
കോട്ടയം: കാർഷിക വായ്പ, താങ്ങുവില വിതരണം എന്നിവയെല്ലാം മാസങ്ങൾക്കുള്ളിൽ അഗ്രിസ്റ്റാക്ക് എന്ന ഒറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി മാറ്റാൻ കേന്ദ്രം. പ്രധാനമന്ത്രി കൃഷി സമ്മാൻ ലഭിക്കാനും ഇത് നിർബന്ധമാക്കിയിരുന്നു. കേരളത്തിൽ 22 ലക്ഷം പേർ ഇതിൽ ഇതിനോടകം രജിസ്റ്റർചെയ്തു.
സബ്സിഡിയോടെയുള്ള സ്വർണപ്പണയ കാർഷിക വായ്പ, നാമമാത്ര പലിശയുള്ള മറ്റ് കാർഷിക വായ്പകൾ, താങ്ങുവില, സംഭരണം, വിള ഇൻഷുറൻസ് എന്നിവയെല്ലാം കേന്ദ്ര-സംസ്ഥാന സാമ്പത്തിക പങ്കാളിത്തമുള്ളതാണ്. ഇത്തരം കാര്യങ്ങളിലെല്ലാം അഗ്രിസ്റ്റാക്ക് വിവരങ്ങളാണ് ഇനി അടിസ്ഥാനം. സമാനമായ സേവനങ്ങൾ നൽകുന്ന കതിർ, എയിംസ് എന്നീ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ കേരള കൃഷിവകുപ്പിനുണ്ട്. കേന്ദ്ര-സംസ്ഥാന പങ്കാളിത്തമുള്ള കാര്യങ്ങളിൽ ഇവിടത്തെ കൃഷിക്കാർ സംസ്ഥാന പ്ലാറ്റ്ഫോമുകളിലേക്കും വിവരം നൽകേണ്ടതുണ്ടോ അതോ അഗ്രിസ്റ്റാക്കിനെ മാത്രം ആശ്രയിച്ചാൽ മതിയോ എന്ന് സംസ്ഥാനം വ്യക്തമാക്കിയിട്ടില്ല. എയിംസിലെ വിവരങ്ങൾ അഗ്രിസ്റ്റാക്കിന് ആദ്യഘട്ടത്തിൽ കേരളം കൈമാറിയിരുന്നു.
ഈ സീസണോടെ രാജ്യത്തെ 604 ജില്ലകളിലെ 30 കോടി കാർഷികഭൂമി പ്ലോട്ടുകൾ അഗ്രിസ്റ്റാക്കിന് കീഴിലാക്കാനാണ് കേന്ദ്രകൃഷിമന്ത്രാലയത്തിന്റെ ലക്ഷ്യം. ഡിജിറ്റൽ സർവീസ് കേന്ദ്രങ്ങൾവഴി സ്വന്തം കൃഷിഭൂമിയുടെ വിവരങ്ങൾ രജിസ്റ്റർചെയ്യാം.
സംസ്ഥാനങ്ങൾ റവന്യൂവകുപ്പ് സഹായത്തോടെ കർഷകന്റെ ഭൂമിയുടെ അളവ്, വിളവ്, അതിര് തുടങ്ങിയ വിവരങ്ങൾ സമാഹരിച്ച് അഗ്രിസ്റ്റാക്കിലേക്ക് നൽകും. കർഷകന്റെ അടിസ്ഥാന വിവരങ്ങൾ രാജ്യത്ത് ഒറ്റ ഡേറ്റയായി മാറും. തിരിച്ചറിയൽ നമ്പരും കിട്ടും. പിന്നീട് ഓരോ ആവശ്യത്തിനും ഭൂവിവരങ്ങളും വ്യക്തിവിവരങ്ങളും കൃഷിക്കാർ നൽകേണ്ടതില്ല. അപേക്ഷ ഓൺലൈനായി കൊടുത്താൽ മതി. കർഷക രജിസ്ട്രി കേന്ദ്രസർക്കാർ റിസർവ് ബാങ്കിന്റെ യൂണിഫൈഡ് ലെൻഡിങ് ഇൻഫ്രാസ്ട്രക്ചറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഏത് ബാങ്കിലും കർഷകന്റെ ഭൂവിവരം അടക്കം ഇതോടെ ലഭ്യമാകും.
പരിമിതികളും സാധ്യതകളും
• കാർഷിക വായ്പകൾ കർഷകരല്ലാത്തവർ ദുരുപയോഗം ചെയ്യുന്നത് ഒഴിവാകും. എന്നാൽ, കാർഷിക കാര്യങ്ങൾക്കല്ലാതെ ചെറുകിട വ്യക്തിഗത ആവശ്യങ്ങൾ നിറവേറ്റാനും കാർഷിക വായ്പയെടുക്കുന്ന കർഷകരുണ്ട്. ഭൂമി വിശകലനം ചെയ്ത് കൃഷിക്കാണോ എന്ന് പരിശോധിച്ചാൽ ഇത് നടക്കാതെവരും.
• കാർഷിക സ്വർണപ്പണയ വായ്പകൾക്ക് നിലവിലുള്ള നിയന്ത്രണം കൂടുതൽ ശക്തമാകും.
• നെല്ലുസംഭരണത്തിലും മറ്റും മറ്റൊരാളിന്റെ വയലിന്റെ വിവരംകൂടി നൽകി അധികസഹായം നേടുന്ന ചില തട്ടിപ്പുകൾ സംസ്ഥാന വിജിലൻസ് കണ്ടെത്തിയിരുന്നു. അവ ഒഴിവാകും. ഓരോ വ്യക്തിയുടെ പ്ലോട്ടും ഡിജിറ്റലായി വേർതിരിച്ച നിലയിലാണ് പ്ലാറ്റ്ഫോമിൽ സൂക്ഷിക്കുക.
• സംഭരിച്ച ധാന്യമാണോ സംസ്കരിച്ച് വിതരണത്തിന് നൽകിയതെന്ന് അറിയാം.
• പാട്ടകൃഷി ചെയ്യുന്നവർക്ക് ആശങ്ക. അവർക്ക് ഭൂവുടമയുടെ ഭൂവിവരം നൽകി രജിസ്റ്റർ ചെയ്യാമോ എന്നതിൽ ആശയക്കുഴപ്പം.
Content Highlights: India's AgriStack digital platform streamlines 2026 agricultural loans, MSP, and insurance.
Published: 07 Jul 2026, 08:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented