ഇറച്ചിയില്ലാതെ എന്നാ ക്രിസ്മസ് ആണെന്റെടാ..യെന്ന് നസ്രാണികള്‍ പറയുമ്പോള്‍ അതിലുണ്ട്, ക്രിസ്മസിന്റെ രുചിയും മണവും. ക്രിസ്മസ് എന്നാല്‍ പുല്‍ക്കൂടും കരോള്‍ ഗാനങ്ങളും നക്ഷത്രങ്ങളും ക്രിസ്മസ് ട്രീയും മാത്രമല്ല, അത് നാവിന്‍ത്തുമ്പിലെ രുചികള്‍കൂടിയാണ്. മറുനാടന്‍ വിഭവങ്ങളായ കേക്കും വൈനും രുചി പകരുംമുന്‍പേ, നാടന്‍രുചികള്‍ നമ്മുടെ തീന്‍മേശകള്‍ അലങ്കരിച്ചിരുന്നു. ഓരോ നാടിനും ക്രിസ്മസ് എന്നാല്‍ ഓരോ രുചികളാണ്. തറവാട്ടുവീടുകളിലെ കൂട്ടായ്മകളില്‍ പിറക്കുന്ന രുചികള്‍.

To advertise here,

രാത്രി പ്രാര്‍ഥന കഴിഞ്ഞ് വീടുകളിലെത്തുന്നവരെ കാത്തിരിക്കുന്ന രുചികള്‍. എല്ലും കപ്പയും, കള്ളപ്പവും പോത്തുകറിയും, പിടിയും കോഴിയും എന്നിങ്ങനെ രുചി പട്ടിക നീളുന്നു. എണ്ണത്തില്‍ കൂടുതല്‍ നസ്രാണികള്‍ ഉണ്ടായിരുന്ന തിരുവിതാംകൂര്‍ ഭാഗത്തുനിന്ന് മലബാറിലേക്ക് കുടിയേറ്റം സംഭവിച്ചപ്പോള്‍ രുചികളും കൂടെപ്പോന്നു. ഇപ്പോള്‍ തിരുവിതാംകൂര്‍ ക്രിസ്ത്യാനികളുടെ മാത്രമല്ല ക്രിസ്മസിന്റെ മൊത്തംരുചിയായി ഇവ മാറിയെന്ന് പറയണം.

ക്രിസ്മസിന് മക്കളുടെയും കൊച്ചുമക്കളുടെയും ഇഷ്ടവിഭവങ്ങള്‍ ഒരുക്കുകയാണ് ഇരിട്ടി പട്ടാരത്തെ  മാമൂട്ടില്‍ വീട്ടില്‍ ഗ്രേസി തോമസ്. ഭര്‍ത്താവ് ജോണി വീട്ടില്‍ എത്തിയിട്ടില്ല. മരുമകള്‍ നീതുവും മകന്‍ റിച്ചാര്‍ഡും സഹായികളായി കൂടെയുണ്ട്. അതിനിടക്ക് കൊച്ചുമക്കള്‍ ഇരട്ടകളായ ജോക്കുട്ടന്റെയും ജെസിക്കുട്ടിയുടെയും കുറുമ്പുകള്‍ക്കൊപ്പം കൂടാനും നേരം കണ്ടെത്തണം. തിരുവിതാംകൂറില്‍ നിന്ന് മലബാറിലേക്ക് കുടിയേറിയ സുറിയാനി ക്രിസ്ത്യാനികള്‍ കൂടെക്കൂട്ടിയ രുചി വൈവിധ്യത്തിലേക്ക് ക്രിസ്മസ് കാലത്ത് ഒരു യാത്ര...

തയ്യാറാക്കിയത്: അബിന മാത്യു, വീഡിയോ: അരുണ്‍ നിലമ്പൂര്‍