ഒരു പോലീസ് ഉദ്യോഗസ്ഥയാകണം, അതായിരുന്നു തിരുവനന്തപുരം സ്വദേശ് ബുഷ്‌റ ഇമ്രാന്റെ ഏറെക്കാലമായുള്ള സ്വപ്നം. പക്ഷേ ജീവിത യാത്രയിൽ ഇടക്കുവെച്ച് ആ സ്വപ്നത്തിന് മങ്ങലേറ്റു, പക്ഷേ ബുഷ്‌റ തളർന്നില്ല. തന്റെ ലക്ഷ്യത്തിലേയ്ക്ക് മറ്റൊരു പാതയിലൂടെ യാത്ര ചെയ്യുകയാണ് അവരിപ്പോൾ. ഏഴ് വർഷങ്ങൾക്ക് മുൻപ് ജീവിതത്തെക്കുറിച്ച് ഓർത്ത് പകച്ചുനിന്ന ബുഷ്‌റ ഇന്ന് ഒരു ദേശീയ ആം റെസ്ലിങ് ചാമ്പ്യനാണ്. ലോക വേദിയാണ് ഇനി ലക്ഷ്യം. ഒരുഘട്ടത്തിൽ ജീവിതം പ്രതിസന്ധിയിലായപ്പോൾ ആരംഭിച്ച പഞ്ച ഗുസ്തി ഇന്ന് ബുഷ്‌റയ്ക്ക് മറ്റൊരു അടയാളം നൽകുകയാണ്.

To advertise here,

ബുഷ്‌റയുടെ ജീവിതത്തിൽ കായികരംഗത്തോടുള്ള താൽപര്യം പുതിയതല്ല. സ്‌കൂൾ, കോളജ് കാലത്ത് ഷോട്ട്പുട്ടിലും ഡിസ്‌കസിലും മത്സരിക്കാൻ അവസരങ്ങൾ ലഭിച്ചിരുന്നു. ജില്ലാ മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാൽ കുടുംബത്തിന്റെ എതിർപ്പിനെ തുടർന്ന് ആ അവസരങ്ങൾ പ്രയോജനപ്പെടുത്താനായില്ല. വിവാഹ ജീവിതത്തിലേയ്ക്ക് കടന്നപ്പോഴും ബുഷ്‌റയെ പ്രയാസങ്ങൾ പിന്തുടർന്നു. വിവാഹം വേർപിരിയലും കുടുംബത്തിലെ എതിർപ്പുകളുമെല്ലാം തളർത്തി. മകനെ വളർത്തണം, മാതാപിതാക്കളെ നോക്കണം, സ്വന്തമായി ഒരു വരുമാനം കണ്ടെത്തണം, ഇതായിരുന്നു ലക്ഷ്യം.