
കാലാവസ്ഥാ വ്യതിയാനം ശാസ്ത്രീയ ചർച്ചകളിൽ മാത്രം ഒതുങ്ങുന്ന വിഷയമല്ല. അത് നമ്മുടെ ആരോഗ്യത്തെയും കാർഷികവൃത്തിയെയും മറ്റു തൊഴിൽമേഖലകളെയും പ്രതികൂലമായി ബാധിച്ചുതുടങ്ങിയിട്ട് നാളുകളേറെയായി. മഴയുടെ സമയക്രമവും അളവും മാറി. വേനൽ കടുത്തു. പ്രളയവും വരൾച്ചയും ആവർത്തിക്കുന്ന സ്ഥിതിയാണ് കേരളം ഉൾപ്പെടെ ഇന്ന് അഭിമുഖീകരിക്കുന്നത്. ഒരു കാലത്ത് മഴയും വെയിലും കൃത്യമായി കണക്കുക്കൂട്ടി ദീർഘകാലാടിസ്ഥാനത്തിൽ നടത്തിവന്നിരുന്ന കാർഷികവൃത്തി കർഷകർക്ക് ലാഭകരമായിരുന്നെങ്കിൽ ഇപ്പോൾ കാലം തെറ്റിയെത്തുന്ന മഴയും വെയിലും നഷ്ടത്തിന്റെ പടുകുഴിയിലേക്ക് കർഷകരെ തള്ളിവിടുകയാണ്. വരും നാളുകളിൽ കാലാവസ്ഥ മാറ്റങ്ങൾ കാർഷിക മേഖലയെ അതികഠിനമായി ബാധിക്കും. ഇവിടെ കാലാവസ്ഥയ്ക്ക് അനുസൃതമായ പ്രകൃതി സൗഹൃദ കൃഷിയിലേക്ക് കർഷകർ മാറേണ്ടതും അന്തരീക്ഷ താപനില ഉയരുന്നത് തടയുന്നതിന് പങ്കാളികളാകേണ്ടതും അത്യന്തപേക്ഷിതമാണ്.
മാറുന്ന കാലാവസ്ഥയും മാറേണ്ട കൃഷിരീതിയും
കഴിഞ്ഞ എത്രയോ വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ദശകമായിരുന്നു കഴിഞ്ഞുപോയത് (2015-2024) എന്ന് യുണൈറ്റഡ് നേഷൻസ് പറയുന്നു. കഴിഞ്ഞ നാല് ദശകങ്ങളിൽ ഓരോന്നും 1850 മുതൽ മുമ്പത്തെ ഏതൊരു ദശകത്തേക്കാളും ചൂടേറിയതായിരുന്നുവെന്നും യുഎൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കടുത്ത വരൾച്ച, ജലക്ഷാമം, തീപിടിത്തങ്ങൾ, സമുദ്രനിരപ്പ് ഉയരുന്നത്, വെള്ളപ്പൊക്കം, ധ്രുവീയ മഞ്ഞുരുകൽ, വിനാശകരമായ കൊടുങ്കാറ്റുകൾ, ജൈവവൈവിധ്യത്തിന്റെ കുറവ്.. തുടങ്ങി കഴിഞ്ഞ കുറച്ചു കാലങ്ങളായി പ്രകൃതിയിൽ നടക്കുന്നത് താരതമ്യപ്പെടുത്താൻ കഴിയാത്ത വിധത്തിലുള്ള പ്രശ്നങ്ങളാണ്. ഭൂമിയിലെ മനുഷ്യന്റെ നിലനിൽപ്പിനെയടക്കം ബാധിക്കുന്ന വിധത്തിലേക്ക് കാര്യങ്ങൾ മാറിമറിയുന്നു. കാർഷികമേഖലയിലടക്കം ഈ മാറ്റങ്ങൾ പ്രതിഫലിക്കുന്നു. ഈ മാറുന്ന കാലാവസ്ഥയിൽ കൃഷി ഒരിക്കലും പരമ്പരാഗത രീതിയിൽ മാത്രം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നും രാസവളങ്ങളുടെ അമിതപ്രയോഗമുൾപ്പെടെ കാർഷികവൃത്തിയെ പ്രതികൂലമായി ബാധിക്കുമെന്നും ഇതിനോടകം വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാലവസ്ഥ വ്യതിയാനത്തോട് മല്ലിട്ട് കൃഷി എങ്ങനെ ലാഭകരമായി പ്രകൃതിക്കും മനുഷ്യനും ദോഷമില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുമെന്ന ചോദ്യമാണ് കർഷകർ എക്കാലവും അഭീമുഖീകരിക്കുന്നത്.
മഴ, താപനില, ഈർപ്പം, കാറ്റ് ഇവയെല്ലാം കാർഷിക വിളവിന്റെ ഗുണനിലവാരത്തെയും അളവിനെയും നേരിട്ട് സ്വാധീനിക്കുന്നു. എന്നാൽ കാലാവസ്ഥാ മാറ്റം മൂലം ഈ ഘടകങ്ങൾ എല്ലാം അസ്ഥിരമായി മാറിയിരിക്കുകയാണ്. മുമ്പ് കൃത്യമായി പ്രവചിക്കാനാവുന്ന മഴക്കാലം ഇന്ന് വിശ്വാസയോഗ്യമല്ല. ഒരു വർഷം തന്നെ അമിതമഴയും കടുത്ത വരൾച്ചയും അനുഭവപ്പെടുന്നു. നെല്ല് പോലെ, ജലത്തെ അടിസ്ഥാനമാക്കിയുള്ള വിളകൾ കർഷകർ കൃഷി ചെയ്യുന്നത് ആശങ്കകൾക്ക് നടുവിലാണ്. വിത്ത് പാകി വിളവെടുക്കുംവരെയും കർഷകർ അനുഭവിക്കുന്ന മാനസിക സംഘർഷം വലുതാണ്. ശരാശരി താപനില ക്രമാതീതമായി ഉയരുന്നതും വിളകളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു. കുരുമുളക്, ഏലം, കാപ്പി പോലുള്ള വിളകൾക്ക് ഇത് വലിയ ഭീഷണിയാണ്. പ്രളയം, ചുഴലിക്കാറ്റ്, ഉഷ്ണതരംഗങ്ങൾ തുടങ്ങിയവയും കൃഷിനാശം വർധിപ്പിക്കുന്നു. ഒരു രാത്രികൊണ്ട് നീണ്ടകാലത്തെ പരിശ്രമം ഫലമില്ലാതാവുന്നത് നോക്കിനിൽക്കേണ്ടിവരുന്നത് കർഷികവൃത്തിയിൽ നിന്ന് പിന്തിരിയുന്നതിന് ആളുകളെ നിർബന്ധിതരാക്കുന്നു.
പരമ്പരാഗത കൃഷിരീതികൾ മാത്രം മതിയോ? കാലാവസ്ഥാ സൗഹൃദ കൃഷിരീതികൾ അനിവാര്യം
നമ്മുടെ പല കൃഷിരീതികളും രൂപപ്പെട്ടത് സ്ഥിരതയുള്ള കാലാവസ്ഥയെ അടിസ്ഥാനമാക്കിയായിരുന്നു. ഒരേ വിള, ഒരേ സീസൺ, ഒരേ രീതിയിൽ എന്ന സമീപനം കാലാവസ്ഥാ മാറ്റത്തിന്റെ കാലത്ത് അപകടകരമാണ്. ഏകവിളകൃഷി, കൃഷിയിടങ്ങളിൽ രോഗങ്ങളും കീടങ്ങളും പെട്ടെന്ന് പടരാൻ ഇടയാക്കുന്നു. കൂടാതെ രാസവളങ്ങളെയും കീടനാശിനികളെയും ആശ്രയിച്ചുള്ള കൃഷി, മണ്ണിന്റെ ജൈവശക്തി കുറയ്ക്കുകയും കാലാവസ്ഥാ പ്രതിരോധശേഷി നശിപ്പിക്കുകയും ചെയ്യുന്നുവെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഒരേ നിലത്തിൽ ഒരേസമയം അല്ലെങ്കിൽ വ്യത്യസ്ത സീസണുകളിൽ വിവിധ വിളകൾ കൃഷി ചെയ്യുന്നത് അപകടസാധ്യത കുറയ്ക്കുന്നു. ഒരു വിള നശിച്ചാലും മറ്റൊന്ന് വരുമാനം നൽകും. കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള ഇനങ്ങൾ കൃഷി ചെയ്യുന്നതിലേക്ക് മാറി ചിന്തിക്കണം. ജൈവവളങ്ങൾ, പച്ചവളം, കമ്പോസ്റ്റ്, ജീവാണു വളങ്ങൾ എന്നിവ ഉപയോഗിച്ച് മണ്ണിന്റെ ആരോഗ്യം നിലനിർത്താം. ആരോഗ്യമുള്ള മണ്ണിന് കാലാവസ്ഥാ മാറ്റങ്ങളെ നേരിടാൻ കൂടുതൽ കഴിവുണ്ട്. മഴവെള്ള സംഭരണം, ഡ്രിപ്പ്, സ്പ്രിങ്ക്ലർ പോലുള്ള മൈക്രോ ഇറിഗേഷൻ, മൾച്ചിങ്(പുതയിടൽ) വഴി മണ്ണിലെ ഈർപ്പം നിലനിർത്തൽ മുതലായ മാർഗങ്ങളിലൂടെ ജലക്ഷാമത്തെ ചെറുക്കാം.
ഭൂഗർഭ ജല ശോഷണം
കൃഷിയും ജലവും തമ്മിലുള്ള ബന്ധം ജീവനും ശ്വാസവും പോലെ അത്രമേൽ അവിഭാജ്യമാണ്. എന്നാൽ ഇന്നത്തെ കൃഷിരീതികൾ പല പ്രദേശങ്ങളിലും ഭൂഗർഭ ജല ശോഷണത്തിന്റെ (Groundwater Depletion) പ്രധാന കാരണമായി മാറുന്നു. കാലാവസ്ഥാ മാറ്റം, വിളരീതികളിലെ മാറ്റം, ഉപഭോഗ സംസ്കാരം മുതലായവ ഭൂഗർഭ ജല ശോഷണത്തിനും വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാരണമാകുകയും ചെയ്യുന്നു. സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ ഭൂഗർഭജലത്തിന്‍റെ പ്രകടമായ കുറവ് സംഭവിച്ചു തുടങ്ങിയിരിക്കുന്നു. താനൂരിൽ വിവിധ വാർഡുകളിൽ വേനൽക്കാലം ആകുമ്പോൾ കിണറ്റിലേക്ക് കടൽവെള്ളം കയറുന്ന സ്ഥിതിയുണ്ട്. മർദം കൂടിയ സ്ഥലത്തുനിന്ന് മർദം കുറഞ്ഞ സ്ഥലത്തേക്ക് വെള്ളം വരും. ഭൂഗർഭജലം കുറയുമ്പോൾ കിണറുകളിലേക്ക് കടൽവെള്ളം കയറിവരുന്നതിന്‍റെ കാരണമിതാണ്. ഇവയ്ക്കെല്ലാം പരിഹാരം കണ്ടെത്തേണ്ട, മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. കൃഷിയെ ജല ഉപഭോഗത്തിന്റെ പ്രശ്നമായി അല്ല, ജലസംരക്ഷണത്തിന്റെ പരിഹാരമായി മാറ്റേണ്ട സമയമാണിത്.
വേണം ക്ലൈമറ്റ് ആക്ഷൻ പ്ലാൻ
‘പ്രകൃതിയെ പരിഗണിക്കാതെയുള്ള ജീവിതരീതിയാണ് നിലവിൽ നമ്മൾ പിന്തുടരുന്നത്. ഈ ഒരു രീതിയിൽ മുന്നോട്ട് പോവുകയാണെന്നുണ്ടെങ്കിൽ കാത്തിരിക്കുന്നത് വലിയ വിപത്തായിരിക്കുമെന്നതിൽ സംശയമില്ല. 2070-ഓടുകൂടി ഇന്ത്യയും 2050-ഓടെ കേരളവും നെറ്റ് സീറോയിലേക്ക് എത്താനുള്ള ശ്രമങ്ങൾ നടത്തുന്നു. ഇതിന് തദ്ദേശതലം മുതലേ കൃത്യമായ ക്ലൈമറ്റ് ആക്ഷൻ പ്ലാൻ അനിവാര്യമാണ്. ലോക്കൽ ക്ലൈമറ്റ് ആക്ഷൻ പ്ലാൻ കഴിഞ്ഞ 20 വർഷത്തെ ക്ലൈമറ്റ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തി, ഭാവിയിൽ അഭിമുഖീകരിക്കേണ്ടി വരാനിടയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെ സംബോധന ചെയ്യുകയും പരിഹാരം കണ്ടെത്തുകയുമാണ് ലക്ഷ്യമിടുന്നത്. മഴയുടെ അളവ്, മണ്ണിൻ്റെ ഉപരിതല താപനില മുതലായ ഘടകങ്ങളിൽ വന്നിരിക്കുന്ന മാറ്റങ്ങളെ അടിസ്ഥാനപ്പെടുത്തി വിദഗ്ധരുടെ നേതൃത്വത്തിലാണ് ക്ലൈമറ്റ് ആക്ഷൻ പ്ലാൻ തയ്യാറാക്കേണ്ടത്.’
‘മണ്ണിന്‍റെ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. ചൂട് കൂടുംതോറും കാർഷിക വിളവ് കുറയും. എല്ലാ കാർഷിക വിളകളിലും ഈ മാറ്റം പ്രതിഫലിക്കുന്നുണ്ട്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാകുന്ന സാഹചര്യത്തിൽ ഫലപുഷ്ടിയുള്ള മണ്ണ് ഒലിച്ചുപോകുകയും മണ്ണിന്റെ അസിഡിക് സ്വഭാവം വർധിക്കുകയും ചെയ്യുന്നു. കൃഷിചെയ്യാനോ മികച്ച വിളവ് ലഭിക്കാനോ സാധിക്കാത്ത സ്ഥിതിയുണ്ടാവും. വരൾച്ചയുണ്ടാവുമ്പോഴും മണ്ണിന്റെ സ്വഭാവത്തിൽ മാറ്റമുണ്ടാകുകയും കൃഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. കാലാവസ്ഥ അനുസരിച്ചുള്ള കൃഷി(ക്ലൈമറ്റ് റെസിലിയൻറ് ഫാമിങ്) ആണ് പരിഹാരം. ഇതിന് കൃത്യമായ ക്ലൈമറ്റ് ആക്ഷൻ പ്ലാൻ അത്യാവശ്യമാണ്’. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിലും, ജിഐഎസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപഭോക്താക്കളെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാൻ സഹായിക്കുകയും ചെയ്യുന്ന സ്ഥാപനമായ ‘ഇക്വേറ്റർജിയോ’ ഡയറക്ടർ ജെയ്സ് ജോസ് പറഞ്ഞു.
അഗ്രോഫോറസ്ട്രിയും കാർബൺ ഫാമിങും
വൃക്ഷങ്ങളും കൃഷിയും സംയോജിപ്പിക്കുന്ന അഗ്രോഫോറസ്ട്രി മാതൃക മാറുന്ന കാലാവസ്ഥയെ ഒരുപരിധിവരെയും എതിരിടുന്നതിന് കർഷകരെ സഹായിക്കുന്നു. വൃക്ഷങ്ങൾക്ക് കാർബൺ ഡൈഓക്സൈഡ് ശേഖരിക്കുന്നതിനും മണ്ണിന്റെ ഈർപ്പം നിലനിർത്തുന്നുന്നതിനും കാറ്റിന്റെയും ചൂടിന്റെയും ആഘാതം കുറയ്ക്കുന്നതിനും കഴിവുണ്ട്.
വൃക്ഷങ്ങളും വിളകളും ഒരേ ഭൂമിയിൽ ശാസ്ത്രീയമായി സംയോജിപ്പിക്കുന്ന കൃഷിരീതിയാണ് അഗ്രോഫോറസ്ട്രി. കാർബൺ ശേഖരണത്തിനും ജലസംരക്ഷണത്തിനും മണ്ണിന്റെ ആരോഗ്യത്തിനും ഈ മാതൃക അനുയോജ്യമാണ്. അഗ്രോഫോറസ്ട്രി ഒരു കൃഷിരീതിയല്ല. പ്രകൃതിയോടുള്ള മനുഷ്യന്റെ സമീപനം പുനർനിർവചിക്കുന്ന ജീവിതരീതിയാണ്. കാലാവസ്ഥാ മാറ്റത്തിന്റെ കാലത്ത് ഭക്ഷ്യസുരക്ഷ, പരിസ്ഥിതി സംരക്ഷണം, കർഷക ക്ഷേമം മൂന്നും ഒരുമിച്ച് കൈവരിക്കാൻ കഴിയുന്ന മാർഗമാണ് ഇത്.
കാലാവസ്ഥാ മാറ്റം കൃഷിയെ മാത്രമല്ല, മനുഷ്യന്റെ നിലനില്പിനെയും ചോദ്യം ചെയ്യുന്ന ഘട്ടത്തിലാണ് ഇന്ന് ലോകം. ഈ പശ്ചാത്തലത്തിൽ “കാർബൺ കൃഷി” എന്ന ആശയം ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടുന്നു. കാർഷിക പ്രവർത്തനങ്ങൾ വഴി അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡ് കുറയ്ക്കുകയും, അതേ സമയം കർഷകർക്ക് സ്ഥിരവരുമാനം ഉറപ്പാക്കുകയും ചെയ്യുന്ന സമഗ്ര സമീപനമാണ് കാർബൺ കൃഷി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കാർബൺ കൃഷി എന്നത് മണ്ണിലും സസ്യങ്ങളിലും കാർബൺ സംഭരിക്കുന്ന തരത്തിൽ കൃഷിരീതികൾ മാറ്റുക എന്നതാണ്. സാധാരണ കൃഷിയിൽ കാർബൺ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നിടത്ത് കാർബൺ കൃഷിയിൽ അത് മണ്ണിലെ ജൈവവസ്തുവായി (Soil Organic Carbon) സൂക്ഷിക്കുന്നു.
സസ്യങ്ങൾ പ്രകാശ സംസ്ലേഷണം വഴി CO2 ആഗിരണം ചെയ്യുന്നു. ഈ കാർബൺ ഇലകളിലും തണ്ടുകളിലും വേരുകളിലും വിളശേഷം മണ്ണിൽ ചേർക്കുന്ന ജൈവാവശിഷ്ടങ്ങളിലും സൂക്ഷിക്കപ്പെടുന്നു. എന്നാൽ രാസവള-അധിഷ്ഠിത കൃഷിയും അമിതമായ മണ്ണ് ഉഴുതുപണിയും ഈ കാർബൺ വീണ്ടും അന്തരീക്ഷത്തിലേക്ക് എത്തുന്നതിന് കാരണമാകുന്നു.
കാർബൺ കൃഷി എങ്ങനെ
ഉഴുതുപണി കുറയ്ക്കുക: മണ്ണ് കൂടുതലായി ഉഴുതാൽ മണ്ണിലെ കാർബൺ പുറത്തേക്ക് പോകും. ഉഴുതുപണി കുറച്ച് മണ്ണിന്റെ ഘടന സംരക്ഷിക്കുകയും സൂക്ഷ്മജീവികളുടെ പ്രവർത്തനം വർധിപ്പിക്കുകയും ചെയ്യുന്നതിലൂടെ മണ്ണിൽ കാർബൺ ദീർഘകാലം നിലനിർത്താൻ സാധിക്കും.
കവർ ക്രോപ്പുകൾ: വിളവെടുപ്പിന് ശേഷം ആ നിലം വെറുതെ ഇടാതെ പയറുവർഗങ്ങൾ പോലുള്ള കവർ ക്രോപ്പുകൾ നടുന്നതിലൂടെ മണ്ണൊലിപ്പ് കുറയ്ക്കുന്നതിനും കാർബൺ ശേഖരണം വർധിപ്പിക്കുന്നതിനും നല്ലതാണ്.
ജൈവവളങ്ങളും കാമ്പോസ്റ്റും: ഫാംയാർഡ് മാന്യൂർ, വെർമികമ്പോസ്റ്റ് മുതലായവ ഉപയോഗിക്കുന്നത് മണ്ണിന് ഉചിതമാണ്. മണ്ണിലെ ജൈവകാർബൺ കൂട്ടുന്നതിനും മണ്ണിന്റെ ജലധാരിതശേഷി വർധിപ്പിക്കുന്നതിനും രാസവളങ്ങൾ ഉപേക്ഷിച്ച് ജൈവവളങ്ങളെ ആശ്രയിച്ചുള്ള കൃഷി സഹായകരമാണ്.
വിളാവശിഷ്ടങ്ങൾ കത്തിക്കാതിരിക്കുക: വിളവെടുത്തശേഷം അവശിഷ്ടങ്ങൾ കത്തിക്കാതിരിക്കുന്നത് കാർബൺ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത് കുറയ്ക്കുന്നതിന് സഹായകരമാണ്. ഇവ മണ്ണിൽ ചേർക്കുകയോ പുതയിടീലിന് ഉപയോഗിക്കുകയോ ചെയ്യുന്നത് മണ്ണിനുമാത്രമല്ല അന്തരീഷത്തിലേക്കെത്തുന്ന കാർബണിന്റെ അളവ് കുറയ്ക്കുന്നതിനും സഹായകരമാണ്.
വിവിധ വിളകൾ ചേർന്ന കൃഷി: മണ്ണിലെ സൂക്ഷ്മജീവി വൈവിധ്യം വർധിപ്പിക്കുന്നതിനും വിവിധ തലങ്ങളിലായി മണ്ണിൽ കാർബൺ സംഭരിക്കുന്നതിനും കാലാവസ്ഥാ ആഘാതം കുറയ്ക്കുന്നതിനും മിശ്രകൃഷി സഹായകരമാണ്.
കാർബൺ ക്രെഡിറ്റും കർഷകരുടെ വരുമാനവും
കാർബൺ കൃഷിയുടെ വലിയ ആകർഷണം കാർബൺ ക്രെഡിറ്റ് സംവിധാനമാണ്. കർഷകർ കാർബൺ സംഭരിക്കുന്നത് ശാസ്ത്രീയമായി അളക്കപ്പെടുന്ന രീതിയാണിത്. ഒരു ടൺ CO₂ സംഭരിക്കുന്നതിന് കർഷകന് ഒരു കാർബൺ ക്രെഡിറ്റ് ലഭിക്കുന്നു. കമ്പനികളും രാജ്യങ്ങളും ഈ ക്രെഡിറ്റുകൾ വാങ്ങുകയും കർഷകർക്ക് പ്രതിഫലം നൽകുകയും ചെയ്യുന്നു. ഇതിലൂടെ കർഷകർക്ക് വിളവിന് പുറമേ അധികവരുമാനം നേടാം. കേരളത്തിന്റെ ഭൂപ്രകൃതി കാർബൺ കൃഷിക്ക് കൂടുതൽ അനുയോജ്യമാണെങ്കിലും കാർബൺ അളക്കൽ ചെലവേറിയതാണെന്നതും കർഷകർക്ക് ഇതിനെ സംബന്ധിച്ച് അറിവ് കുറവാണെന്നതും വെല്ലുവിളിയാണ്.
‘കർഷകർക്ക് കാർബൺ ക്രെഡിറ്റ് സ്വന്തമായി ചെയ്യാൻ കഴിയില്ല. ഒരു പ്രോജക്ട് രജിസ്റ്റർ ചെയ്ത് മണ്ണിന്റെ കാർബൺ ഓഡിറ്റ് ചെയ്യപ്പെടണം. ഇതിന് ഒരു ഏജൻസിയെ ആശ്രയിക്കേണ്ടിവരും. ഹെക്ടർ കണക്കിന് സ്ഥലമുള്ളവർക്കാണ് ഇത് പ്രയോജനപ്പെടുക. മാത്രമല്ല മണ്ണിലെ കാർബണിന്റെ അളവ് അതിവേഗം ഉയർത്തിയെടുക്കാൻ സാധിക്കില്ല. സമയമെടുത്ത് നടക്കുന്ന പ്രക്രിയ ആണിത്. ഒരു വർഷം കൊണ്ട് വലിയൊരുമാറ്റമൊന്നും കാർബണിന്റെ അളവിൽ പ്രതീക്ഷിക്കാൻ കഴിയില്ല. ഇപ്പോഴത്തെ കാർബൺ ക്രെഡിറ്റ് മെക്കാനിസം മണ്ണിൽ കൂടുതലായിവരുന്ന കാർബൺ ശേഖരണത്തിനാണ്. നിലവിലുള്ള കാർബൺ ക്രെഡിറ്റിന് കർഷകർക്ക് പ്രതിഫലം ലഭിക്കുകയില്ല’. ജെയ്സ് ജോസ് പറയുന്നു.
‘ഒരു ഏജൻസിയുമായി ഒരു കരാറിലേക്കെത്തുന്ന കർഷകർ ഏജൻസി പറയുന്ന മെത്തഡോളജി സ്വീകരിക്കണം. മണ്ണിലെ കാർബൺ അളവ് ഉയർത്തുന്നതിനാവശ്യമായ സുസ്ഥിര കൃഷിരീതികളും വളപ്രോയോഗങ്ങളുമാകും ഇവർ നിർദേശിക്കുക. കാർബൺ ഓഡിറ്റിങിനും മറ്റും ചെലവാകുന്ന തുക വളരെ വലുതായിരിക്കും. ഇവയെല്ലാം ഹെക്ടർ കണക്കിന് കൃഷി ഭൂമിയുള്ളവർക്ക് മാത്രമേ നിലവിൽ പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളൂ. കേരളത്തിലെ ഇടത്തരം കർഷകർക്ക് ഇത് പ്രയോജനപ്പെടുത്തണമെങ്കിൽ ഇന്ത്യയിൽ ഇതിന് പ്രത്യേകം നിയമവ്യവസ്ഥകളുണ്ടാവണം. മാത്രമല്ല, പുതുതായി ശേഖരിക്കപ്പെടുന്ന കാർബണിന് മാത്രമെന്നതിൽ നിന്ന് നിലവിൽ കൃഷിഭൂമിയിലുള്ള സോയിൽ കാർബണും കാർബൺ ക്രെഡിറ്റിൽ ഉൾപ്പെടുത്തണം. 2021-ൽ കോപ് 26-ൽ അവതരിപ്പിച്ച തങ്ങളുടെ പ്ലാനിൽ ഇത് പരാമർശിച്ചിരുന്നു’വെന്നും ജെയ്സ് കൂട്ടിച്ചേർത്തു.
കാർബൺ ക്രെഡിറ്റിലും തട്ടിപ്പ്; കർഷകർ ജാഗ്രത പാലിക്കണം
കാർബൺ ക്രെഡിറ്റുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള തട്ടിപ്പുകളും ഇപ്പോൾ നടക്കുന്നുണ്ട്. വളംവിൽപനയുടെ മറവിൽ നടക്കുന്ന ഇത്തരം തട്ടിപ്പുകളിൽ കർഷകർ ജാഗ്രത പുലർത്തേണ്ടതുണ്ട്. സർക്കാർ അംഗീകാരമുള്ള വിശ്വസനീയമായ ഉറവിടങ്ങളെ മാത്രം ആശ്രയിക്കണം.
ഭൂമിക്ക് ശ്വാസമെടുക്കാൻ ഇട നൽകുകയും കർഷകന് സ്ഥിരവരുമാനം ഉറപ്പാക്കുകയും ചെയ്യുന്ന കൃഷിയുടെ ഭാവി വഴിയാണ് കാർബൺ കൃഷി. കാർബൺ കൃഷി ഒരു പുതിയ കൃഷിരീതിയല്ല. പരമ്പരാഗതവും പ്രകൃതിയോട് ചേർന്നതുമായ കൃഷിയിലേക്ക് മടങ്ങാനുള്ള ശാസ്ത്രീയ രൂപമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലത്ത് കർഷകർക്ക് തന്നെ പരിഹാരത്തിന്റെ ഭാഗമാകാനുള്ള അവസരമാണ് ഇത് നൽകുന്നത്.
സാങ്കേതിക വിദ്യകൾ കൃഷിയിൽ
കൃഷി ഇന്ന് മണ്ണിലും മഴയിലും മാത്രം ആശ്രയിക്കുന്ന തൊഴിൽമേഖലയല്ല. കാലാവസ്ഥാ മാറ്റം, തൊഴിലാളി ക്ഷാമം, ചെലവ് വർധന, വിപണി അനിശ്ചിതത്വം ഇവയെയെല്ലാം തരണം ചെയ്യാൻ കൃഷിയെ ഒരു സാങ്കേതിക വിദ്യ അധിഷ്ഠിത പ്രവർത്തനമേഖലയാക്കി മാറ്റണം. സാങ്കേതിക വിദ്യകൾ കൃഷിയിൽ ശരിയായി പ്രയോഗിക്കുമ്പോൾ ഉൽപ്പാദനക്ഷമത, വരുമാനം, പരിസ്ഥിതി സംരക്ഷണം മൂന്നും ഒരേസമയം കൈവരിക്കാൻ കഴിയും.
ജിപിഎസ്, സോയിൽ സെൻസറുകൾ, ഡ്രോൺ മാപ്പിങ് എന്നിവ ഉപയോഗിച്ചുള്ള പ്രിസിഷൻ ഫാമിങ് ഇതിന് ഉദാരണമാണ്. ആവശ്യമായ സ്ഥലത്ത് മാത്രമേ വളവും വെള്ളവും എത്തൂ, ചെലവ് കുറയും, പരിസ്ഥിതി മലിനീകരണം കുറയും എന്നിവയാണ് ഈ മാതൃകയുടെ പ്രത്യേകത.
വിളാരോഗ്യ നിരീക്ഷണം, കീടരോഗ ബാധ കണ്ടെത്തൽ, കീടനാശിനി തളിക്കൽ, വിത്ത് വിതയ്ക്കുന്നതിന് വരെ ഡ്രോൺ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താം. ഈർപ്പം, താപനില, പിഎച്ച്, പോഷക ഘടകങ്ങൾ എന്നിവ റിയൽ ടൈമിൽ മോണിറ്റർ ചെയ്യുന്നതിനും സംവിധാനങ്ങൾ നിലവിലുണ്ട്. ജലസംരക്ഷണത്തിന് ഡ്രിപ്പ് ഇറിഗേഷൻ പോലുള്ള സംവിധാനങ്ങളും പ്രയോജനപ്പെടുത്താം. വിപണി വില വിവരങ്ങൾ, കാലാവസ്ഥ മുന്നറിയിപ്പുകൾ, കൃഷി ഉപദേശം, വിള ഇൻഷുറൻസ് ക്ലെയിമുകൾ എന്നിവയ്ക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും മൊബൈൽ ആപ്പുകളും പ്രയോജനപ്പെടുത്താം.
സാങ്കേതികവിദ്യ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ കൃഷി കൂടുതൽ ലാഭകരവും പരിസ്ഥിതി സൗഹൃദവുമായിത്തീരും.
വേണം പരിസ്ഥിതി സാക്ഷരത
കാലാവസ്ഥാ മാറ്റം, ജലക്ഷാമം, ജൈവവൈവിധ്യ നഷ്ടം, മലിനീകരണം തുടങ്ങി മനുഷ്യ സമൂഹത്തിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താൻ സാങ്കേതികവിദ്യയും നിയമങ്ങളും മാത്രം മതിയാകില്ല. അതിനേക്കാൾ പ്രധാനമാണ് മനുഷ്യന്റെ എൻവയൺമെന്റ് ലിറ്ററസി അഥവാ പരിസ്ഥിതി സാക്ഷരത. അറിഞ്ഞു മനസ്സിലാക്കി ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്ന സമൂഹമാണ് ആവശ്യം. കുന്നിടിക്കൽ, തണ്ണീർത്തട നികത്തൽ, നദികളിലെ മണൽ ഖനനം മുതലായ തെറ്റായ വികസന മാതൃകകളെ ചോദ്യം ചെയ്യാനും വ്യക്തിഗത ഉപഭോഗ ശൈലി മാറ്റുന്നതിനും സ്കൂൾ തലത്തിൽ മുതൽ അവബോധം ആവശ്യമാണ്. ഉയർന്ന വിദ്യാഭ്യാസ നിരക്കുണ്ടായിട്ടും ഉയർന്ന പരിസ്ഥിതി നാശം സംഭവിക്കുന്നുണ്ടെങ്കിൽ ഇത് പരിസ്ഥിതി സാക്ഷരത ലഭിക്കാത്തതിന്റെ കൂടി ഫലമാണ്. പ്രളയം, മണ്ണിടിച്ചിൽ, ജലക്ഷാമം ഇവയെ ദുരന്തമായിട്ടല്ല മനുഷ്യ ഇടപെടലുകളുടെ ഫലം എന്ന നിലയിൽ കാണണം.
മാറുന്ന കാലാവസ്ഥ മനുഷ്യൻ സൃഷ്ടിച്ച പ്രതിസന്ധിയാണ്. എന്നാൽ അതിന് പരിഹാരം കണ്ടെത്താനുള്ള ശക്തിയും മനുഷ്യനിലുണ്ട്. കൃഷി അതിന്റെ കേന്ദ്രത്തിലാണ്. പ്രകൃതിയോട് യുദ്ധം ചെയ്യുന്ന കൃഷിയിൽ നിന്ന് പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന കൃഷിയിലേക്ക് മാറിയാൽ മാത്രമേ നമുക്ക് ഭക്ഷ്യസുരക്ഷയും കർഷക ക്ഷേമവും ഉറപ്പാക്കാനാകൂ.
Content Highlights: Learn how climate-smart agriculture can protect your crops, boost income, and ensure food security in a changing climate. Explore eco-friendly farming solutions.
Published: 19 Dec 2025, 11:02 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented