ഓച്ചിറ : വൃശ്ചികോത്സവത്തോടനുബന്ധിച്ച് പടനിലത്ത് സംഘടിപ്പിച്ച പരബ്രഹ്മക്ഷേത്രവും ടൂറിസം സാധ്യതകളും എന്ന വിഷയത്തിലെ സെമിനാർ ഓച്ചിറ-ഓണാട്ടുകര ടൂറിസം പദ്ധതിയുടെ അനന്തസാധ്യതകൾ വെളിവാക്കുന്നതായിരുന്നു. സെമിനാർ മുൻ എം.പി. എ.എം. ആരിഫ് ഉദ്ഘാടനം ചെയ്തു. കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എം.ഡി. ഡോ. മനോജ്കുമാർ കിണി വിഷയം അവതരിപ്പിച്ചു.
ഓണാട്ടുകരയുടെ ക്ഷേത്രോത്സവങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ, പാരമ്പര്യം എന്നിവ അടങ്ങുന്ന സംസ്കാരം, തീരദേശ ഗ്രാമീണഭംഗി, കായൽസൗന്ദര്യം മറ്റു സാധ്യതകൾ തുടങ്ങിയവ അടങ്ങുന്ന ഭൂപ്രകൃതി, ഓടനാടിന്റെ ചരിത്രം, കൊട്ടാരങ്ങൾ, ചരിത്രസ്മാരകങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന പാരമ്പര്യം, ഓണാട്ടുകരയുടെ കൃഷി, കരകൗശലം, തനത് ഭക്ഷണം, മത്സ്യബന്ധനം തുടങ്ങിയ ജീവനോപാധികൾ ഉൾപ്പെടുന്ന അനന്തമായ സാധ്യതകളാണ് ടൂറിസത്തിനായി പ്രയോജനപ്പെടുത്തുക.
ഓച്ചിറക്കളി, ഇരുപത്തെട്ടാം ഓണ കാളകെട്ട് മഹോത്സവം, പന്ത്രണ്ടുവിളക്ക് മഹോത്സവം, കൃഷ്ണപുരം കൊട്ടാരം, ശങ്കേഴ്സ് മ്യൂസിയം, സി.പി.സി.ആർ.ഐ., അഴീക്കൽ ബീച്ച്, വലിയഴീക്കലിലെ ലൈറ്റ് ഹൗസ്, കായംകുളം കായൽടൂറിസം സാധ്യതകൾ, ആയിരംതെങ്ങിലെ കണ്ടൽകാട്, മാതാ അമൃതാനന്ദമയി മഠം, ശാസ്താംകോട്ട ശുദ്ധജലതടാകം, ചേവണ്ണൂർ കളരി, ശ്രീനാരായണ ഗുരുവിന്റെ ബാല്യകാലവുമായി ബന്ധപ്പെട്ട മറ്റിടങ്ങൾ തുടങ്ങിയവയുടെ സാധ്യതകളും ഉപയോഗിക്കപ്പെടും.
ആത്മീയ ടൂറിസം
ആത്മീയ ടൂറിസത്തിന്റെ ഭാഗമായി ഓച്ചിറയുടെ ആത്മീയ പൈതൃകം, കായംകുളം എരുവ-ചെട്ടികുളങ്ങര ക്ഷേത്രങ്ങൾ, കായംകുളത്തെ ശ്രീവിഠോബ ദേവസ്ഥാനം, ശാസ്താകോട്ട അയ്യപ്പസ്വാമിക്ഷേത്രം, ചെട്ടികുളങ്ങര, കണ്ടിയൂർ, മണ്ണാറശാല, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം, മാവേലിക്കര കൃഷ്ണസ്വാമിക്ഷേത്രം തുടങ്ങിയവ,
ക്ഷേത്രകലകളായ കുത്തിയോട്ടം, ജീവത എഴുന്നള്ളത്ത്, വിവിധ കളരികൾ, ഓണാട്ടുകരയുടെ തനത് ഭക്ഷണരീതി-കരകൗശലം, തനത് പാരമ്പര്യസൗന്ദര്യം ഉൾകൊള്ളുന്ന ഗാലറി, താമസസൗകര്യം തുടങ്ങിയവയെല്ലാം പദ്ധതിയിൽ ഉൾപ്പെടും.
പദ്ധതിയുടെ പ്രചാരണാർഥം ടൂറിസം മാപ്പ്, റൂട്ട് മാപ്പ്, ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടുള്ള ശബ്ദ-ദൃശ്യ പ്രചാരണങ്ങൾ, ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള ഭൗതിക സാഹചര്യ വികസനം തുടങ്ങിയവും സാധ്യമാക്കണമെന്ന് സെമിനാർ നിർദേശിക്കുന്നു.
പ്രകൃതിക്ക് ഒരുതരത്തിലും കോട്ടംതട്ടാതെ, മന്ത്രിമാർ, മറ്റു ബന്ധപ്പെട്ടവർ, ക്ഷേത്രഭരണസമിതി തുടങ്ങിയവരുമായി ചർച്ചചെയ്തു വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം എൻജിനിയറിങ് കോളേജിന്റെ സാങ്കേതിക സഹായത്തോടെ കെ.ടി.ഐ.എൽ. നടപടികൾക്ക് തുടക്കംകുറിച്ചതായി ഡോ. മനോജ്കുമാർ കിണി പറഞ്ഞു.
Published: 23 Nov 2026, 01:06 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented