നെടുമങ്ങാട്: നാണ്യവിളകൾക്ക് പേരുകേട്ട നാടാണ് നെടുമങ്ങാട്. താലൂക്കിലെ ഏറ്റവും വലിയ കാർഷിക കൂട്ടായ്മ നടക്കുന്നത് നെടുമങ്ങാട്ടെ അന്താരാഷ്ട്ര മാർക്കറ്റിലാണ്. എന്നാൽ ഗ്രാമീണമേഖലയിലെ കർഷകരെ സഹായിക്കാനായി തുടങ്ങിയ ഈ പൊതുചന്തയുടെ ഇന്നത്തെസ്ഥിതി ദയനീയമാണ്. കാലാവസ്ഥയോടും വന്യമൃഗങ്ങളോടും മല്ലിട്ട് മലയോരമേഖലയിൽനിന്നു കാർഷിക ഉത്‌പന്നങ്ങളുമായി ചന്തയിലെത്തുന്ന കർഷകർക്ക് പ്രതിഫലം കണ്ണീരുമാത്രം. തമിഴ്‌നാട് ലോബിയെ സഹായിക്കാനുള്ള കൃഷിവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും ഹോർട്ടി കോർപ് അധികൃതരുടെയും ശ്രമങ്ങൾക്കെതിരേ ചന്തയ്ക്കകത്തും പുറത്തും കർഷകസമരങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കർഷകരുടെ സങ്കടങ്ങൾ കണ്ടുനിൽക്കാനാകാതെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സമരം ഏറ്റെടുക്കുകയാണ്. തിങ്കളാഴ്ച സമരം നടത്തിയ കർഷകരെ മുഴുവൻ പോലീസ് അറസ്റ്റുചെയ്തു.

To advertise here,

2011 ജനുവരിയിലാണ് കർഷകരുടെ ക്ഷേമത്തിനായി കോടികൾ ചെലവിട്ട് നെടുമങ്ങാട്ട് അന്താരാഷ്ട്രാ മാർക്കറ്റ് സ്ഥാപിച്ചത്. നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ ഗ്രാമീണമേഖലയിലുള്ള കർഷകരെ സഹായിക്കുകയായിരുന്നു ലക്ഷ്യം. ആദ്യഘട്ടങ്ങളിൽ വാമനപുരം, നെടുമങ്ങാട്, വെള്ളനാട് ബ്ലോക്കുകളിലെ കർഷകർ അവരുടെ ഉത്പന്നങ്ങളുമായി ചന്തയിലെത്തി കൃത്യമായി പ്രതിഫലവും കൈപ്പറ്റി പോയിരുന്നു.

കൂടാതെ ചന്തയിൽനിന്നു വാഹനങ്ങൾ മൂന്ന്‌ ബ്ലോക്കുകളിലെയും കർഷകരുടെ കൃഷിയിടത്തിലെത്തി ഉത്പന്നങ്ങൾ ശേഖരിച്ചിരുന്നു. 15 കിലോയിലധികം കാർഷിക ഉത്‌പന്നങ്ങൾ ഉണ്ടെങ്കിൽ വാഹനത്തിൽ ശേഖരിക്കുമായിരുന്നു. ചന്തയിലെത്തിക്കുന്ന ഉത്‌പന്നങ്ങൾ ലേലംചെയ്ത് കർഷകർക്കുള്ള പ്രതിഫലം ബാങ്ക് അക്കൗണ്ടിൽ നൽകുകയായിരുന്നു പതിവ്. എന്നാൽ, നിലവിലെ സ്ഥിതി അതല്ല. കഷ്ടപ്പെട്ട് ഉത്‌പാദിപ്പിക്കുന്ന കാർഷിക വിഭവങ്ങളുമായി വേൾഡ്മാർക്കറ്റിലെത്തുന്ന കർഷകർ മാനഹാനിയും പോലീസ് കേസിലും പെട്ടാണ് മടങ്ങുന്നത്.

പൂവച്ചൽ, ഉഴമലയ്ക്കൽ, അരുവിക്കര, വെള്ളനാട്, പുല്ലമ്പാറ, വെമ്പായം, നെല്ലനാട്, പെരിങ്ങമ്മല, നന്ദിയോട്, ആനാട്, വിതുര, തൊളിക്കോട് എന്നിവിടങ്ങളിൽനിന്നായി ടൺകണക്കിന് പച്ചക്കറികളാണ് നെടുമങ്ങാട്ടെ അന്താരാഷ്ട്ര മാർക്കറ്റിലെത്തിയിരുന്നത്. 2000-ത്തിലധികം കർഷകർ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ഇവിടെ എത്തുമായിരുന്നു.

ആ നല്ലകാലം പോയി

ഇപ്പോൾ മാർക്കറ്റിന്റെ പ്രവർത്തനം കുത്തഴിഞ്ഞ നിലയിലാണ്. ഇതോടെ ഇവിടെയെത്തുന്ന കർഷകരുടെ എണ്ണം പാടേ കുറഞ്ഞു. അടിസ്ഥാനവില നിശ്ചയിച്ച് ലേലം നടത്തിയാണ് കർഷകർക്ക് പണം നൽകിയിരുന്നത്. മൂന്ന്‌ ചന്ത കഴിയുന്നതോടെ പണം നൽകണമെന്നാണ് വ്യവസ്ഥ. ഇത് മിക്കപ്പോഴും പാലിക്കപ്പെട്ടില്ല. ഇവിടെ ശേഖരിക്കുന്ന പച്ചക്കറി ഹോർട്ടികോർപ്പിനാണ് കൈമാറുന്നത്. പണം കിട്ടാതെ വന്നപ്പോൾ നിരവധിതവണ സമരങ്ങളുണ്ടായി. ഓരോ കർഷകർക്കും 60,000 രൂപ മുതൽ നാലുലക്ഷം രൂപ വരെ കിട്ടാനുള്ള കാലവുമുണ്ടായിരുന്നു. വിഷയത്തിൽ മനുഷ്യാവകാശ കമ്മിഷൻ വരെ ഇടപെട്ട സന്ദർഭങ്ങളുമുണ്ടായി.

കെട്ടിടങ്ങളിൽ പകുതിയും അടഞ്ഞുകിടക്കുന്നു

കോടികൾ മുടക്കി തുടങ്ങിയ പദ്ധതിക്ക്‌ പ്രതീക്ഷിച്ചപോലെ വിദേശ ഏജൻസികളോ, സംസ്ഥാന അഗ്രോ ഇൻഡസ്ട്രീസോ, മാർക്കറ്റ്‌ ഫെഡോ മുന്നോട്ടുവന്നില്ല. ഇത്തരം ഏജൻസികളെ കൊണ്ടുവരുന്നതിൽ സംസ്ഥാന കൃഷിവകുപ്പിനും വേണ്ടത്ര ശ്രദ്ധയും പദ്ധതികളും ഇല്ലാതെപോയി. നിലവിൽ 36 സ്റ്റാളുകളിൽ പകുതിയും അടഞ്ഞുകിടപ്പാണ്. കാടുകയറി നശിക്കുന്ന സ്ഥലത്ത് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഇടയ്ക്ക് പച്ചക്കറിക്കൃഷി നടത്തിയിരുന്നു. ചന്തയുടെ ഒരുഭാഗം ജില്ലയിലെ പട്ടികജാതി കോടതിക്കുവേണ്ടി സർക്കാരിന് വിട്ടുകൊടുത്തു.

ഇത്രയും പ്രധാനപ്പെട്ട കേന്ദ്രത്തിലേക്ക്‌ ഒരു ബസ് സർവീസ് പോലും സർക്കാർ ഏർപ്പെടുത്തിയിട്ടില്ല. നെടുമങ്ങാട് ടൗണിൽനിന്ന്‌ ഓട്ടോ വിളിച്ചാൽ 150 രൂപ നൽകിയാലേ ഇവിടെ വന്നുപോകാനാകൂ.

(നാളെ: ഏറ്റെടുത്തത് കാംകോ, നഷ്ടം കർഷകന്)