
കടലാസുപൂക്കളുടെ പൂവിടലില്‍ പുതുപ്പറമ്പില്‍ വീട് വര്‍ണത്തില്‍ കുളിച്ചു. കുടിയാന്മലക്കടുത്ത് പൊന്മലയിലെ പി.ടി. ജോസിന്റെയും മീറ്റി ജോസിന്റെയും പരിപാലനമേറ്റ് പൂത്തുനില്‍ക്കുന്നത് നൂറുകണക്കിന് ചെടികളാണ്. വിനോദസഞ്ചാരകേന്ദ്രങ്ങളായ പൈതല്‍മലയിലേക്കും ഏഴരക്കുണ്ടിലേക്കും പാലക്കയത്തേക്കും വരുന്നവര്‍ക്ക് മറ്റൊരു കാഴ്ചയാവുകയാണ് കടലാസുപൂക്കളുടെ നഴ്‌സറിയും വീടും. സമീപ വീടുകളുടെ മുറ്റവും റോഡരികും പൂച്ചെടികള്‍ നിറഞ്ഞതോടെ 'പൂമല'യായി പൊന്‍മല മാറി.
പടമെടുക്കാനായി മാത്രം ദിവസവും ഇവിടെയെത്തുന്നവര്‍ നിരവധി. 110 ഇനത്തിലുള്ള പൂക്കളും ചെടികളും ഇവിടെയുണ്ട്. പൂവിട്ട ഓരോ ഇനവും നമ്പറിട്ട് പ്രത്യേകം ചട്ടികളില്‍ വളര്‍ത്തി വീട്ടുമുറ്റത്ത് പ്രദര്‍ശിപ്പിച്ചതും ശ്രദ്ധേയമാണ്. ഇതിനു പുറമെ പൂച്ചട്ടികളിലും പോളിത്തീന്‍ ബാഗുകളിലുമായി തയ്യാറാക്കിയ ചെടികള്‍ വാങ്ങാനെത്തുന്നവര്‍ക്കയി തരംതിരിച്ച് ഭംഗിയില്‍ ക്രമീകരിച്ചുവെച്ചിട്ടുമുണ്ട്. ഒരു സീസണില്‍ പതിനായിരത്തോളം തൈകള്‍ ഇവിടെനിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നതായി ജോസും മീറ്റിയും പറയുന്നു. ഇവരെ കൂടാതെ നാല് സ്ഥിരം തൊഴിലാളികള്‍ കൂടി പരിപാലനത്തിനും സഹായത്തിനുമായുണ്ട്.
60 രൂപമുതല്‍ മുകളിലോട്ടാണ് വില. വലുപ്പവും വ്യത്യസ്തതയും കൂടുന്നതനുസരിച്ച് വിലയില്‍ മാറ്റമുണ്ടാവും. ഗാര്‍ഡന്‍ നഴ്‌സറി നടത്തിപ്പുകാരും ഇവിടെനിന്നാണ് ചെടികള്‍ കൊണ്ടുപോകുന്നത്. കമ്പുകള്‍ നട്ടും ബഡ്ഡ് ചെയ്തും പുതിയ തൈകള്‍ ഉണ്ടാക്കും. ജോസാണ് ബഡ്ഡ് ചെയ്യുന്നത്. പുതിയ ഇനം ചെടികള്‍ എവിടെ എത്തിയാലും അവിടെച്ചെന്ന് വാങ്ങിക്കൊണ്ടുവരും. നവമാധ്യമങ്ങള്‍ വഴിയാണ് പുതിയ ഇനങ്ങള്‍ പരിചയപ്പെടുന്നത്. വളര്‍ത്തി വലുതാകുമ്പോഴെ ഈ ചെടികളില്‍നിന്ന് പുതിയ തൈ തയ്യാറാക്കൂ. ഒന്നില്‍തന്നെ ഏഴുനിറമുള്ള പൂക്കള്‍ വിരിയുന്ന ചെടി ഇവിടെയുണ്ട്. മക്കളായ ജുവല്‍, ആല്‍ഡന്‍ എന്നിവരുടെ സഹായവും കടലാസുപൂക്കളുടെ സംരക്ഷണത്തിന് ലഭിക്കുന്നുവെന്ന് ഇവര്‍ പറയുന്നു.
കാര്‍ഷിക നഴ്‌സറിയില്‍നിന്ന് ഗാര്‍ഡന്‍ നഴ്‌സറിയിലേക്ക്
പുതുപ്പറമ്പില്‍ നഴ്‌സറി എന്ന പേരില്‍ റബ്ബര്‍ തൈകള്‍ തയ്യാറാക്കിയാണ് ജോസ് ഈ രംഗത്തെത്തുന്നത്. കൃഷി ആദായമല്ലാതായതോടെ ചുവടുമാറ്റേണ്ടിവന്നു. റബ്ബറിനു പകരം അലങ്കാരച്ചെടികളുടെ നഴ്‌സറി തുടങ്ങി. പ്രായോഗികമായ ബുദ്ധിമുട്ട് ഉണ്ടായപ്പോള്‍ കടലാസുപൂക്കളുടെ നഴ്‌സറി മാത്രമാക്കി മാറ്റി. മറ്റ് ചെടികള്‍ കാലാവസ്ഥയ്ക്കനുസരിച്ച് സംരക്ഷിക്കലും പരിചരിക്കലും പ്രയാസമായതാണ് കാരണം.
ഏറ്റവും എളുപ്പമാണ് കടലാസ് ചെടികളുടെ സംരക്ഷണം. മഴക്കാലത്ത് മാത്രമാണ് പ്രയാസം. ആ സമയങ്ങളില്‍ മഴമറയ്ക്കുള്ളില്‍ ചെടികള്‍ വളര്‍ത്തും. വെയിലാണ് ചെടികള്‍ക്ക് പ്രധാനം. ദിവസം ഒരു നേരം ചെറുതായി നനച്ചാല്‍ മതി. വിരിഞ്ഞ പൂവ് 45 മുതല്‍ 50 ദിവസം വരെ നില്‍ക്കും. തുടര്‍ന്ന് വീണ്ടും മൊട്ടുവരും. നനയ്ക്കുമ്പോള്‍ പൂക്കളില്‍ വെള്ളം വീഴ്ത്തരുത്. വേനല്‍ക്കാലം മുഴുവന്‍ പൂക്കള്‍ വിരിഞ്ഞുകൊണ്ടിരിക്കും.
ഇങ്ങനെ പരിചരിക്കൂ
നഴ്‌സറിയില്‍നിന്ന് വാങ്ങി വീട്ടിലെത്തുമ്പോള്‍ പൂക്കള്‍ കുറയുന്നുവെന്ന് പരാതി ഉയരാറുണ്ട്. പരിചരണത്തില്‍ ശ്രദ്ധിച്ചാല്‍ ഇത് പരിഹരിക്കാമെന്ന് മീറ്റി ജോസ് പറയുന്നു. മണ്ണ്, ചാണകപ്പൊടി, ചകിരിച്ചോറ്, എല്ലുപൊടി എന്നിവയുടെ മിശ്രിതമാണ് ചട്ടിയില്‍ നിറയ്‌ക്കേണ്ടത്. എല്ലാ വര്‍ഷവും പ്രൂണ്‍ ചെയ്യണം. ചുവടിളക്കി ചാണകപ്പൊടിയിട്ട് കൊടുക്കണം. രണ്ടാഴ്ച കൂടുമ്പോള്‍ ഒരു നുള്ള് ഫാക്ടംഫോസ് ഇട്ടുകൊടുത്താല്‍ നല്ലതാണ്.
Content Highlights: Success story of a bougainvillea nursery in kannur
Published: 07 Feb 2022, 06:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented