ഒറ്റയ്ക്ക് ഒരാൾക്ക് ഒരു നാടിന്റെ തലക്കുറി മാറ്റിയെഴുതാനാവുമോ. ഒറ്റയ്ക്ക് ഒരു വിപ്ലവത്തിന് തിരികൊളാത്താനാവുമോ. പറ്റും. ഒരൊറ്റ കളി കൊണ്ട് തന്നെ പറ്റും. കർണാടകക്കാരൻ ആയുഷ് ഷെട്ടി ഇരുപത്തിയൊന്നാം വയസ്സിൽ ചെയ്തത് അതാണ്. ഇന്നലെ വരെ സനൂർ കർണാടകയ്ക്ക് പുറത്ത് ഖ്യാതിയൊന്നുമില്ലാത്തൊരു കുഞ്ഞു ഗ്രാമമായിരുന്നു. ഒറ്റ ദിവസം കൊണ്ട് ആ കഥ മാറി. ഒറ്റ കളി കൊണ്ട് ചൈനാ വൻമതിലിനെ നിഷ്പ്രഭമാക്കിയ ആയുഷ് ഷെട്ടിയെന്ന ആറടി അഞ്ചിഞ്ചുകാരന്റെ നാടായി മാറിയിരിക്കുയകാണ് സനൂർ. ഒറ്റ വിലാസം കൊണ്ട് ആ നാട് ആത്മാഭിമാനത്തിന്റെ കൊടുമുടിയിലായിക്കഴിഞ്ഞു.

To advertise here,

ലോകചാമ്പ്യൻഷിപ്പിലെ അരങ്ങേറ്റത്തിൽ, ലോക ചാമ്പ്യനെ തന്നെയാണ് ആയുഷ് കെട്ടുകെട്ടിച്ചത്. ലോകചാമ്പ്യൻ മാത്രമല്ല, ലോക ഒന്നാം നമ്പറുകാരൻ കൂടിയാണ് ചൈനയുടെ ഷി യുഖി. മൂന്ന് പ്രാവശ്യം തുടർച്ചയായി ആയുഷിനെ തോൽപിച്ചയാളാണ്. തീർന്നില്ല, ലോകചാമ്പ്യൻഷിപ്പിൽ വെള്ളി, ഓൾ ഇംഗ്ലണ്ടിൽ സ്വർണം, ഏഷ്യൻ ഗെയിംസിൽ രണ്ട് സ്വർണവും വെള്ളിയും. പിന്നെ ഏഷ്യൻ ചാമ്പ്യൻഷിപ്പ്, സുധിർമൻ കപ്പ്, തോമസ് കപ്പ്... എണ്ണാൻ പാടുപെടുന്നത്ര നേട്ടങ്ങളുണ്ട് കംപ്ലീറ്റ് ഷട്ലർ എന്ന ഖ്യാതിയുള്ള യുഖിക്ക്.. ആയുഷിന്റെ നേട്ടം... അല്ലെങ്കിൽ കന്നി ലോകചാമ്പ്യൻഷിപ്പിലെ തുടക്കം, അത്ര നിസാരമല്ലെന്ന് സാരം