പനമരം: പനമരം– മാനന്തവാടി റോഡിൽ കൈതക്കൽ ഡിപ്പോമുക്കിൽ ജലനിധിപദ്ധതിയുടെ പൈപ്പ്പൊട്ടി രണ്ടുദിവസമായി കുടിവെള്ളം റോഡിലൂടെ ഒഴുകി പാഴാകുന്നു. വെള്ളിയാഴ്ച രാവിലെമുതൽ പൊട്ടിയ പൈപ്പിൽനിന്ന് വെള്ളം ശക്തിയായി പുറത്തേക്ക് ഒഴുകുകയാണ്. പൈപ്പ് പൊട്ടിയ ഭാഗത്തുനിന്ന് വെള്ളം റോഡിലേക്ക് ഒഴുകി റോഡിലൂടെ പരന്നൊഴുകുകയാണ്. സ്കൂൾ വിട്ടുവരുന്ന സമയത്ത് വാഹനങ്ങൾ കടന്നുപോകുമ്പോൾ വെള്ളം തെറിച്ച് കുട്ടികളുടെ വസ്ത്രം മുഴുവൻ നനയുന്ന അവസ്ഥയാണ്.
2010-ൽ സ്ഥാപിച്ച ജലനിധിപദ്ധതിയുടെ പൈപ്പാണിത്. നാട്ടുകാരുടെ നീണ്ടനാളത്തെ കാത്തിരിപ്പുകൾക്കൊടുവിലാണ് പദ്ധതിവഴി കുടിവെള്ളം നൽകിത്തുടങ്ങിയത്. പൈപ്പ് പൊട്ടുന്നതോടെ വീടുകളിൽ എത്തേണ്ട വെള്ളം മുഴുവൻ പാഴായിപ്പോകുകയാണ്. പനമരം പഞ്ചായത്തിലെ നാല് വാർഡുകളിലെ ആളുകൾ ഭൂരിഭാഗവും കുടിക്കുന്നത് ഈ വെള്ളമാണ്. എന്നാൽ, ഇപ്പോൾ പൈപ്പ്പൊട്ടി വെള്ളം പാഴാകുന്നതോടെ ഈ വാർഡുകളിൽ വെള്ളംമുട്ടുന്ന അവസ്ഥയാണ്. കുടിവെള്ളം പാഴായിപ്പോകുമ്പോഴും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഇതുവരെ ഉത്തരവാദപ്പെട്ട ഒരാൾപോലും വന്ന് അന്വേഷിച്ചിട്ടില്ല. പദ്ധതിയുടെ മൂന്നുനാലു സ്ഥലത്ത് ഇതുപോലെ പൈപ്പ്പൊട്ടി കിടക്കുകയാണെന്നും നാട്ടുകാരനായ സുബൈർ കടന്നോളി പറഞ്ഞു. ജീവഹാനി ഉൾപ്പെടെയുള്ള വാഹനാപകടങ്ങൾ പതിവായ ഇടമാണ് കൈതക്കൽ ഡിപ്പോമുക്ക്. റോഡിൽ വെള്ളം പരന്നൊഴുകുന്നത് അപകടസാധ്യതയും വർധിപ്പിക്കുന്നുണ്ട്. മലയോരഹൈവേയുടെ ഒന്നാംഘട്ട നിർമാണം കഴിഞ്ഞ റോഡുകൂടി ഇതോടെ തകരുന്ന അവസ്ഥയിലാണ്. പൈപ്പ് പൊട്ടിയത് എത്രയുംവേഗം നന്നാക്കി കുടിവെള്ളം പാഴാകുന്നത് തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Content Highlights: Drinking water has been flowing down the road for two days following a Jalanidhi pipe burst at Kaithakkal in Panamaram.
Published: 28 Nov 2026, 10:06 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented