ചേർത്തല : ചേർത്തല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ താത്ക്കാലിക സംവിധാനത്തിൽ പ്രവർത്തിച്ചിരുന്ന ഒ.പി വിഭാഗം പുതിയ മന്ദിരത്തിലേക്കു മാറ്റാനുള്ള നടപടി തടഞ്ഞ് ആരോഗ്യ വകുപ്പ്. 30 - മുതൽ പുതിയ മന്ദിരത്തിൽ ഒ.പി തുടങ്ങാൻ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായ ഘട്ടത്തിലാണ് ആരോഗ്യ വകുപ്പുമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരമെന്നപേരിൽ ഇടപെടലുണ്ടായത്. ആരോഗ്യ വകുപ്പിന്റെ നടപടിക്കെതിരെ . വ്യാപക വിമർശനം ഉയർന്നിരിക്കുകയാണു.

To advertise here,

പുതിയ മന്ദിര നിർമ്മാണത്തിന്റെ ഭാഗമായി ഇടുങ്ങിയ സ്ഥലത്താണ് നിലവിൽ ഒ.പി ബ്ലോക്ക് പ്രവർത്തിക്കുന്നത്. ദിവസേന 1200 - 1600 പേർ ഒ.പി യിൽ എത്തുന്നുണ്ട്. 88 കോടിയുടെ പുതിയ മന്ദിരം പൂർത്തിയാക്കിയിട്ടും ഒ.പി പരിമിതികളിൽ നിലനിർത്തിയത് രോഗികളുടെയും ജനങ്ങളുടെയും പരാതികൾക്കിടയാക്കിയിരുന്നു. ഇതേ തുടർന്നാണ് കഴിഞ്ഞ ദിവസം കൂടിയ ആശുപത്രി വികസന സമിതി യോഗം 30 - മുതൽ ഒ.പി. പുതിയ മന്ദിരത്തിൽ നടത്താൻ തീരുമാനിച്ചത്.

ഇതിനായി നഗരസഭയും ഇടപെട്ട് പ്രത്യേക ശുചീകരണ പ്രവർത്തനങ്ങൾ നടത്തി ഉപകരണങ്ങളെല്ലാം യുദ്ധകാല അടിസ്ഥാനത്തിൽ ക്രമീകരിച്ചത്. എന്നാൽ ഞായറാഴച രാവിലെയാണ് പുതിയ സംവിധാനത്തിൽ ഒ.പി ഇപ്പോൾ വേണ്ടെന്ന നിർദ്ദേശം വന്നത്. ഇതോടെ ക്രമീകരണങ്ങൾ പഴയ നിലയിലാക്കേണ്ടി വന്നു. എന്നിരുന്നാലും തിങ്കളാഴ്ച ഒ.പി പ്രവർത്തനത്തെ ബാധിക്കുമെന്നാണ് വിവരം.

അനിശമന സേനയുടെ എൻ.ഒ.സി ലഭിച്ചിട്ടില്ലെന്ന സാങ്കേതികതയാണ് കാരണമായി ഉയർത്തുന്നതെങ്കിലും പിന്നിൽ രാഷ്ട്രീയമാണെന്നാണ് സൂചന. കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞതിനാൽ ചടങ്ങുകളില്ലാതെ ഒ.പി. തുടങ്ങാനായിരുന്നു എച്ച്.എം.സി തീരുമാനം. എന്നാൽ ആരോഗ്യ വകുപ്പിനെ പരിഗണിക്കാതെയുള്ള തീരുമാനമാണ് ചൊടിപ്പിച്ചത്.

ഒരുമാസം മുൻപ് ചേർത്തല എം.എൽ.എ പി. പ്രസാദിന്റെ ആവശ്യപ്രകാരം ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ തിരുവനന്തപുരത്ത് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലെ തീരുമാനങ്ങളുടെ തുടർച്ചയായാണ് മുഴുവൻ വിഭാഗങ്ങളും പുതിയ കെട്ടിട സമുച്ചയത്തിലേക്ക് മാറ്റുന്നത്. ആശുപത്രിയിൽ ആറ് ഡോക്ടർമാരുടെ പുതിയ തസ്തികകളും നികത്തുന്നതിലും യോഗത്തിൽ അനുകൂല നിലപാട് മന്ത്രി എടുത്തിരുന്നു.

പുതിയ കെട്ടിടത്തിന്റെ പ്രവർത്തനത്തിന് തടസ്സമായി നിന്നിരുന്ന സാങ്കേതിക വിഷയങ്ങളിൽ വലിയ ശതമാനവും പരിഹരിച്ചാണ് മാറ്റത്തിന് കളമൊരുങ്ങുന്നത്.

ഒപിക്കു പിന്നാലേ മറ്റു വിഭാഗങ്ങളും തുടങ്ങാനിരിക്കേയാണ് അപ്രതീക്ഷിത ഇടപെടൽ. ഓപ്പറേഷൻ തിയറ്റർ, മോർച്ചറി എന്നിവിടങ്ങളിലേക്കുള്ള അത്യാധുനിക ഉപകരണങ്ങൾ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി എത്തിക്കാനും, കിഫ്ബി അനുമതിയോടെ ഹൈറ്റ്സ് മുഖേന മാലിന്യ സംസ്കരണ പ്ലാന്റ് യാഥാർഥ്യമാക്കാനുമുള്ള നടപടികളും വേഗത്തിലാക്കിയിട്ടുണ്ട്.

രോഗികളോടുള്ള വെല്ലുവിളി

ആശുപത്രിയിലെത്തുന്ന രോഗികളുടെ സൗകര്യത്തിനു പ്രാധാന്യം നൽകിയാണ് എച്ച്.എം.സിയും നഗരസഭയും ഒ.പി സൗകര്യപ്രദമാകുന്ന തരത്തിൽ മാറ്റാൻ തീരുമാനിച്ചതെന്ന് നഗരസഭ ചെയർമാൻ എസ്. സോബിനും ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ എസ്. സനീഷും പറഞ്ഞു. ഇതു തടഞ്ഞത് രോഗികളോടും ചേർത്തലയോടും കാട്ടുന്ന വെല്ലുവിളിയാണ്.

മനുഷ്യത്വമില്ലാത്ത നടപടി

ആശുപത്രിയിൽ പോലും രാഷ്ട്രീയ നേട്ടത്തിനായി രോഗികളെ ദ്രോഹിക്കുന്നത് അംഗീകരിക്കാനാകില്ല. ആരോഗ്യ വകുപ്പ് നടപടി മനുഷ്യത്വമില്ലാത്തതാണ്

ഡി. ജ്യോതിഷ്

കൗൺസിലർ