വടക്കഞ്ചേരി: റബ്ബറിന് മികച്ച വിലയുള്ളതിനെത്തുടർന്ന് മഴക്കാല ടാപ്പിങ്ങിനായി മരത്തിന് മഴമറയിടുന്ന ജോലികൾ തകൃതിയായി നടക്കുന്നുണ്ടെങ്കിലും ഇത്തവണ മഴ കൂടുതലായിതിനാൽ രോഗങ്ങൾ കൂടുമെന്ന് ആശങ്ക. ഇലകൊഴിച്ചിൽ, ചീക്ക്, പട്ടചീയൽ തുടങ്ങിയവ രൂക്ഷമാകാൻ സാധ്യതയുണ്ടെന്നാണ് റബ്ബർ ബോർഡിന്റെയും മുന്നറിയിപ്പ്. ഇലകൊഴിച്ചിൽ ബാധിച്ചാൽ 40 ശതമാനം വരെയും ചീക്ക്, പട്ടചീയൽ എന്നിവ ബാധിച്ചാൽ 30 ശതമാനം വരെയും ഉത്‌പാദനം കുറയാനിടയാക്കുമെന്ന് റബ്ബർ ബോർഡ് അധികൃതർ പറഞ്ഞു. മഴമറയിടുന്നതിനൊപ്പം രോഗപ്രതിരോധ മാർഗങ്ങളും സ്വീകരിക്കണമെന്ന് റബ്ബർ ബോർഡ് കർഷകർക്ക് നിർദേശം നൽകി. മഴമറയിടാനും ഇലകൊഴിച്ചിലിന് മരുന്ന് സ്‌പ്രേ ചെയ്യാനും റബ്ബർ ബോർഡ് ഹെക്ടറിന് 4,000 രൂപ സഹായം നൽകുന്നുണ്ടെങ്കിലും പരിമിതമാണ്. സംസ്ഥാനത്ത് മഴമറയിടാൻ 30,000 ഹെക്ടറിനും മരുന്ന് സ്‌പ്രേ ചെയ്യാൻ 10,000 ഹെക്ടറിനും മാത്രമാണ് സഹായം.
രോഗപ്രതിരോധം ഇങ്ങനെ
ഇലകൊഴിച്ചിൽ തടയാൻ ഹെക്ടറിന് എട്ട് കിലോഗ്രാം കോപ്പർ ഓക്‌സി ക്ലോറൈഡ് 40 ലിറ്റർ സ്‌പ്രേ ഓയിലിൽ കലർത്തി മൈക്രോൺ സ്‌പ്രേയർ ഉപയോഗിച്ച് അടിക്കണം. മരത്തിന്റെ കവരഭാഗത്ത് ചിലന്തിവല പോലെയുള്ള പൂപ്പൽ കാണുന്നതാണ് ചീക്ക് രോഗത്തിന്റെ ലക്ഷണം. തിറം എന്ന മരുന്ന് റബ്ബർകോട്ടിൽ ചേർത്ത് ലക്ഷണം കണ്ട ഭാഗത്ത് പുരട്ടണം. ചീക്ക് തടഞ്ഞില്ലെങ്കിൽ രോഗം വന്ന ഭാഗം പൊട്ടി റബ്ബർപാൽ പുറത്തേക്കൊഴുകുകയും മരം ഉണങ്ങി നശിക്കുകയും ചെയ്യും. പട്ടചീയൽ പ്രതിരോധിക്കാൻ ഇൻഡോഫിൽ M-45 എന്ന മരുന്ന് 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി വെട്ടുചാലിൽ 10 ദിവത്തിലൊരിക്കൽ പുരട്ടി കൊടുക്കണം.
ചെലവ് താങ്ങാനാകാത്ത സ്ഥിതി
ഇലകൊഴിച്ചിലിന് മരുന്ന സ്‌പ്രേ ചെയ്യാൻ വലിയ തുക വേണ്ടിവരുന്നത് കർഷകർക്ക് തിരിച്ചടിയാകുന്നുണ്ട്. ഒരു ഹെക്ടറിൽ മരുന്ന് സ്‌പ്രേ ചെയ്യാൻ ചുരുങ്ങിയത് 15,000 രൂപ വേണ്ടി വരുമെന്ന് ഇളവംപാടം റബ്ബർ ഉത്പാദകസംഘം പ്രസിഡന്റ് പി.വി.ബാബു പറഞ്ഞു. മറ്റു രോഗപ്രതിരോധങ്ങൾക്കുള്ള ചെലവ് വേറെയും വരും. സഹായം വർധിപ്പിക്കണമെന്നാണ് കർഷകരുടെ ആവശ്യം. രണ്ടു വർഷംമുൻപ് മരുന്ന് തളിക്കാൻ ഹെക്ടറിന് 7,500 രൂപ നൽകിയിരുന്നതാണ് 4,000 രൂപയായി ചുരുക്കിയത്.
Content Highlights: Heavy rains threaten Kerala`s rubber crop with disease outbreaks.
Published: 13 Jun 2025, 11:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented