
വരാപ്പുഴ: പെരിയാറിലെ മത്സ്യക്കുരുതിയിൽ കൂടുമത്സ്യകൃഷിയിൽ മാത്രം പത്തുകോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തൽ. പെരിയാറിനോടുചേർന്നുള്ള പഞ്ചായത്തുകൾ നടത്തിയ പ്രാഥമിക അവലോകനത്തിലാണ് നാശനഷ്ടത്തിന്റെ ഈ കണക്ക്.
പെരിയാറിലൂടെ ഒഴുകിയെത്തിയ വിഷജലത്തിൽ ഏറെയും നഷ്ടം സംഭവിച്ചത് കൂടുമത്സ്യ കർഷകർക്കാണ്. അതും വിളവെടുപ്പിന് ആഴ്ചകൾമാത്രം ബാക്കി നിൽക്കേ. കടമക്കുടി, വരാപ്പുഴ, ചേരാനല്ലൂർ, മുളവുകാട് പഞ്ചായത്തുകളിൽ മാത്രമായി 450-ലേറെ മത്സ്യക്കൂടുകളാണുള്ളത്. ഫിഷറീസ് വകുപ്പിന്റെ ലൈസൻസോടെ പ്രവർത്തിക്കുന്ന മത്സ്യക്കൂടുകളുടെ എണ്ണമാണിത്. അനധികൃത കൂടുകൾ വേറെയുണ്ട്.
ഏറിയപങ്കും ഒന്നിലേറെ കൂടുകളിൽ മത്സ്യം വളർത്തുന്ന കർഷകരാണ്. ഒരുകൂടിൽ മത്സ്യകൃഷി ചെയ്യുന്നതിന് മൂന്നു ലക്ഷം രൂപ മുതൽ അഞ്ചുലക്ഷം രൂപവരെ മുതൽമുടക്ക് വേണ്ടിവരുമെന്നാണ് ഫിഷറീസ് അധികൃതർതന്നെ പറയുന്നത്. പത്തു കൂടുകളിൽവരെ മീനുകളെ വളർത്തുന്നവരുമുണ്ട്. ഒരുകൂടിൽ മത്സ്യം വളർത്തുന്നതിനായി ഫിഷറീസ് വകുപ്പിന്റെ പ്രോജക്ട് അനുസരിച്ച് മൂന്നുലക്ഷം രൂപയാണ് മുതൽമുടക്കേണ്ടത്. ഇതിന്റെ 40 ശതമാനം സബ്സിഡിയായി നൽകും.
ജില്ലാ പഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്ത് എന്നിവയുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇതു നടപ്പിലാക്കുന്നത്. കർഷകർക്ക് വായ്പ ലഭിക്കുന്നതിനായുള്ള ശുപാർശക്കത്തും ഫിഷറീസ് വകുപ്പ് ബാങ്കുകൾക്ക് നൽകും. ഒരു മത്സ്യക്കർഷകന് കൂടുകൃഷിക്കായി 1.80 ലക്ഷം രൂപ വരെയാണ് ഈ ശുപാർശപ്രകാരം ബാങ്കുകൾ വായ്പ നൽകുന്നത്. അവശേഷിക്കുന്ന തുക കണ്ടെത്തുന്നതിനായി മറ്റ് ഈടുകൾ നൽകിയും സഹകരണസ്ഥാപനങ്ങളെ സമീപിച്ചുമാണ് പല കർഷകരും വായ്പയെടുക്കുന്നത്. കടമക്കുടി പഞ്ചായത്തിന്റെ പരിധിയിൽ മാത്രം 200-ലേറെ മത്സ്യക്കൂടുകൾ ഉള്ളതായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇതിൽ ഏറെ കൂടുകളും അടുത്ത ദിവസങ്ങളിലായി വിളവെടുപ്പിന് ഒരുങ്ങിനിന്നതുമാണ്. ഈ കൂടുകളിലായി അഞ്ചുകോടിയിലധികം രൂപ വിലമതിക്കുന്ന മത്സ്യങ്ങൾ ഉണ്ടായിരുന്നുവെന്നാണ് കണക്ക്.
വരാപ്പുഴ പഞ്ചായത്തിന്റെ പരിധിയിൽ നൂറോളം കൂടുകളാണുള്ളതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ് പറഞ്ഞു. ഫിഷറീസ് വകുപ്പിന്റെ കണക്കുപ്രകാരം ഇവിടെ 38 കൂടുമത്സ്യ കർഷകർക്കാണ് ലൈസൻസ് നൽകിയിട്ടുള്ളത്. മൂന്നുകോടിയിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുള്ളതായിട്ടാണ് വരാപ്പുഴയിലെ പ്രാഥമിക വിലയിരുത്തൽ. മുളവുകാട് പഞ്ചായത്തിൽ പതിനഞ്ചുപേർക്കാണ് കൂടുമത്സ്യം വളർത്തുന്നതിനുള്ള ലൈസൻസ് നൽകിയിട്ടുള്ളത്. ഏതാണ്ട് മുപ്പതിലേറെ കൂടുകളുമുണ്ട്. പെരിയാറിലെ വിഷജലത്തിൽപ്പെട്ട് എല്ലാ കൂടുകളിലെ മത്സ്യങ്ങളും ചത്തുപൊങ്ങിയതായിട്ടാണ് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബർ അറിയിച്ചിട്ടുള്ളത്. ഒരു കോടിയിലേറെ രൂപ നഷ്ടമുണ്ടായിട്ടുള്ളതായിട്ടാണ് ഇവിടത്തെ പ്രാഥമിക വിലയിരുത്തൽ.
മത്സ്യക്കുരുതിയിൽ നാശനഷ്ടം ഏറെയുണ്ടായൊരു പഞ്ചായത്താണ് ചേരാനല്ലൂർ. നൂറോളം കൂടുകളിലായി രണ്ടുകോടി രൂപയിലധികം വരുന്ന മത്സ്യങ്ങൾ ഇവിടെ നശിച്ചിട്ടുണ്ടെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷ് പറയുന്നത്. ഏതാണ്ടെല്ലാവരും തന്നെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്നും വായ്പയെടുത്ത സംരംഭകരുമാണ്.
മാർക്കറ്റിൽ ഏറെ ആവശ്യക്കാരുള്ളതും വിലപിടിപ്പുള്ളതുമായ മീനുകളാണ് കൂടുകളിൽ കൃഷിചെയ്യുന്നത്. പ്രധാനമായും കരിമീൻ, കാളാഞ്ചി, തിലോപ്പിയ തുടങ്ങിയ മീനുകളാണ് വളർത്തുന്നത്. ഇതിനുപുറമേയാണ് പെരിയാറിന്റെ കൈവഴിപ്പുഴകളിൽ വ്യാപകമായിട്ടുള്ള ചീനവലകളും ഊന്നിവലകളും. ഒറ്റരാത്രിയിലുണ്ടായ വിഷജലത്തിന്റെ കുത്തൊഴുക്കിൽ പെരിയാറിലെ മത്സ്യസമ്പത്തൊന്നാകെ നശിച്ചുപോകുന്ന സ്ഥിതിയാണുള്ളത്.
Content Highlights: mass fish killing loss to aquaculture alone spans more than 10 crore
Published: 23 May 2024, 01:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented