മരച്ചീനിയുടെ നാട്ടുരുചി പെരുമയിലാണ് കൊല്ലം. കൃഷി വകുപ്പിന്റെ പരിശ്രമങ്ങൾ കൊല്ലത്തെ മരച്ചീനിയുടെ തലസ്ഥാനമാക്കി മാറ്റയിട്ടുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ മരച്ചീനി വിളയുന്നത് ഇവിടെയാണ്. 10,488.83 ഹെക്ടർ സ്ഥലത്ത് കൃഷിചെയ്യുന്നതിലൂടെ 3,91,224 ടൺ മരച്ചീനിയാണ് ഉത്പാദിപ്പിക്കപ്പെടുന്നത്.
ചടയമംഗലം, കൊട്ടാരക്കര, വെട്ടിക്കവല, പത്തനാപുരം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മരച്ചീനിയും കിഴങ്ങുവർഗങ്ങളും കൃഷി ചെയ്തുവരുന്നത്. കൊല്ലത്തിന്റെ ഭൂപ്രകൃതി അനുസരിച്ചു വെട്ടുകൽ മണ്ണ്, മണൽ കലർന്ന മണ്ണ്, നീർവാർച്ചയുള്ള മണ്ണ്, നല്ല ചൂടും സൂര്യപ്രകാശവുമുള്ള കാലാവസ്ഥ എന്നിവ മരച്ചീനി കൃഷിക്ക് അനുയോജ്യമാണ്.
എച്ച്165, എം-4, ശ്രീഹർഷ, ശ്രീവിജയ, ശ്രീ വിശാഖം തുടങ്ങിയ ഇനങ്ങളാണ് കൂടുതലായും കൃഷി ചെയ്യപ്പെടുന്നത്. ഉത്പാദനശേഷിയുള്ള സങ്കരയിനം മരച്ചീനി ഇനമായ എച്ച്165 എട്ടു മുതൽ ഒമ്പത് മാസത്തിനുള്ളിൽ പാകമാകും. 33 മുതൽ 38 ടൺ വരെയാണ് വിളവ്. 10 മാസത്തിനുള്ളിൽ വിളവെടുക്കാൻ കഴിയുന്നതാണ് എം-4 ഇനത്തിന്റെ സ്വീകാര്യതയ്ക്ക് പിന്നിലുള്ളത്. മരച്ചീനി ഇനമായ ശ്രീഹർഷ പത്തുമാസത്തിനുള്ളിൽ പാകമാകുന്നവയും ഒരു ഹെക്ടറിൽ നിന്ന് 35 മുതൽ 40 ടൺ വരെ വിളവെടുക്കാൻ കഴിയുന്നവയുമാണ്. ശ്രീവിജയയിൽ സയനൈഡിന്റെ അളവ് വളരെ കുറവാണ്. 25 മുതൽ 28 ടൺ വരെ ഒരു ഹെക്ടറിൽ വിളവെടുക്കാൻ കഴിയുന്നതും പ്രത്യേകതയാണ്.
അത്യുത്പാദനശേഷിയുള്ളതും പത്തുമാസം കൊണ്ട് വിളവെടുക്കാൻ കഴിയുന്നതുമായ മരച്ചീനിയിനമാണ് ശ്രീവിശാഖം. ഇവയ്ക്ക് മൊസൈക് രോഗത്തെ അതിജീവിക്കാൻ ശേഷിയുണ്ട്. 35 മുതൽ 36 ടൺ വരെ ഒരു ഹെക്ടറിൽനിന്നു വിളവ് ലഭിക്കും. ചെറുകിട കർഷകർ മുതൽ കുടുംബശ്രീ ജെ.എൽ.ജി. ഗ്രൂപ്പുകൾ ഉൾപ്പെടെ മരച്ചീനി കൃഷി ചെയ്തുവരുന്നുണ്ട്. ഒരു ഹെക്ടറിലെ കൃഷിയിൽനിന്ന് ഏകദേശം ഒരു ലക്ഷം മുതൽ രണ്ടുലക്ഷം രൂപ വരെ ലാഭം ലഭിക്കുന്നുവെന്നാണ് കണക്കുകൾ.
മരച്ചീനിയുടെ മൂല്യവർധിത സാധ്യതകളും പ്രയോജനപ്പെടുത്തി വരുന്നുണ്ട്. ചിപ്‌സ്, മാവ്, സ്റ്റാർച്ച്, പായസം മിക്‌സ്, ബേക്കറി ഉൽപ്പന്നങ്ങൾ, അനിമൽ ഫീഡ് തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാരേറെയാണ്. കപ്പപ്പൊടി, കപ്പമുറുക്ക്, കപ്പ ഉപ്പേരി തുടങ്ങിയ ഉൽപ്പന്നങ്ങൾക്കും വിറ്റുവരവുണ്ട്.
ചേനയിൽനിന്ന് ചിപ്‌സ്, അട, മാവ്, റെഡി ടു കുക്ക് ചേന എന്നിവയും ചേമ്പിൽനിന്ന് ചിപ്‌സ്, മധുരക്കിഴങ്ങിൽനിന്ന് ചിപ്‌സ് എന്നിവയും വ്യത്യസ്ത രുചികളായെത്തുന്നു. വരുമാനത്തിനൊപ്പം സ്ത്രീ ശാക്തീകരണവും സ്വയം തൊഴിൽ അവസരങ്ങളും മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമ്മാണം ഉറപ്പാക്കുന്നു. മരച്ചീനി കർഷകരെ സഹായിക്കുന്നതിനായി കൃഷിവകുപ്പ് സബ്‌സിഡിയും നിർമാണ പരിശീലനങ്ങളും നൽകിവരുന്നു. കുറഞ്ഞ ചെലവിൽ കൃഷിചെയ്യാൻ കഴിയുന്നതിനോടൊപ്പം മികച്ച വരുമാനവും ലഭിക്കുന്നത് കൊണ്ടാണ് കൂടുതൽ പേരും മരച്ചീനി കൃഷിയിലേക്ക് കടക്കുന്നത്.
2,835 ഹെക്ടർ സ്ഥലത്താണ് ഇതര കിഴങ്ങുവർഗ വിളകളുടെ കൃഷി. നാളികേരം, വാഴ, പച്ചക്കറി, സുഗന്ധവിളകൾ, ഫലവൃക്ഷ വിളകൾ തുടങ്ങിയവയും ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കൃഷി ചെയ്യുന്നുണ്ട്. ചേന, ചേമ്പ്, കാച്ചിൽ, കൂവ, മധുരക്കിഴങ്ങ്, നനക്കിഴങ്ങ് തുടങ്ങിയവയും പട്ടികയിലുണ്ട്. ശ്രീകീർത്തി, ശ്രീരൂപ, ശ്രീപ്രിയ എന്നീ ഇനങ്ങളിലുള്ള ചേനവർഗ്ഗങ്ങളാണ് കൂടുതലുള്ളത്. ചേന കൃഷിയിലും മുന്നിലാണ് കൊല്ലം. കുറഞ്ഞ കൃഷിചെലവും നല്ലവരുമാന സാധ്യതയുമുള്ള ചേമ്പിനങ്ങളായ താമര ചേമ്പ്, മഞ്ഞപ്പൻ, ശ്രീരശ്മി തുടങ്ങിയവയാണ് കൂടുതലും.
പുനലൂർ, കൊട്ടാരക്കര, അഞ്ചൽ, ആര്യങ്കാവ്, കുണ്ടറ, പത്തനാപുരം എന്നിവിടങ്ങളിലായി ശ്രീരൂപ, ലോക്കൽ പർപ്പിൾ എന്നീ കാച്ചിൽ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. ഒരു ടൺ മുതൽ ഒന്നര ടൺ വരെ കൂവക്കിഴങ്ങാണ് ഒരു ഏക്കറിൽനിന്നു കിട്ടുക. 100 കിലോ കൂവ കിഴങ്ങിൽനിന്ന് 10-12 കിലോ കൂവപ്പൊടി കിട്ടും. പായസം, കഷായം, ഹൽവ, കൂവ കുക്കീസ് തുടങ്ങിയ മൂല്യവർധിത ഉൽപ്പന്നങ്ങളും ലഭിക്കും. ഇളമ്പൽ, ചാത്തന്നൂർ, പുനലൂർ തുടങ്ങിയ സ്ഥലങ്ങളിൽ പരിമിതമായി കൃഷി ചെയ്യപ്പെടുന്ന നനക്കിഴങ്ങിന്റെ ശ്രീലത, ശ്രീകല തുടങ്ങിയ ഇനങ്ങളാണ് ജില്ലയിലുള്ളത്. ശ്രീഅരുൺ, ശ്രീകനക, ശ്രീവരുൺ തുടങ്ങിയ മധുരക്കിഴങ്ങിനങ്ങളും കൃഷി ചെയ്തുവരുന്നു. വിറ്റാമിൻ എയുടെയും ആന്റിഓക്‌സിഡന്റുകളുടെയും ഉറവിടമായ മധുരക്കിഴങ്ങിൽനിന്നു പല മൂല്യവർധിത ഉൽപ്പന്നങ്ങളും നിർമിക്കുന്നുണ്ടെന്നു ജില്ലാ കൃഷി ഓഫീസർ എം.എസ്. അനീസ പറഞ്ഞു.
Content Highlights: Kollam Tapioca Farming
Published: 16 Jul 2025, 09:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented