കല്പറ്റ: ക്ഷീരകർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ക്ഷീരമേഖലയെ ശക്തിപ്പെടുത്തുന്നതിനും വിവിധപദ്ധതികളിൽ അധികത്തുക അനുവദിച്ച് ആനുകൂല്യങ്ങൾ വർധിപ്പിക്കാൻ സർക്കാർ തലത്തിൽ ഇടപെടൽ നടത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. കർഷകരുടെ ആവശ്യങ്ങൾ പരിഗണിച്ച് വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട നടപടികൾക്ക് നിർദേശം നൽകുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയിൽ കല്പറ്റ ഗവ. റസ്റ്റ് ഹൗസിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ക്ഷീരവികസനവകുപ്പിന്റെ എം.എസ്.ഡി.പി. പദ്ധതിയിൽ തൊഴുത്ത് നിർമാണം, യന്ത്രവത്കരണം തുടങ്ങിയവയ്ക്ക് കൂടുതൽ തുക വകയിരുത്താൻ അധിക ഫണ്ട് ലഭ്യമാക്കാനും കന്നുകുട്ടി പരിപാലന പദ്ധതിക്ക് മുൻഗണന നൽകി കൂടുതൽ തുക അനുവദിക്കുന്നതിനും നടപടി സ്വീകരിക്കും. സർക്കാരിന്റെയും സംസ്ഥാന കന്നുകാലി വികസനബോർഡിന്റെയും ഫാമുകളിൽനിന്ന് ക്ഷീരകർഷകർക്ക് പശുക്കളെ ലഭ്യമാക്കുന്ന പദ്ധതിയുടെ പ്രായോഗിക വശങ്ങൾ പരിശോധിച്ച് തുടർനടപടികൾ തീരുമാനിക്കും. ക്ഷീരമേഖലയ്ക്ക് നൽകുന്ന പലിശ സബ്സിഡി വർധിപ്പിക്കാനുള്ള സാധ്യതകൾ പരിശോധിക്കും.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ മുഖേന നൽകുന്ന പാലുത്പാദന പ്രോത്സാഹനസഹായം ലിറ്ററിന് ആറു രൂപയായി ഉയർത്തുക, പരമാവധി സഹായധന പരിധി 80,000 രൂപയായി വർധിപ്പിക്കുക, നിലവിലുള്ള അഞ്ചുലക്ഷം രൂപയുടെ വരുമാനപരിധി ഒഴിവാക്കുക, കാലിത്തീറ്റ സബ്സിഡി 20,000 രൂപയായി ഉയർത്തുക തുടങ്ങിയ ശുപാർശകൾ ഇതിനകം സമർപ്പിച്ചിട്ടുണ്ട്. കൃഷിവകുപ്പിന്റെ വിവിധ പദ്ധതികളിൽ ക്ഷീരസംഘം സെക്രട്ടറിയുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ക്ഷീരകർഷകർക്ക് മുൻഗണന നൽകാനുള്ള വ്യവസ്ഥ മാർഗരേഖയിൽ ഉൾപ്പെടുത്തുന്ന കാര്യങ്ങൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ക്ഷീരകർഷകരിൽനിന്ന് ചാണകം ശേഖരിച്ച് സംസ്കരിച്ച് വിപണനം ചെയ്യുന്ന പദ്ധതി ആവിഷ്കരിക്കും. ഇതിനായി ക്ഷീരവികസന വകുപ്പ് മുഖേന ക്ഷീരസംഘങ്ങളെയും കർഷകരെയും ഉൾപ്പെടുത്തി പദ്ധതി തയ്യാറാക്കും. ഇത്തരത്തിൽ ഉത്പാദിപ്പിക്കുന്ന ഉണക്കച്ചാണകവും ജൈവവളവും കൃഷിവകുപ്പിന്റെ ഔട്ട്ലെറ്റുകളിലൂടെ വിപണനം ചെയ്യാൻ ബന്ധപ്പെട്ട യൂണിറ്റുകളെ ഏജൻസികളായി പരിഗണിക്കാൻ ശുപാർശ നൽകും. കർഷക പ്രതിനിധികൾ ഉന്നയിച്ച ആവശ്യങ്ങളിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് കൃത്യമായ തുടർനടപടികൾ, അവലോകനം എന്നിവ ഉറപ്പാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.
Content Highlights: Minister Bindu Krishna announced government initiatives to increase benefits and financial assistance for dairy farmers in Wayanad.
Published: 28 Nov 2026, 10:06 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented