വീട് മാത്രമല്ല പുനരധിവാസമെന്ന് വീണ്ടും ഓർമ്മപ്പെടുത്തുകയാണ് ചൂരൽമലയിലെ റോയിയും കുടുംബവും. കഴിഞ്ഞ ജൂലൈ 30 നുണ്ടായ ദുരന്തത്തിൽ ഉരുളെടുത്തതാണ് റോയിയുടെ ഫോട്ടോസ്റ്റാറ്റ് കടയും സഹോദരന്റെ മില്ലും. അന്ന് മുതൽ ഇരുവർക്കും ജോലിയില്ലാതായി. ഒരു സംഘടന കമ്പ്യൂട്ടറുകൾ നൽകി സഹായിച്ചതോടെ വാടകയ്ക്ക് കെട്ടിടമെടുത്ത് പ്രദേശത്ത് കട വീണ്ടും തുടങ്ങാൻ ശ്രമിച്ചു. പക്ഷേ വീടോ സ്കൂളോ സർക്കാർ സ്ഥാപനങ്ങളോ ഇല്ലാത്തിടത്ത് കച്ചവടവും ഇല്ലാതായി. 4500 രൂപയായിരുന്നു ആ കെട്ടിടത്തിന്റെ വാടക. അത് കൊടുക്കാൻ നിവർത്തിയില്ലാതെ വന്നതോടെ കട പൂട്ടി. കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്റെ അടുത്ത് മറ്റൊരു വാടകകെട്ടിടം അന്വേഷിച്ചെങ്കിലും നാലുലക്ഷം രൂപ അഡ്വാന്‍സും ദിവസം 850 രൂപ വാടകയും വേണ്ടിവന്നതോടെ അതും വെറുതെയായി. ഇന്ന് സർക്കാർ മാസം നൽകുന്ന 9000 രൂപ കൊണ്ടാണ് റോയിയും കുടുംബവും ജീവിക്കുന്നത്. പാലത്തിന്റെ നിർമ്മാണത്തിനായി കടയിരിക്കുന്ന സ്ഥലം ഏറ്റെടുക്കുമെന്ന് അധികാരികൾ അറിയിച്ചിട്ടുണ്ട്. മതിയായ നഷ്ടപരിഹാരം നൽകിയാൽ മാത്രം സ്ഥലം കൊടുക്കാമെന്നാണ് റോയിയുടെ തീരുമാനം. 

To advertise here,