
ഗണേഷ് അനന്തകൃഷ്ണന്‍ എന്ന മലയാളി യുവാവിന്റെ കാത്തിരിപ്പ് സഫലം. തൃപ്പൂണിത്തുറയിലെ വീടിന്റെ ടെറസില്‍ റോസ് നിറത്തില്‍ ആയിരം ഇതളുകളുള്ള താമരപ്പൂ വിരിഞ്ഞിരിക്കുന്നു. മറ്റൊന്ന് വിടരാന്‍ നില്‍ക്കുന്നു. അതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം.
സഹസ്രദള പത്മത്തെക്കുറിച്ച് പുരാണങ്ങളിലൊക്കെ പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ഇത്രയും ഇതളുകളോടെ ഇന്ത്യയുടെ ദേശീയ പുഷ്പം തെക്കേ ഇന്ത്യയില്‍ വിരിഞ്ഞിരിക്കുന്നത് ഇതാദ്യമാണത്രെ.
മൂവാറ്റുപുഴയില്‍ റബ്ബര്‍ ബോര്‍ഡില്‍ ഉദ്യോഗസ്ഥനായ തൃപ്പൂണിത്തുറ മാര്‍ക്കറ്റ് റോഡ് 'ഗോകുല'ത്തില്‍ ഗണേഷ് കുമാര്‍ അനന്തകൃഷ്ണന്റെ വീട്ടു ടെറസിലെ പൂന്തോട്ടത്തിലാണ് കണ്ണുകള്‍ക്ക് ആനന്ദം പകരുന്ന ഈ അപൂര്‍വ കാഴ്ച. പ്ലാസ്റ്റിക് പാത്രത്തില്‍ വളര്‍ന്നു നില്‍ക്കുന്ന ചെടിയില്‍ താമരപ്പൂ വിരിഞ്ഞിട്ട് നാലു ദിവസമായി. ഒരു മൊട്ട് വിടരാനായി നില്‍പ്പുണ്ട്. അത് അടുത്ത ദിവസങ്ങളില്‍ വിടരും.
ലോകത്താകെയുള്ള താമരപ്പൂക്കളെക്കുറിച്ച് പഠിക്കുകയും വിത്തുകള്‍ ക്രോസ് ചെയ്ത് വ്യത്യസ്തങ്ങളായ താമരപ്പൂക്കള്‍ സൃഷ്ടിക്കുകയും ചെയ്ത വ്യക്തി കൂടിയാണ് ഗണേഷ് അനന്തകൃഷ്ണന്‍. ത്രിപുരയില്‍ ജോലി നോക്കവേ അവിടത്തെ പൂന്തോട്ടം കാടുകയറിക്കിടക്കുന്നതു കണ്ട് പുല്ലൊക്കെ വെട്ടിമാറ്റി ഭംഗിയാക്കി. നാട്ടില്‍നിന്ന് താമരവിത്ത് കൊണ്ടുവന്നു നട്ടു.
ഇന്ത്യക്കാരനായ ചൈനയിലുള്ള സുഹൃത്ത് വഴി ആയിരം ഇതള്‍ വിരിയുന്ന താമരയുടെ കിഴങ്ങ് അന്ന് കിട്ടി. അത് അവിടെ നട്ട് ചെടിയായി. പൂവിട്ടു. റോസ് ഉള്‍പ്പെടെ മറ്റ് പല പൂക്കള്‍ക്കും പല കളറുകളുണ്ട്. പിന്നെന്തുകൊണ്ട് താമരയില്‍ അതില്ല എന്ന അന്വേഷണമാണ് താന്‍ പിന്നീട് നടത്തിയതെന്ന് ഗണേഷ് പറയുന്നു.
മധുര മീനാക്ഷി ക്ഷേത്രത്തില്‍ സ്വര്‍ണത്താമര കൊണ്ട് പൂജ ചെയ്തിരുന്നതിനെക്കുറിച്ചൊക്കെ തമിഴ്‌നാട്ടില്‍ കൃഷി സെമിനാറില്‍ പോയപ്പോള്‍ അറിഞ്ഞു. അങ്ങനെ മഞ്ഞത്താമരയുടെ വിത്തും ഗണേഷ് ക്രോസ് ചെയ്‌തെടുത്തു. മഹാരാഷ്ട്രയിലെ ഭര്‍വിയിലുള്ള സോമനാഥ് പാല്‍ എന്ന സുഹൃത്തിന് അത് നല്‍കി. അവിടെ അത് ചെടിയായി മഞ്ഞത്താമര വിരിയുകയും ചെയ്തു.
പരാഗണം നടത്തി അദ്ദേഹം ആദ്യമായി സൃഷ്ടിച്ച താമരയ്ക്ക് തന്റെ അമ്മയുടെ പേരായ 'അലമേലു' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. താമരപ്പൂക്കളെ ഏറെ ഇഷ്ടപ്പെടുന്നതിനാല്‍ അതിന്റെ പഠനത്തെ തുടര്‍ന്നാണ് ഗണേഷ് അനന്തകൃഷ്ണന്‍ സഹസ്രദള താമര ഉള്‍പ്പെടെ വ്യത്യസ്തങ്ങളായ താമരകള്‍ ലോകത്തിനായി സൃഷ്ടിക്കുന്നത്.
Content Highlights: Thousand petal lotus bloomed in Thripunithura
Published: 13 Jul 2020, 07:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented