പ്രകൃതിദുരന്തങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്നും ഇനി ഇങ്ങനെ ഒരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് ചെയ്യണം എന്നുള്ളതിന് കൃത്യമായ പഠനം വേണമെന്നും ആർ.ജെ.ഡി. സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ.

To advertise here,

പുത്തുമല, മുണ്ടക്കൈ-ചൂരല്‍മല... ചെറുതും വലുതുമായി നൂറ് കണക്കിന് പ്രകൃതിദുരന്തങ്ങളാണ് സമീപകാലത്ത് വയനാട്ടിലുണ്ടായത്. പണ്ടൊക്കെ എപ്പോഴെങ്കിലും നടക്കുന്ന ഒരു സംഭവമായിരുന്നു ഉരുള്‍പ്പൊട്ടല്‍. പക്ഷേ, ഇന്നങ്ങനെയല്ല. ഇതില്‍ നമുക്കുള്ള പങ്ക് എത്രത്തോളമുണ്ടെന്ന് ചര്‍ച്ചചെയ്യേണ്ടിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഇപ്പോള്‍ ഒരാഴ്ച കൊണ്ട് പെയ്യുന്ന മഴ ഒരുപക്ഷേ രണ്ടോ മൂന്നോ മണിക്കൂര്‍ കൊണ്ട് പെയ്യുകയാണ്. വെള്ളത്തിന് ഒഴുകാനുള്ള സ്ഥലമില്ല, മണ്ണ് ജലം അബ്‌സോര്‍ബ് ചെയ്യുന്നുമില്ല. അപ്പോള്‍ പാരിസ്ഥിതികമായി ദുര്‍ബലമായ പ്രദേശങ്ങള്‍ കണ്ടെത്തി പ്രതിവിധികള്‍ നേരത്തേ തേടേണ്ടതുണ്ട്. 

ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തില്‍ പെട്ടവര്‍ക്കുള്ള ടൗണ്‍ഷിപ്പ് കല്‍പ്പറ്റ ബൈപ്പാസില്‍ ഉയരുകയാണ്. മാതൃകാപരമായ വലിയൊരു പദ്ധതിയാണ് നടപ്പിലാകുന്നത്. സര്‍ക്കാരിനെക്കൊണ്ട് മാത്രം എല്ലാം ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ടാണ് സന്നദ്ധ സംഘടനകളും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും ഇതുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. പുനരധിവാസം എന്നാല്‍ വീട് നിര്‍മ്മാണത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. ദുരിതബാധിതര്‍ എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകും എന്നുള്ളതും പ്രധാനമാണ്. ആ രീതിയിലേക്കുള്ള പ്രവര്‍ത്തനമുണ്ടായാല്‍ രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന ഒന്നായിരിക്കും ഈ പുനരധിവാസപദ്ധതി. അതിന് സാധിക്കട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. 

വയനാടിന്റെ പ്രധാന വരുമാര്‍ഗങ്ങളില്‍ലൊന്നാണ് ടൂറിസം. മുണ്ടക്കൈ-ചൂരല്‍മല ദുരന്തമുണ്ടായപ്പോള്‍ വയനാട് ദുരന്തമെന്നാണ് പൊതുവേ വിശേഷിപ്പിക്കപ്പെട്ടത്. സ്വാഭാവികമായും സഞ്ചാരികള്‍ വയനാട് തിരഞ്ഞെടുക്കാന്‍ മടിച്ചു. ഇത് വയനാട് ദുരന്തമല്ല. വയനാട്ടിലെ ഒരു ഭാഗത്ത് നടന്ന വലിയ ദുരന്തമാണ്. അത് വയനാടിനെ മൊത്തത്തില്‍ ബാധിച്ചിട്ടില്ല. സര്‍ക്കാര്‍ തലത്തിലും അല്ലാതെയും നിരവധി ശ്രമങ്ങള്‍ ഉണ്ടായതിനേത്തുടര്‍ന്ന് ആ ചിന്താഗതി മാറിവരുന്നുണ്ട്. 

പുനരധിവാസ പദ്ധതികളില്‍ വരുന്ന കാലതാമസം ഒരു പ്രശ്‌നമാണ്. കാലതാമസം ആളുകളിലേക്ക് വീണ്ടും ഒരു കൈ സഹായം എത്തിക്കുന്നതില്‍ തടസ്സമുണ്ടാക്കും. കല്‍പറ്റ ടൗണ്‍ഷിപ്പില്‍ വന്ന കാലതാമസത്തിന് കാരണം സാങ്കേതിക പ്രശ്‌നങ്ങളാണ്. അത് എങ്ങനെ ലഘൂകരിക്കാന്‍ സാധിക്കുമെന്ന് പഠിക്കേണ്ടതുണ്ട്. ഇതുപോലൊരു വലിയ ദുരന്തം സംഭവിക്കുമ്പോള്‍ ചുവപ്പ് നാടയില്‍ കുടുങ്ങാതെ പെട്ടെന്ന് കാര്യങ്ങള്‍ ചെയ്യാനുള്ള നിയമനിര്‍മാണങ്ങളുണ്ടാകണം. പതിവിലും കാലതാമസം കുറഞ്ഞ രീതിയിലാണ് കല്‍പറ്റ ടൗണ്‍ഷിപ്പ് ഒരുങ്ങുന്നത്. ഒരു വര്‍ഷം ആകുമ്പോഴേക്കും അവിടെ വീടുകള്‍ പണി തുടങ്ങി. ഉടമസ്ഥരെ കണ്ടെത്തി. വീട് വേണ്ട എന്ന് പറഞ്ഞവര്‍ക്ക് അവരുടെ 15 ലക്ഷം രൂപ നല്‍കി. മാറി താമസിച്ചവര്‍ക്ക് വാടക നല്‍കി, ദിവസം 300 രൂപവീതം കുടുബംത്തിലെ രണ്ട് പേര്‍ക്ക് നല്‍കി. സര്‍ക്കാരിന്റെ പണം കൊണ്ട് മാത്രം എല്ലാം ചെയ്യാന്‍ സാധിക്കില്ല. നമ്മുടെ വരുമാനത്തിന് പരിമിതിയുണ്ട്, ജനങ്ങളും കൂടി സഹായിക്കുമ്പോഴേ പുനരധിവാസ പദ്ധതികള്‍ പൂര്‍ണതയിലെത്തൂ

പരിസ്ഥിതി ലോല പ്രദേശമാണ് വയനാട്.  അതിനനുസരിച്ചുള്ള രീതിയിലുള്ള കാര്യങ്ങള്‍ മാത്രമേ അവിടെ നടത്താവൂ. പ്രകൃതിദുരന്തങ്ങളില്‍ നിന്ന് നാം പാഠമുള്‍ക്കൊള്ളേണ്ടതുണ്ട്. മുന്‍പും വയനാട്ടില്‍ മഴ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴത്തെ പോലെ അത് ഒന്നും രണ്ടും ദിവസം കൊണ്ട് പെയ്യുന്നതല്ല. മലകള്‍ക്ക് പുറമെ വയനാട്ടില്‍ വയലും കുന്നുകളുമുണ്ടായിരുന്നു. ഇന്ന് സ്ഥിതി മാറി. കാലാവസ്ഥാ വ്യതിയാനം താങ്ങാനുള്ള കരുത്ത് വയനാട്ടിലെ പല പ്രദേശങ്ങള്‍ക്കും ഇല്ലാതായിരിക്കുന്നു

പശ്ചിമഘട്ടം എക്കാലവും ഒരു എക്കോളജിക്കല്‍ ഹോട്ട്‌സ്‌പോട്ട് ആണ്. പ്രകൃതി ക്ഷോഭിച്ചുകഴിഞ്ഞാല്‍ മനുഷ്യന്‍ നിസ്സഹായരാണ്. ഒരു സംവിധാനത്തിനും പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല. ദുരന്തമുണ്ടാകുമ്പോള്‍ മാത്രമല്ല നടപടികളെക്കുറിച്ച് ആലോചിക്കേണ്ടത്. ഇനി ഇങ്ങനെ ഒരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് ചെയ്യണം എന്നുള്ളതിന് കൃത്യമായൊരു പഠനം വേണം. ശാസ്ത്രീയമായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആയിരിക്കണം പഠനം നടത്തേണ്ടത്.

പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി കണ്ട് മുന്നറിയിപ്പ് നല്‍കിയാല്‍ ദുരന്തം തടയാനായില്ലെങ്കിലും ആഘാതം കുറയ്ക്കാനാകും. അതിനുള്ള ഒരു ആക്ഷന്‍ പ്ലാനാണ് നമ്മള്‍ ചെയ്യേണ്ടത്. മഴയോ മോശം കാലാവസ്ഥയോ ഉണ്ടാകുമ്പോള്‍ മാറി താമസിക്കാന്‍ ആളുകള്‍ മടിക്കുന്നത് താത്കാലിക ക്യാമ്പുകളുടെ അവസ്ഥ ഓര്‍ത്തിട്ടാണ്. ശരിക്ക് ശൗചാലയസംവിധാനം പോലും ഉണ്ടാകാറില്ല. ഇത്തരം സാഹചര്യങ്ങളില്‍ താമസിക്കാനുള്ള ഷെല്‍ട്ടര്‍ സംവിധാനങ്ങള്‍ നമുക്കുണ്ടാകണം. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്നെല്ലാം തുക ഉപയോഗിച്ചുകൊണ്ട് അത്തരം പ്രദേശങ്ങളില്‍ ഷെല്‍ട്ടര്‍ റൂമുകള്‍ ഒരുക്കണം, എം.വി. ശ്രേയാംസ് കുമാർ വ്യക്തമാക്കി.

In Short: RJD State President M.V. Shreyams Kumar emphasized that Kerala must learn from the past and proactively prepare for natural disasters like the Chooralmala-Mundakkai landslide. He advocated for scientific, long-term studies, community-driven rehabilitation models, and the setup of permanent shelter rooms using disaster management funds. Shreyams stressed that climate change has accelerated rainfall intensity, leaving ecologically fragile regions like Wayanad increasingly vulnerable.