കോട്ടയം: ലോകബാങ്ക് സഹായത്തോടെയുള്ള കൃഷിസഹായപദ്ധതി ‘കേര’, റബ്ബർ മേഖലയിൽ എങ്ങനെ നടപ്പാക്കും എന്ന കാര്യത്തിൽ വ്യക്തതക്കുറവ്.

To advertise here,

കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിട്ടുകൊണ്ട് കാർഷികവിളകളുടെ ഉത്പാദന, വിപണന ശൃംഖല മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ് ലോകബാങ്കിന്റെ കേരപദ്ധതി. റബ്ബർ ബോർഡ് സമാനമായ ചില സഹായങ്ങൾ നൽകുന്നതിനാൽ രണ്ടുംകൂടി നടപ്പാക്കുന്നതെങ്ങനെയെന്ന് തീരുമാനമായിട്ടില്ല. ഇതിൽ ഏത് സ്വീകരിക്കണമെന്ന് കൃഷിക്കാരനും സംശയം ബാക്കി.

വ്യക്തത വേണ്ടത്

• പുതുകൃഷിക്ക് കേരപദ്ധതിയിൽ ഹെക്ടറിന് 75,000 രൂപ. റബ്ബർ ബോർഡ് പുതുകൃഷിക്ക് ഹെക്ടറിന് 40,000 രൂപ നൽകിവരുന്നു. രണ്ട് സഹായവും ഒരേ കർഷകന് നൽകാമോ? ഒരേ വ്യക്തിയുടെ വ്യത്യസ്തമായ രണ്ട് കൃഷിയിടങ്ങൾക്ക് സഹായം അനുവദിക്കാമെന്ന് റബ്ബർ ബോർഡ്. ഒരേസ്ഥലത്തെ കൃഷിക്ക് രണ്ട് സഹായവും ഒരുമിച്ച് പറ്റില്ല.

• അഞ്ച് ഹെക്ടർ വരെ ഭൂമിയുള്ള കർഷകരെയാണ് കേരപദ്ധതിയിൽ പരിഗണിക്കുക. റബ്ബർ ബോർഡ് രണ്ട് ഹെക്ടർ വരെ ഭൂമിയുള്ളവരെയും. ഒരു കൃഷിക്കാരന് വേണമെങ്കിൽ ഒരു ഹെക്ടറിന് കേരയുടെയും ബാക്കിക്ക് ബോർഡിന്റെയും സഹായം സ്വീകരിക്കാമെന്ന് ബോർഡ് നിർദേശം. കേരയുടെ ചുമതലക്കാരായ കൃഷിവകുപ്പ് ഇക്കാര്യത്തിൽ മറുപടി പറഞ്ഞിട്ടില്ല.

• 32 ഫീൽഡ് ഓഫീസർമാരെ കേര കരാർ അടിസ്ഥാനത്തിൽ നിയമിച്ചു. ബോർഡിനും ഫീൽഡ് ഓഫീസർമാരുണ്ട്. ഇവരുടെ ചുമതല കൃത്യമായി വിഭജിക്കേണ്ടതുണ്ട്. കേരയ്ക്ക് കോട്ടയം നഗരത്തിൽ പ്രത്യേക ഓഫീസ് വരുന്നുണ്ട്. ബോർഡ് കേര നടത്തിപ്പ് ഏജൻസിയെന്ന് പറയുമ്പോൾ പിന്നെന്തിന് രണ്ടുതരം ഫീൽഡ് ഓഫീസർമാർ എന്ന ചോദ്യം ബാക്കി.

• തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിൽമാത്രമാണ് കേരസഹായ മേഖലകൾ. ഇവിടെ ചെറുകിട കർഷകർക്ക് റബ്ബർ ബോർഡ് പദ്ധതി നിർത്തലാക്കുമോ എന്നതിൽ മറുപടിയില്ല.

• സംസ്ഥാനമൊട്ടാകെ കേര നടപ്പാക്കുകയും ഹെക്ടറൊന്നിന് ബോർഡിന്റെ 40,000-വും കേരയുടെ 35,000-വും ചേർത്ത് 75,000 രൂപ നൽകണമെന്നാണ് ഉത്പാദകസംഘങ്ങളുടെ കൂട്ടായ്മയുടെ നിർദേശമെന്ന് ജനറൽ സെക്രട്ടറി ബാബുജോസഫ് പറഞ്ഞു.

• ബോർഡ് നൽകുന്ന സഹായം കുറയുന്നതിനനുസരിച്ച് ബോർഡിനുള്ള കേന്ദ്രവിഹിതം കുറയുമോ എന്ന സംശയവും ബാക്കി. കേരപദ്ധതി പ്രാരംഭ ദശയിലാണെന്നും മേഖലയിലുള്ളവരുമായി ചർച്ചനടത്തി മാർഗനിർദേശം നൽകുമെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു.