തുറവൂർ: അരൂർ-തുറവൂർ ഉയരപ്പാതയിൽ കോം​പോസിറ്റ് ഗർഡർ സ്ഥാപിച്ച ഇടങ്ങളിൽ ഭാരപരിശോധന തുടങ്ങി. കുത്തിയതോട്, ചന്തിരൂർ എന്നിവിടങ്ങളിലാണ് ഞായറാഴ്ച ഉച്ചയ്ക്ക്

To advertise here,

വിദഗ്‌ധസംഘം പരിശോധന നടത്തിയത്. സ്റ്റീൽ ബീമും കോൺക്രീറ്റ് സ്ലാബും ചേർത്തുള്ള നിർമിതിയാണ് കോംപോസിറ്റ് ഗർഡർ.

കുറഞ്ഞ ചെലവിൽ നിർമിക്കാനാകുന്ന ഗർഡറുകൾക്ക് കൂടുതൽ ഭാരം താങ്ങാനാകുമെന്നതാണ് പ്രത്യേകത. വാഹനങ്ങൾ പാലത്തിലേക്കു കയറ്റുമ്പോൾ സ്റ്റീൽ ബീമിനും കോൺക്രീറ്റ് സ്ലാബിനുമുണ്ടാകുന്ന സമർദം, വളവ്, താഴ്‌ച എന്നിവ കൃത്യമായളക്കും. ഇതിനായി പാലത്തിന്റെ വിവിധ ഭാഗങ്ങളിൽ മൈക്രോ ഓട്ടോലെവൽ മെഷിനാണ്‌ ഉപയോഗിച്ചത്. 36 ടൺ വീതം ഭാരംവരുന്ന ഒൻപത് ടോറസ് ലോറികൾ ഘട്ടംഘട്ടമായി മുകളിലേക്കു കയറ്റി. തുടർന്ന് മൈക്രോ ഓട്ടോലെവൽ മെഷിൻ ഉപയോഗിച്ച് പാലത്തിലെ ചലനങ്ങൾ നിരീക്ഷിച്ചു. പരിശോധന പൂർത്തിയാക്കാൻ നാലുദിവസം വേണ്ടിവരും. പാലത്തിന് എത്രത്തോളം ഭാരം താങ്ങാനാകുമെന്നും ഭാരം കയറുമ്പോൾ പാലത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന വ്യതിയാനങ്ങൾ എത്രയാണെന്നും പരിശോധിക്കുകയാണ്

ലക്ഷ്യം. പില്ലർ നമ്പർ 58 മുതൽ 65 വരെയുള്ള നാലു സ്‌പാനിൽ കഴിഞ്ഞദിവസം ഭാരപരിശോധന നടത്തിയിരുന്നു.

വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് അധികൃതർ പറയുന്നത്. പാതയുടെ നിർമാണം പൂർത്തിയാക്കി

2027 മാർച്ചിൽ പാത ഗതാഗതത്തിനായി തുറക്കും.