കട്ടപ്പന: ഉത്പാദനം കുറഞ്ഞതോടെ ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ നാടൻമഞ്ഞളിന് വിലയേറി. ഉണങ്ങിയ മഞ്ഞളിന് മുൻപ് 100-140 രൂപയാണ് ലഭിച്ചിരുന്നത്. ഉത്പാദനം കുറഞ്ഞതോടെ 200-240 രൂപവരെ ലഭിക്കുന്നുണ്ട്.

To advertise here,

15 രൂപ ലഭിച്ചിരുന്ന പച്ചമഞ്ഞളിന് 25 രൂപയും വിലയുണ്ട്. മുൻപ് ഹൈറേഞ്ചിൽ വ്യാപകമായി മഞ്ഞൾ കൃഷി ചെയ്തിരുന്നു. എന്നാൽ 2019-ൽ ഏലം വില കുതിച്ചുകയറിയതോടെ കർഷകർ മഞ്ഞൾകൃഷി പൂർണമായും ഉപേക്ഷിച്ച് ഏലം നട്ടിരുന്നു.

മുൻവർഷങ്ങളിൽ വിലയിടിഞ്ഞതും, മഞ്ഞൾ ഉണക്കിക്കൊടുക്കുന്നതിന് തൊഴിലാളികൾക്ക് കൂടുതൽ കൂലി നൽകേണ്ടിവരുന്നതും കർഷകരെ ഈ കൃഷിയിൽനിന്നും അകറ്റി. ഇതോടെ ഗുണമേന്മയേറിയ ഹൈറേഞ്ച് മഞ്ഞളിന് ക്ഷാമം അനുഭവപ്പെടുകയും വില ഉയരുകയുമായിരുന്നു.

തമിഴ്‌നാട്ടിൽനിന്നും വൻതോതിൽ മഞ്ഞൾ ഹൈറേഞ്ചിലെത്തുന്നുണ്ട്. എന്നാൽ, ഇതിന് ഗുണവും ചെലവും കുറവാണെന്ന് വ്യാപാരികൾ പറയുന്നു. ഹൈറേഞ്ചിൽതന്നെയുള്ള മില്ലുടമകളാണ് ഗുണമേന്മയേറിയ ഹൈറേഞ്ച് മഞ്ഞൾ വ്യാപാരികളിൽനിന്നും ശേഖരിക്കുന്നത്.

ഹൈറേഞ്ചിലെ നാടൻ മഞ്ഞളിന്റെ പൊടിക്ക് ആവശ്യക്കാരും ഏറെയാണ്.