മണ്ണിൽ വളരുന്ന ഏറ്റവും മികച്ച പ്രോട്ടീൻ വിള എന്നാണ് സോയാബീൻ അറിയപ്പെടുന്നത്. അത്രത്തോളം മാംസ്യസമൃദ്ധമാണിത്. പാലിലുള്ള പ്രോട്ടീന് തുല്യമാണ് സോയാപ്രോട്ടീൻ. മുട്ടയിലും മീനിലും ഉള്ളതിന്റെ മൂന്നിരട്ടി പ്രോട്ടീൻ ഇതിലുണ്ട്. അങ്ങനെയാണ് ഇതിന് ‘എല്ലില്ലാത്ത ഇറച്ചി’ എന്ന പേര് കിട്ടിയത്. കൂടാതെ എണ്ണ, അമിനോ അമ്ലങ്ങൾ, ധാതുലവണങ്ങൾ, എ, ബി, സി ജീവകങ്ങൾ എന്നിവ വേറെയും.
ഇനങ്ങൾ
സാമാന്യം ഭേദപ്പെട്ട ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയാണ് കൃഷിക്ക് അനുയോജ്യം. എന്നാൽ, അതികഠിനമായ വേനലോ മഞ്ഞുവീഴ്ചയോ അഭികാമ്യമല്ല. വെള്ളം കെട്ടാത്ത, വളപ്പറ്റുള്ള മണ്ണാണ് നല്ലത്. ഇപ്പോൾ മികച്ച ഇനങ്ങൾ ലഭ്യമാണ്. ബ്രാഗ്, ജെഎൻ -2750, ഇസി -2661 എന്നിവയാണിവ. പാകാനുള്ള വിത്തുകൾ 24 മണിക്കൂർ നേരം വെള്ളത്തിൽ കുതിർത്തുവെച്ചാൽ വേഗം മുളയ്ക്കും. ആവശ്യമെങ്കിൽ ഉയരത്തിൽ വാരം കോരി, അതിലും വിത്തുകൾ പാകാം. അടുത്തടുത്ത് തൈകൾ നടുമ്പോൾ വരികൾ തമ്മിൽ 45 സെന്റീമീറ്റർ അകലവും ചെടികൾ തമ്മിൽ 10-20 സെന്റീ മീറ്റർ അകലവുമാണ് ശുപാർശ. അടിവളമായി ജൈവവളം ചേർത്ത് ഒരുക്കിയ തടത്തിൽ വിത്ത് പാകുന്നതാണ് വളർച്ചയ്ക്ക് നല്ലത്.
ഇതിന് ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, മണ്ണിര കമ്പോസ്റ്റ് എന്നിവയിലേതും ചേർക്കാം. വീട്ടുകൃഷിയിൽ ഇതേ വേണ്ടൂ. വളക്കൂറ് തീരെ കുറഞ്ഞ മണ്ണിൽ വേണമെങ്കിൽ ജൈവവളങ്ങൾ അടിവളമായി ചേർത്തതിനുശേഷം അത്യാവശ്യം രാസവളങ്ങൾ ചേർക്കാം. ഇതിന് ഒരു സെൻറ്റിനു കാൽകിലോവീതം അമോണിയം സൾഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്, രണ്ടരക്കിലോ സൂപ്പർ ഫോസ്‌ഫേറ്റ് എന്നിവ ചേർക്കാം.
പരിപാലനം
പാകി ഒരാഴ്ച മതി വിത്തുകൾ മുളയ്ക്കാൻ. ആദ്യത്തെ ഒരുമാസം കളകൾ നീക്കാനും മണ്ണ് കൂട്ടിക്കൊടുക്കാനും ശ്രദ്ധിക്കണം. കാര്യമായ രോഗ-കീടശല്യമൊന്നും ഉണ്ടാകാറില്ല. കൃഷിയിടം വൃത്തിയായി സൂക്ഷിച്ചും കുമിൾ രോഗങ്ങൾ കണ്ടാൽ ഒരു ശതമാനം ബോർഡോ മിശ്രിതം തളിച്ചും ചെറിയ കീടങ്ങളെ വേപ്പെണ്ണ എമൽഷൻ തളിച്ചും വേപ്പിൻകുരു മിശ്രിതം തളിച്ചുമൊക്കെ നിയന്ത്രിക്കാം.
തടത്തിൽ ആര്യവേപ്പിന്റെയോ കമ്യൂണിസ്റ്റ് പച്ചയുടെയോ ഇലകൾ വിരിച്ചാൽ നിമാവിരശല്യം ഒഴിവാക്കാം. ട്രൈക്കോഡെർമ ലായനി രൂപത്തിൽ തടത്തിൽ ഒഴിച്ചു കൊടുക്കുന്നതും വാട്ടംപോലുള്ള രോഗങ്ങൾക്ക് പ്രതിരോധമാകും. വളരുന്ന ചെടിക്ക് അത്യാവശ്യം നല്ല താങ്ങു കൊടുക്കാനും ഓർക്കണം. സോയാബീൻ വിത്തുകൾ ഇന്ന് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വാങ്ങാൻ കിട്ടും.
വിളവെടുപ്പ്
ഇലകൾ പഴുത്തുകൊഴിയുന്നതാണ് വിളവെടുപ്പിനുള്ള പാകം. മഴയില്ലാത്തപ്പോൾ ഇലകൾ കൊഴിഞ്ഞു ഒരാഴ്ച കൂടി കഴിഞ്ഞുമതി വിളവെടുപ്പ്. മഴയാണെങ്കിൽ ഉടനെ വിളവെടുത്തു പത്തുദിവസം വെള്ളം വലിയാൻ വെച്ച് വിത്ത് അടിച്ചെടുക്കണം. വിത്തിലെ ജലാംശം 10 ശതമാനം ആക്കാൻ കഴിഞ്ഞാൽ ആ വിത്തുകൾ ഒരുവർഷംവരെ മുളയ്ക്കൽശേഷി നഷ്ടപ്പെടാതെ സൂക്ഷിക്കാം. നട്ട് ഒന്നരമാസംകൊണ്ട് ചെടി പൂക്കും.
താമസിയാതെ പയർ മൂക്കുകയും ചെയ്യും. പയർ ഇളംപരുവത്തിൽത്തന്നെ വിളവെടുത്താലേ കറിക്കുപയോഗിക്കാൻ കഴിയൂ. സോയാബീൻ പയറിന് ചിലപ്പോൾ ഒരുതരം പ്രത്യേക രുചിയനുഭവപ്പെടാം. ഇതൊഴിവാക്കാൻ ചൂടുള്ള കഞ്ഞിവെള്ളത്തിൽ ഇത് അരമണിക്കൂർ മുക്കിവെച്ച് നന്നായി കഴുകി ഉപയോഗിച്ചാൽ മതി. സോയാ ചങ്ക്‌സ് ഉൾപ്പെടെ വിവിധ തരം ഉത്പന്നങ്ങൾ സോയാബീനിൽ നിന്നുണ്ടാക്കുന്നു. കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമാണ് സോയാപാൽ.
സോയാ പാൽ
ഉണങ്ങിയ സോയാപയർ 8-10 മണിക്കൂർ വെള്ളത്തിൽ കുതിർത്തു തൊലിനീക്കി അരച്ചെടുക്കുകയോ, ആവിയിൽ വേവിച്ചു അരിച്ചെടുക്കുകയോ ചെയ്യുക. ഇതിൽ ആറു മുതൽ എട്ടിരട്ടി വെള്ളം ചേർത്ത് തിളപ്പിച്ച്, മസ്ലിൻ തുണികൊണ്ട് അരിച്ചെടുക്കുക. വീണ്ടും സാവകാശം ഇളക്കി തിളപ്പിക്കണം. ഈ പാൽ അഞ്ചു ദിവസം വരെ ഫ്രിഡ്ജിൽ കേടാകാതെ സൂക്ഷിക്കാം. ഇടയ്ക്കിടയ്ക്ക് തിളപ്പിച്ചാൽ കൂടുതൽ നാൾ കേടാകാതിരിക്കും. ഒരു കിലോ സോയാബീൻ പയറിൽനിന്ന് ആറ്-എട്ട് ലിറ്റർ വരെ പാല് തയ്യാറാക്കാൻ കഴിയും.
Content Highlights: how to cultivate soybean, a protein-rich crop. Get tips on planting, care, and harvesting for a successful harvest. Grow your own `meat without bones`!
Published: 28 Jan 2026, 06:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented