ഇറച്ചിക്കായി വളർത്താൻ യോജിച്ച താറാവിനങ്ങളിൽ പ്രധാനപ്പെട്ടതാണ് വിഗോവ താറാവുകൾ. മുട്ടയ്‌ക്കായും വളർത്താം. വെള്ളനിറവും പെട്ടെന്നുള്ള വളർച്ചനിരക്കും പ്രത്യേകതകളാണ്. മികച്ച തീറ്റ പരിവർത്തനശേഷിയുമുണ്ട്. സാധാരണ താറാവുകളെക്കാൾ രോഗപ്രതിരോധശേഷി കൂടുതലായിരിക്കും.

To advertise here,

രണ്ടുമാസംകൊണ്ട് പൂവൻ 2.85-ഉം പിട 2.5-ഉം കിലോഗ്രാം ഭാരംവെക്കും. അലങ്കാരപ്പക്ഷിയായും ഉപയോഗിക്കാം. മനുഷ്യനുമായി പെട്ടെന്ന് ഇണങ്ങുന്നവയാണ്‌. ശത്രുക്കളെ കൂട്ടത്തോടെ എതിർക്കാൻ കഴിവുണ്ട്. മറ്റു താറാവുകളെപ്പോലെ നീന്തിത്തുടിക്കാൻ വലിയ തടാകങ്ങളോ ജലാശയങ്ങളോ ആവശ്യമില്ല. പകരം കണ്ണ് നനയ്ക്കാൻ വേണ്ട സൗകര്യം മതി. അല്ലെങ്കിൽ കണ്ണിന് രോഗം പിടിപെടാൻ സാധ്യത കൂടുതലാണ്. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്നവയാണ്.

പാർപ്പിടം

പരമാവധി 60 ദിവസത്തെ പരിപാലനമാണ് ഇറച്ചിത്താറാവുകളെ വളർത്താൻ വേണ്ടുന്ന കാലഘട്ടം. ഷെഡ്ഡിന്റെ തറയിൽ അറക്കപ്പൊടിയോ ചിന്തേരോ വിരിച്ച് കോഴികളെ വളർത്തുന്ന ഡീപ് ലിറ്റർ രീതിയിൽ വളർത്താം. തറ കോൺക്രീറ്റ് ചെയ്ത് വശങ്ങളിൽ കമ്പി വലകളിട്ട് മേൽക്കൂരയായി ഓലയോ ഓടോ ഷീറ്റോ ഉപയോഗിക്കാം. കുഞ്ഞുങ്ങൾക്ക് ആദ്യത്തെ 2-3 ആഴ്ചക്കാലം ചൂട് നൽകണം. അറക്കപ്പൊടി തിന്നുന്നത് ഒഴിവാക്കാൻ ആദ്യത്തെ രണ്ട് മൂന്ന് ദിവസം പത്രക്കടലാസ് വിരിക്കാം.

ഒരു കുഞ്ഞിന് രണ്ടുവാട്ട് എന്ന വിധത്തിൽ ഇലക്‌ട്രിക്‌ ബൾബുകളോ ഇൻഫ്രാറെഡ് ബൾബുകളോ ഉപയോഗിച്ച്‌ ചൂട് നൽകാം. അന്തരീക്ഷ ഊഷ്മാവും താറാവിൻ കുഞ്ഞുങ്ങളുടെ അവസ്ഥയും നിരീക്ഷിച്ച് ചൂട് ക്രമീകരിക്കണം. ആദ്യ ആഴ്ച ചൂട് 29-32 ഡിഗ്രി എന്ന വിധത്തിലായിരിക്കണം. പിന്നീട് ആഴ്ചയിൽ മൂന്നു ഡിഗ്രി വീതം കുറച്ചുകൊണ്ടുവരാം. മൂന്നാഴ്ചവരെ താറാവൊന്നിന് അര ചതുരശ്രയടി സ്ഥലം വേണം. വെള്ളപ്പാത്രങ്ങൾ ഒരു വശത്ത് മാത്രംവെക്കുക. വെള്ളം തെറിപ്പിച്ച് ലിറ്റർ അമിതമായി നനയാതിരിക്കാനാണിത്. ഇതിനായി ഷെഡ്ഡിന്റെ വശങ്ങളിലായി അറക്കപ്പൊടി വിതറണം. അറക്കപ്പൊടി വിതറാത്ത ഭാഗത്ത് വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയാവുന്നവിധത്തിൽ വെള്ളപ്പാത്രങ്ങൾ വെക്കണം. ഈ കാലയളവിൽ വെള്ളപ്പാത്രത്തിന് കേവലം 5 - 7.5 സെന്റീമീറ്റർ ആഴമേ പാടുള്ളൂ. തല മുക്കാൻ ഈ പ്രായത്തിൽ അനുവദിക്കരുത്.

ചൂട് നൽകി വളർത്തുന്ന സമയം (ബ്രൂഡിങ് സമയം) കഴിഞ്ഞാൽ കുഞ്ഞുങ്ങളെ ഗ്രോവർ ഷെഡ്ഡിലേക്ക് മാറ്റുകയോ അല്ലെങ്കിൽ അതേ ഷെഡ്ഡിൽ കൂടുതൽ സ്ഥലസൗകര്യം നൽകി വളർത്തുകയോ ചെയ്യാം. ലിറ്റർ നനവില്ലാതെ സൂക്ഷിക്കണം. നനവുള്ള ഭാഗത്ത് അറക്കപ്പൊടിയും കുമ്മായവും ഇടണം. ലിറ്റർ ഇടയ്ക്കിടെ ഇളക്കിയെടുക്കണം. മൂന്നാഴ്ച മുതലുള്ള സമയം വളർച്ചയുടെ കാലമാണ്. ഈ സമയത്ത് താറാവൊന്നിന് മൂന്നു ചതുരശ്രയടി സ്ഥലം നൽകണം. ഈ സമയത്ത് വെള്ളപ്പാത്രങ്ങൾ അര അടി വരെ ആഴമുള്ളതായിരിക്കണം. വെള്ളത്തിൽ തല മുക്കാനുള്ള സൗകര്യത്തിനാണിത്. വലിയ താറാവുകൾക്ക് നീന്താൻ വെള്ളം വേണമെന്ന് നിർബന്ധമില്ല. ഇടയ്ക്കിടെ കൊക്കുവൃത്തിയാക്കാനുള്ള സൗകര്യം ഒരുക്കണം. വെള്ളത്തിൽ കൂടുതൽ സമയം ചെലവഴിച്ചാൽ ഇവയുടെ ഭാരം കുറയാൻ സാധ്യതയുണ്ട്.

തീറ്റ

ആദ്യത്തെ 14 ദിവസം പ്രീ സ്റ്റാർട്ടറും തുടർന്ന് 28 ദിവസം വരെ സ്റ്റാർട്ടറും അതിനുശേഷം ഫിനിഷർ തീറ്റയുമാണ് നൽകേണ്ടത്. പല തവണകളായി പേപ്പർ വിരിയിലോ, ഫീഡർ പാത്രത്തിലോ നൽകണം. ഇറച്ചിത്താറാവുകൾക്ക് പൊടിത്തീറ്റയോ, പെല്ലറ്റ് തീറ്റയോ നൽകാം. നനച്ച പൊടിത്തീറ്റയാണ് നല്ലത്. ഇറച്ചിക്കോഴികളുടെ തീറ്റയാണ് സാധാരണയായി ഉപയോഗിക്കുന്നത്. മൂന്നാഴ്ചവരെ വെള്ളം ആവശ്യത്തിനുമാത്രം നൽകുക. മൂന്നാമത്തെ ആഴ്ച മുതൽ മുട്ടയ്ക്കുവേണ്ടി വളർത്തുന്ന വിഗോവ കുഞ്ഞുങ്ങളെ അഴിച്ചുവിട്ടു വളർത്താം. ഈ ഘട്ടത്തിൽ ഗ്രോവർതീറ്റ നൽകാം. വെള്ളംകെട്ടി നിൽക്കാതെ അല്പം ഉയർന്ന സ്ഥലമായിരിക്കണം കൂടിന് തിരഞ്ഞെടുക്കേണ്ടത്.

നാലാഴ്ച മുതൽ ദിവസം രണ്ടുനേരം വീതം തീറ്റ കൊടുത്താൽ മതിയാകും. ഗ്രോവർ തീറ്റയുടെ അളവ് കുറയ്ക്കാൻ താറാവുകൾക്ക്‌ കൃത്രിമത്തീറ്റ നൽകാതെ അഴിച്ചുവിട്ടു മേയ്‌ക്കുമ്പോൾ തീറ്റ കുറഞ്ഞ സമയങ്ങളിൽ കൈത്തീറ്റ നൽകാറുണ്ട്‌. ഗോതമ്പ്‌, അരി, പതിര്‌, മണിച്ചോളം, ചെറുമീൻ, അരിത്തവിട്‌ ചോറ്, കപ്പലണ്ടിപ്പിണ്ണാക്ക്‌, പനച്ചോറ്‌, ഓമക്കായ, അസോള എന്നിവയാണവ. കൈത്തീറ്റ തിരഞ്ഞെടുക്കുന്നത്‌ അതിന്റെ ലഭ്യതയും വിലയും നോക്കിയാണ്‌. ഇതിൽ രണ്ടോ മൂന്നോ എണ്ണം മിശ്രിതമാക്കിയും നൽകാറുണ്ട്‌. അഴിച്ചുവിട്ടു വളർത്തുന്നതിനാൽ തീറ്റയ്ക്കുള്ള മാർഗം അവ തന്നെ കണ്ടുപിടിക്കും.

രണ്ടുമാസം കഴിഞ്ഞാൽ ശബ്ദംകൊണ്ട് പൂവനെയും പിടയെയും തിരിച്ചറിയാൻ സാധിക്കും. പിട എപ്പോഴും കരയുകയും ഘനമുള്ള ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്നു. പിടയെ അപേക്ഷിച്ച് പൂവന്റെ പതിഞ്ഞ ശബ്ദവും വേഗത്തിലുള്ള വളർച്ചനിരക്കും പിടയിൽനിന്ന്‌ പൂവനെ തിരിച്ചറിയാൻ സഹായിക്കുന്നു. വേർതിരിച്ച ആൺതാറാവിനെ ഇറച്ചിക്കും പെണ്ണിനെ മുട്ടയ്ക്കായും സജ്ജമാക്കാം. നാലാംമാസം മുതൽ പിട മുട്ടയിടാൻ തുടങ്ങും. മറ്റു താറാവുകളെപ്പോലെ കൂടിനുള്ളിൽ മുട്ടയിടാതെ മണ്ണുമാന്തി കുഴിയുണ്ടാക്കി അതിൽ മുട്ടയിടുന്നതാണ് ഇവയുടെ ശീലം. പ്രതിവർഷം 150-180 മുട്ടകൾ വരെ ഇടാറുണ്ട്. മുട്ടയുടെ തോടിനു കട്ടി കൂടുതലായതിനാൽ പൊട്ടിപ്പോകാനുള്ള സാധ്യത കുറവാണ്.

വിവരങ്ങൾക്ക്: 9947452708.

കുഞ്ഞുങ്ങൾക്ക്

കേന്ദ്ര സർക്കാരിന്റെ കീഴിൽ ബെംഗളൂരു ഹസർഗട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ പൗൾട്രി ഡിവലപ്മെന്റ് ഓർഗനൈസേഷൻ (080 2846 6226) 1996-ൽ വിയറ്റ്നാമിൽനിന്ന്‌ വിഗോവ സൂപ്പർ എം എന്ന മികച്ചയിനം ഇറച്ചിത്താറാവുകളെ ഫാമിലെത്തിച്ചു. ഈ മാതൃശേഖരത്തിൽനിന്നുള്ള കുഞ്ഞുങ്ങളാണ് കേരളത്തിലും ഇന്ത്യയിലെമ്പാടും പ്രചാരത്തിലായി തീർന്നത്. ഈ സ്ഥാപനവുമായി ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. തിരുവല്ല നിരണത്തെ സർക്കാരിന്റെ താറാവ് ഫാമിലും (0469 2711 898), വെറ്ററിനറി യൂണിവേഴ്സിറ്റി പൗൾട്രി ഫാം, മണ്ണുത്തി, തൃശ്ശൂരിലും (0487-2371178) കുഞ്ഞുങ്ങളെ ലഭിക്കും.