിൽ 51 പുലികളും ഒരേസമയം കുട ഉയർത്തുകയും മറ്റും ചെയ്യും. കൂടാതെ പുലിപ്പട്ട എന്നൊരു സംവിധാനവും ഇത്തവണ ഏർപ്പെടുത്തിയിട്ടുണ്ട്. അരമണി കെട്ടുമ്പോൾ ഉണ്ടാകുന്ന പരിക്കുകൾ ഒഴിവാക്കാനാണിത്. കൂടാതെ കുഞ്ഞുപുലിത്താളക്കാരും അച്ഛൻ-മകൻ പുലിയുമെല്ലാം ഇവരുടെ പ്രത്യേകതയാണ്.
ത്രീഡി ഡിജിറ്റൽ പുലിവണ്ടിയാണ് സീതാറാം മിൽ ലെയ്‌ൻ ദേശത്തിന്റെ തുറുപ്പുചീട്ട്. ആദ്യമായാണ് ഇത്തരം ഒരു പുലിവണ്ടി വരുന്നത്. ‘അവതാർ’ സിനിമയെ ആസ്പദമാക്കിയാണ് ഡിജിറ്റൽ പുലിവണ്ടിയൊരുക്കുന്നത്. ശില്പി പ്രസാദ് ആണ് ഇതിന്റെ ആശയവും ദൃശ്യങ്ങളും ഒരുക്കിയത്. മനീഷ്‌കുമാർ ആണ് സജ്ജീകരണം. ഓസ്‌കർ ഇവന്റ്‌സ് ആണ് ഡിജിറ്റൽ ക്രിയേഷൻ. നിരവധി മലയാളം, തമിഴ് സിനിമകൾക്ക് വിഷ്വൽ എഡിറ്റിങ് നിർവഹിച്ചിരിക്കുന്ന അഖിൽപ്രകാശ് ആണ് ദൃശ്യങ്ങളുടെ സംയോജനം നിർവഹിച്ചിരിക്കുന്നത്. ശബ്ദങ്ങളും കാഴ്‌ചകളുമെല്ലാം പുത്തൻ അനുഭവമാകും. ത്രീഡി ഡിജിറ്റൽ പുലിവണ്ടിയെന്നാണ് സംഘാടകർ പറയുന്നത്.
തൃശ്ശൂരിന്റെ സ്വന്തം പുലിക്കളി ഉത്സവം കാണാൻ ഇത്തവണയെത്തുന്നത് 11 രാജ്യങ്ങളിൽനിന്നുള്ള സംഘം. സർക്കാരിന്റെ അതിഥികളായെത്തുന്ന സംഘം കഴിഞ്ഞ ദിവസം തൃശ്ശൂരിലെത്തി. കേരള ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂരിൽ ശ്രീജീവം ഉത്തരവാദിത്വ ടൂറിസം മിഷൻ ക്ലബ്ബിന്റെ സംഘാടനത്തിലാണ് വിദേശ ടൂറിസം പ്രതിനിധിസംഘം എത്തുന്നത്. യുകെ, ഫ്രാൻസ്, ദക്ഷിണകൊറിയ, ഇൻഡൊനീഷ്യ, തായ്‌ലാൻഡ്, വിയറ്റ്‌നാം, തയ്‍വാൻ, നേപ്പാൾ, ശ്രീലങ്ക, റൊമാനിയ എന്നീ രാജ്യങ്ങളിൽനിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുമുള്ള ഉത്തരവാദിത്വ ടൂറിസം നേതാക്കൾ, അക്കാദമീഷ്യൻമാർ, ടൂർ ഓപ്പറേറ്റർമാർ എന്നിവരാണ് സംഘത്തിലുള്ളത്. പുലിക്കളിമെയ്യെഴുത്ത്, ചുവട്, താളം എന്നിവ അറിയുകയും പുലികളുമായി സംഘം സംവദിക്കുകയും ചെയ്യും. സീതാറാം മിൽ ലെയ്‌ൻ ദേശം ഉൾപ്പെടെ ഇവർ സന്ദർശിക്കും.
തേക്കിൻകാട് മൈതാനത്തും നടപ്പാതയിലും സുരക്ഷിതയിടങ്ങളിൽ ജനങ്ങൾക്കു പുലിക്കളി ആസ്വദിക്കാം. ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങളിലും വൃക്ഷങ്ങളിലും കയറുന്നത് നിരോധിച്ചു. ക്രമസമാധാനപാലനത്തിനും ഗതാഗതക്രമീകരണത്തിനുമായി തൃശ്ശൂർ അസി. കമ്മിഷണറുടെ കീഴിൽ വിവിധ സെക്ടറുകളാക്കി തിരിച്ച് പ്രധാന സ്ഥലങ്ങളിൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ജനക്കൂട്ടത്തിനിടയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേ അതിക്രമങ്ങൾ ഇല്ലാതാക്കാൻ പ്രത്യേകം മഫ്ടി പോലീസുദ്യോഗസ്ഥരെയും ഷാഡോ പോലീസിനെയും നിയോഗിച്ചിട്ടുണ്ട്. രാത്രി 10-ന് നടക്കുന്ന സമാപനച്ചടങ്ങോടെയാണ് പുലിക്കളി പൂർണമാകുക. അതുവരെ പുലികൾ റൗണ്ടിൽ നിറഞ്ഞാടും. സമാപനത്തിൽ പുലികൾക്കുള്ള സമ്മാനം വിതരണം ചെയ്യും. പുലിക്കളിയോടെയാണ് തൃശ്ശൂരിന്റെ ഓണാഘോഷം തീരുക.
Content Highlights: The vibrant Puli Kali festival in Thrissur, Kerala. Colorful tigers dance through the streets
Published: 08 Sept 2025, 06:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented