വള്ളികുന്നം: പൊതുമരാമത്ത് വകുപ്പിന്റെ കാമ്പിശ്ശേരി-കറ്റാനം റോഡിൽ കണ്ണനാകുഴി ക്ഷേത്രത്തിനു കിഴക്ക് പുനർനിർമിച്ച കലുങ്ക് ഗതാഗതത്തിനായി താത്കാലികമായി തുറന്നു. കഴിഞ്ഞദിവസമാണ് കലുങ്കുനിർമാണം പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നത്. കലുങ്കിന്റെ ഇരുവശവും റോഡിൽ 10 മീറ്ററോളം ഭാഗം അഞ്ചുമീറ്റർ വീതിയിൽ കൊരുപ്പുകട്ട പാകും. കൊരുപ്പകട്ട പാകുന്ന ഭാഗം ഗ്രാവലിട്ടുറപ്പിച്ച് അതിനുമുകളിൽ ക്വാറി വേസ്റ്റിട്ട് നിരത്തിയശേഷമാണ് വാഹനങ്ങൾ കടത്തിവിട്ടുതുടങ്ങിയത്. വാഹനങ്ങൾ ഓടിയുറച്ച ശേഷമാണ് കൊരുപ്പുകട്ട പാകുന്നത്.

To advertise here,

താമരക്കുളം-വള്ളികുന്നം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കണ്ണനാകുഴി-പള്ളിമുക്ക് ലിങ്ക് റോഡിലെ കലുങ്കാണ് പുനർനിർമിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ പ്രത്യേക ഫണ്ടിൽനിന്നുള്ള 38 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നിർമാണം.

എട്ടുമീറ്റർ വീതിയിലാണ് കലുങ്ക് പുനർനിർമിച്ചത്. മുൻപ് അഞ്ചുമീറ്റർ വീതിയാണുണ്ടായിരുന്നത്. നീരൊഴുക്കു തോടിനു കുറുകേ നിലവിലുണ്ടായിരുന്ന കലുങ്ക് കാലപ്പഴക്കംമൂലം വർഷങ്ങളായി തകർച്ചഭീഷണിയിലായിരുന്നു. ഇരുവശങ്ങളിലെയും സംരക്ഷണഭിത്തിയും തകർന്നു. പാർശ്വഭിത്തികൾ തകർന്നതിനാൽ ഒട്ടേറെ ഇരുചക്രവാഹന യാത്രികരായിരുന്നു ദിനംപ്രതി ഇവിടെ അപകടത്തിൽപ്പെട്ടിരുന്നത്. നാലുവർഷം മുൻപ് പൊതുമരാമത്ത് വകുപ്പ് റോഡ് ആധുനികരീതിയിൽ പുനർനിർമിച്ചെങ്കിലും അപകടഭീഷണിയിലായ കലുങ്കിനെ അവഗണിച്ചു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് കലുങ്ക് വീതികൂട്ടി പുനർനിർമിക്കാൻ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും ഫണ്ട് അനുവദിക്കുന്നതുൾപ്പെടെയുള്ള തുടർനടപടികൾ ഉണ്ടായില്ല.

ഇതുസംബന്ധിച്ച് മാതൃഭൂമി 2023 ഫെബ്രുവരിയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്തയെത്തുടർന്ന് കലുങ്ക് പുനർനിർമാണത്തിനു പൊതുമരാമത്ത് വകുപ്പ് ഫണ്ട് വകയിരുത്തിയെങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞ് തുടർനടപടി വൈകി. അപകടങ്ങളെത്തുടർന്ന് തകർച്ചയിലായി വർഷങ്ങൾ കഴിഞ്ഞിട്ടും കലുങ്ക് പുനർനിർമിക്കാൻ തയ്യാറാകാത്ത അധികാരികളുടെ അനാസ്ഥയ്ക്കെതിരേ അന്നത്തെ ഗ്രാമപ്പഞ്ചായത്തംഗം ടി. മന്മഥന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ സമരവും നടത്തി.

എം.എസ്. അരുൺകുമാർ എം.എൽ.എ.യുടെ ഇടപെടലിനെത്തുടർന്നാണ് പദ്ധതി ടെൻഡർചെയ്ത് കരാർ നൽകിയത്. രണ്ടുമാസം കൊണ്ടാണ് നിർമാണം പൂർത്തീകരിച്ചത്. കലുങ്കു പൊളിച്ച് പുനർനിർമാണം തുടങ്ങിയതിനെത്തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ 28 മുതൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും കടന്നുപോകുന്നതിനു നിർമാണത്തിലിരുന്ന കലുങ്കിന്റെ വശത്തുകൂടി അപ്രോച്ച് റോഡ് പണിതു നൽകിയിരുന്നു. കലുങ്കുനിർമാണം പൂർത്തീകരിച്ചതിനെത്തുടർന്ന് കഴിഞ്ഞ ശനിയാഴ്ച മുതലാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്.

കലുങ്കുനിർമാണത്തിനുശേഷം അധികരിച്ചുള്ള തുക ഉപയോഗിച്ച് ഓടയ്ക്കു മുകളിൽ കോൺക്രീറ്റ് സ്ലാബിടും. കൂടാതെ, റോഡരിക് കോൺക്രീറ്റ് ഉൾപ്പെടെയുള്ളവയും നടത്തും. രണ്ടാഴ്ചയ്ക്കുശേഷം കലുങ്കിനിരുവശവും റോഡിൽ കൊരുപ്പുകട്ട പാകും. ഇൗ സമയത്ത് ഇതുവഴിയുള്ള ഗതാഗതം വീണ്ടും താത്കാലികമായി നിരോധിക്കും.