പിരപ്പമണ്‍കാട് ഒരു പാഠപുസ്തകമാണ്. ഭൂമിക്കും ജീവനും വേണ്ടിയുള്ള കരുതലിന്റെ, കാര്‍ഷികവൃത്തി ഒരു നാടിനെ പെരുമയിലേക്ക് നയിക്കുന്നതിന്റെ, ജാതി-മത-രാഷ്ട്രീയ-പ്രായ-ലിംഗഭേദമില്ലാതെ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ, കൃഷി ഒരു സംസ്‌കാരമാണെന്ന തിരിച്ചറിവിന്റെ, നഷ്ടമായതൊക്കെയും വീണ്ടെടുക്കാമെന്നതിന്റെ വലിയ പാഠപുസ്തകം. 

To advertise here,

രണ്ടുവര്‍ഷംകൊണ്ട് കേരളത്തിന്റെ കാര്‍ഷികരംഗത്ത് പിരപ്പമണ്‍കാട് ശക്തമായ മുദ്ര പതിപ്പിച്ച് കഴിഞ്ഞു. പിരപ്പമണ്‍കാടിന്റെ ഭൂത-വര്‍ത്തമാന-ഭാവികളിലേക്ക് 'മാതൃഭൂമി' നടത്തുന്ന സഞ്ചാരം. 

ആറ്റിങ്ങല്‍: പിരപ്പമണ്‍കാട് ഏലായില്‍ ഇപ്പോള്‍ കാഴ്ചക്കാരുടെ തിരക്കാണ്. വിവിധ ജില്ലകളില്‍നിന്ന് ഇടവേളകളില്ലാതെ ഇവിടേക്ക് ആളുകളെത്തുന്നു. കുട്ടികളും മുതിര്‍ന്നവരും വയല്‍വരമ്പുകളിലൂടെ നടക്കുന്നു. പാടശേഖരത്തിന് നടുവിലെ ഏറുമാടത്തില്‍ കയറി വയല്‍ക്കാഴ്ചകള്‍ ആസ്വദിക്കുന്നു. മുതിര്‍ന്നവര്‍ പാതയോരത്തെ ബെഞ്ചുകളിലിരുന്ന് നാട്ടുവര്‍ത്തമാനം പറയുന്നു. 

കുട്ടികള്‍ ആറ്റിലിറങ്ങി കുളിക്കുന്നു. ചൂണ്ടയിടുന്നു. ചെണ്ടുമല്ലിപ്പാടത്തെ പൂക്കളെ കണ്ട് സന്തോഷിക്കുന്നു. ചിലര്‍ റീല്‍സ് ചിത്രീകരിക്കുന്നു. യുവമിഥുനങ്ങള്‍ വീഡിയോ ആല്‍ബം ചിത്രീകരിക്കുന്നു. ദേശാടനക്കിളികളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നു. പാടശേഖരത്തിലൂടെ ഈ നാട് ഒരുപാടുപേരുടെ കുളിരുള്ള ഓര്‍മകളിലിടം പിടിക്കുകയാണ്. 

മൂന്നു വര്‍ഷം മുന്‍പുവരെ ആളുകള്‍ കടന്നുചെല്ലാന്‍ പേടിച്ചിരുന്ന ഒരിടമാണ് ഇന്ന് ഒരുനേരത്തും ആളുകളൊഴിയാത്ത ഇടമായി മാറിയിരിക്കുന്നത്. ഈ മാറ്റത്തിനു പിന്നില്‍ വലിയൊരധ്വാനമുണ്ട്. നെല്‍ക്കൃഷി പല ഏലായിലും നടക്കുന്നുണ്ടെങ്കിലും അവയൊന്നും എന്തുകൊണ്ട് മറ്റൊരു പിരപ്പമണ്‍കാടായി മാറുന്നില്ല എന്ന് ചോദിക്കുമ്പോഴാണ് ഈ പ്രത്യേകതകള്‍ നാം മനസ്സിലാക്കേണ്ടി വരുന്നത്. 

പുല്ലും പാഴ് വൃക്ഷങ്ങളും വളര്‍ന്നുമൂടിയ രണ്ട് പതിറ്റാണ്ട് 

1990-കളുടെ അവസാനത്തോടെ കാര്‍ഷിക ജോലികള്‍ക്ക് ആളുകളെ കിട്ടാതെവന്നു. ഏതെങ്കിലും വിധത്തില്‍ കൃഷിനടത്തിയാല്‍ കൊയ്തെടുക്കാന്‍ കഴിയാതെ കതിരുകള്‍ കരിഞ്ഞുണങ്ങുന്ന സ്ഥിതി. നിലമുടമകള്‍ ഓരോരുത്തരായി പാടം തരിശ്ശിടാന്‍ തുടങ്ങി. വര്‍ഷങ്ങളായി കൃഷിയില്ലാതെ വന്നതോടെ നിലങ്ങളില്‍ പുല്ലും കാടും വളരാന്‍ തുടങ്ങി. 

ചില വയലുകളില്‍ വൃക്ഷങ്ങളും മുളച്ചു വളര്‍ന്നു. പാമ്പും പന്നിയുമുള്‍പ്പെടെയുള്ള ജീവികളുടെ വാസസ്ഥലമായി. സ്വന്തം നിലമെവിടെയെന്ന് ഉടമകള്‍ക്ക് പോലും തിരിച്ചറിയാന്‍ പറ്റാതായി. ആളുകള്‍ ഈ ഭാഗത്തേക്ക് പോകാതെ വന്നതോടെ ഇവിടം ലഹരിസംഘങ്ങളുടെ ഒളിത്താവളമായി. നാട്ടുകാര്‍ക്ക് ഈ പ്രദേശമാകെ ഒരു ശാപമായി മാറി.

ലഹരിമാഫിയയെ കുടിയിറക്കി

കാട് കയറിക്കിടന്ന ഏലാക്കര ലഹരിമാഫിയയുടെ താവളമായിരുന്നു. ഏലാക്കരയില്‍ മാമം ആറിനോട് ചേര്‍ന്നുള്ള ഭാഗത്ത് ക്രിമിനല്‍ സംഘങ്ങള്‍ കുടില്‍കെട്ടിയാണ് ലഹരിവ്യാപാരം നടത്തിയിരുന്നത്. ഭയംകാരണം ഈ ഭാഗത്തേക്ക് നാട്ടുകാരാരും പോയിരുന്നില്ല. രാത്രിയില്‍ വീടുകയറി അക്രമം നടത്തുമെന്നായിരുന്നു ആളുകളുടെ പേടി. 

പാടശേഖരത്തില്‍ കൃഷി വിപുലമായതോടെ പഞ്ചായത്തംഗം വിഷ്ണു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ഈ കുടില്‍ പൊളിച്ചുനീക്കി. പ്രദേശമാകെ വെട്ടിത്തെളിച്ചതോടെ അക്രമിസംഘങ്ങള്‍ ഇവിടംവിട്ടു. ഇവിടത്തെ ലഹരിവ്യാപാരവും നിന്നു.

അന്‍ഫാറിന്റെ സാഹസം

പാടശേഖരത്തില്‍ കൃഷിയിറക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പലതവണ യോഗങ്ങള്‍ ചേര്‍ന്നു. എന്നാല്‍ ഒന്നും നടന്നില്ല. 2023 ഏപ്രില്‍ മാസത്തില്‍ നാട്ടുകാരനായ എ. അന്‍ഫാര്‍ ഒരു സാഹസം കാണിച്ചു. ഒരു ട്രാക്ടര്‍ ഇറക്കി പാടശേഖരത്തിലെ കുറേ വയലുകളിലെ കാട് നീക്കി ഉഴുതു മറിച്ചു. ആരുടെയും അനുവാദം ചോദിച്ചിരുന്നില്ല. വയലുടമകള്‍ പരിഭവങ്ങളും പരാതികളുമായി രംഗത്തെത്തി. 

എങ്കിലും രണ്ട് പതിറ്റാണ്ടായി വെന്റിലേറ്ററിലായിരുന്ന ഒരു പാടശേഖരത്തിന് പുതുജീവന്‍ വീഴാന്‍ അത് വഴി തുറന്നു. നിലത്തിലെ കാട് നീങ്ങിയതോടെ പല ഉടമകള്‍ക്കും സ്വന്തംനിലം കണ്ടെത്താന്‍ കഴിഞ്ഞു. തുടര്‍ന്ന് പാടശേഖരത്തില്‍ കൃഷിയിറക്കുന്നതിനെക്കുറിച്ച് ആലോചന നടന്നു. 

അന്‍ഫാറിനെ കൂടാതെ കുമാര്‍, രാജേന്ദ്രന്‍നായര്‍, ശ്രീധരന്‍നായര്‍, സദാശിവന്‍നായര്‍, അശോകന്‍, വിക്രമക്കുറുപ്പ്, ഗിരീശന്‍ നായര്‍, സാജു എന്നിവര്‍ ആദ്യകമ്മിറ്റിയില്‍ അംഗങ്ങളായി. അടുത്ത കമ്മിറ്റിയില്‍ വി.ആര്‍.സാബു, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ കൂടി ചേര്‍ന്നതോടെ അംഗസംഖ്യ 11 ആയി. 

കൃഷിയിറക്കാന്‍ ബുദ്ധിമുട്ടുള്ള ഉടമകളെ കണ്ടെത്തി നിലങ്ങള്‍ പാടശേഖരസമിതി ഏറ്റെടുത്തു. 2022-23 വര്‍ഷത്തില്‍ 40 ഏക്കറില്‍ കൃഷിയിറക്കി. ആദ്യകൃഷിയിലെ വിളവ് കര്‍ഷകരെ സന്തോഷിപ്പിക്കുകയും മറ്റ് നിലമുടമകളെ ആകര്‍ഷിക്കുകയും ചെയ്തു. അതോടെ രണ്ടാം വിളയ്ക്ക് 50 ഏക്കറില്‍ കൃഷിയിറക്കാനായി. ഇപ്പോള്‍ 62 ഏക്കര്‍ വരുന്ന പാടശേഖരത്തിലെ എല്ലാ നിലങ്ങളിലും നെല്‍ക്കൃഷിയുണ്ട്. 

കൈത്താങ്ങായി മാതൃഭൂമിയും

ശക്തമായ വെയിലില്‍ പാടങ്ങള്‍ വിണ്ടുകീറി നെല്‍ച്ചെടികള്‍ കരിയാന്‍ തുടങ്ങിയപ്പോള്‍ വിഷയം അധികൃതരുടെ മുന്നിലേക്കെത്തിച്ചത് മാതൃഭൂമിയാണ്. പാടം കരിയുന്നത് സംബന്ധിച്ച് പാടശേഖരസമിതി അംഗങ്ങള്‍ കൃഷിഭവനിലും പഞ്ചായത്തിലും അറിയിച്ചെങ്കിലും നടപടികളുണ്ടായില്ല. 

ഏലാക്കരയിലെ പമ്പ് ഹൗസിലേക്കുള്ള വൈദ്യുതി കണക്ഷന്‍ കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. കണക്ഷന്‍ നല്‍കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബിയെ സമീപിച്ചെങ്കിലും അവരും കൈമലര്‍ത്തി. കര്‍ഷകരുടെ സങ്കടം 2023 ഓഗസ്റ്റ് 17-ന് മാതൃഭൂമി 'ഈ കര്‍ഷകരെ തോല്‍പ്പിക്കരുതേ' എന്ന തലക്കെട്ടില്‍ അധികൃതര്‍ക്ക് മുന്നിലെത്തിച്ചു. തുടര്‍ന്ന് അധികൃതര്‍ കണ്ണ് തുറന്നു. 

പമ്പ് ഹൗസിലേക്ക് പിറ്റേന്നുതന്നെ വൈദ്യുതിയെത്തി. മാമം ആറ്റില്‍നിന്ന് വെള്ളം വയലിലേക്കൊഴുകി. നെല്‍ച്ചെടികള്‍ക്ക് പുതുജീവന്‍ വന്നു. കൃഷിയെ ഉപജീവനോപാധിയെന്നതിനപ്പുറം ഒരു സംസ്‌കാരമായി വളര്‍ത്തിയെടുക്കുകയാണിവിടെ. 

(അതേക്കുറിച്ച് നാളെ)