1958 ലെ മ്യൂണിക് വിമാനദുരന്തം ഉലച്ചുകളഞ്ഞ മാഞ്ചെസ്റ്റർ യുണൈറ്റഡ് യൂറോപ്യൻ ഫുട്ബോളിന്റെ തിരുമുറ്റത്ത് പ്രതാപത്തോടെ തിരിച്ചെത്തുന്നത്  മൂന്ന് പതിറ്റാണ്ടിന് ശേഷമാണ്. ബുസ്ബി ബേബ്സ് ദുരന്തസ്മൃതിയായി നിലകൊണ്ടു. ചുവന്ന ചെകുത്താൻമാർ ഉദയം ചെയ്തു. മാറ്റ് ബുസ്ബിക്ക് ശേഷം യുണൈറ്റഡിന്റെ അലമാരകൾ കിരീടങ്ങൾ കൊണ്ട് സമ്പന്നമാകുന്നതിന് പിന്നിൽ അയാളാണ്. സർ അലക്സ് ഫെർ​ഗൂസൻ. ടീമിന്റെ ജാതകം ഫെർ​ഗി തിരുത്തിയെഴുതി. 

To advertise here,

13 പ്രീമിയർ ലീഗ് കിരീടങ്ങൾ, 5 എഫ് എ കപ്പ്, 4 ലീഗ് കപ്പ്, 2 ചാമ്പ്യൻസ് ലീഗ് ഫെർഗൂസന്റെ നേട്ടങ്ങൾക്ക് സമാനതകളില്ല. രണ്ടര പതിറ്റാണ്ടിലധികം ചുവന്ന ചെകുത്താന്മാർക്കായി തന്ത്രങ്ങൾ മെനഞ്ഞ ഫെർഗി ഒടുവിൽ 2013 ലാണ് ഓൾഡ് ട്രാഫോഡിന്റെ പടിയിറങ്ങിയത്. അവിടെ അവസാനിച്ചു യുണൈറ്റഡിന്റെ സുവർണ കാലവും.

പിന്നെയുള്ള പത്ത് വർഷങ്ങളിൽ യുണൈറ്റഡിനെ കളി പഠിപ്പിക്കാനെത്തിയവരെത്രയെന്ന് ഒരു പക്ഷെ ആരാധകർക്ക് പോലും നിശ്ചയമുണ്ടാവില്ല.  ഡേവിഡ് മോയസും മൗറീന്യോയും സോൾഷ്യറും എറിക് ടെൻ ഹാഗുമുൾപ്പെടെ നിരവധി പരിശീലകർ. ആ നിരയിലെ അവസാനത്തെ പേരുകാരനാകുന്നു റൂബെൻ അമോറിം. അയാൾക്ക് എന്തത്ഭുതമാണ് സൃഷ്ടിക്കാനാവുക? ഫെർഗി യു​ഗത്തിന് ശേഷം പ്രീമിയർ ലീഗിൽ മുത്തമിടാൻ ഇന്നോളം ചുവന്ന ചെകുത്താൻമാർക്ക് ആയിട്ടില്ല. വീണ്ടും സ്വപ്നങ്ങൾ കണ്ടുതുടങ്ങുകയാണ് ആരാധകർ. 'തീയേറ്റർ ഓഫ് ഡ്രീംസ്' അയാളെയും കാത്തിരിക്കുകയാണ്.