24 മണിക്കൂര്‍ നീണ്ട കഥ ഭൂമിയെ വലംവെച്ചപ്പോള്‍ സമാന്തയെ തേടിയെത്തിയ ബുക്കര്‍പ്രൈസ്
ആറ് ബഹിരാകാശ യാത്രികര്‍, ഇരുപത്തിനാല് മണിക്കൂര്‍. ഭൂമിയില്‍ ഉണ്ടും ഉറങ്ങിയും കഴിച്ചുകൂട്ടുന്ന ഇരുപത്തിനാല് മണിക്കൂറല്ല, മറിച്ച് ഭൂമിക്കുമുകളിലൂടെ പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്ന ആറ് ബഹിരാകാശ യാത്രികരുടെ കഥകള്‍, അനുഭവങ്ങള്‍, ജീവിതം... 2024-ലെ ബുക്കര്‍ പ്രൈസ് കരസ്ഥമാക്കിയ ഓര്‍ബിറ്റല്‍ എന്ന നോവല്‍ കൈകാര്യം ചെയ്യുന്ന പ്രമേയം തികച്ചും വ്യത്യസ്തമാണ്. നോവലിസ്റ്റ് സമാന്ത ഹാർവി എന്ന നാല്‍പത്തിയൊമ്പതുകാരിയുടെ കൈകളിലേക്ക് 2024-ലെ ബുക്കര്‍ സമ്മാനം എത്തിച്ച ഓര്‍ബിറ്റല്‍ ചില്ലറ സംഗതിയൊന്നുമല്ലെന്ന് സാരം. പ്രണയം, വിരഹ,ം വാര്‍ധക്യ,ം ജീവിതയാഥാര്‍ഥ്യങ്ങള്‍, അതിര്‍ത്തികള്‍, പലായനങ്ങള്‍, പരിസ്ഥിതി, വംശഹത്യ, വിവേചനം തുടങ്ങി ബുക്കര്‍ നേടിയെടുത്ത നോവല്‍ പ്രമേയങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു വായനാനടത്തമാണ് ഓര്‍ബിറ്റല്‍ സമ്മാനിക്കുന്നത്.
നോവല്‍ എഴുതുന്നതിന് മുമ്പ് സമാന്ത ഹാർവി ഇന്റര്‍ നാഷണല്‍ സ്‌പേസ് സ്റ്റഷനിലെ ഓരോ ചലനങ്ങളും തുടര്‍ച്ചയായി നിരീക്ഷിച്ചിരുന്നു. 2010-ല്‍ നോവല്‍ ശ്രമം തുടങ്ങിയെങ്കിലും ഏതാണ്ട് 5000 വാക്കുകള്‍ എത്തിയതോടെ പ്രമേയം പൂര്‍ണമായും താന്‍ കൈപ്പിടിയിലൊതുക്കിയിട്ടില്ല എന്ന ബോധ്യം വന്നു. ബഹിരാകാശം പോലൊരു സങ്കീര്‍ണവും ശാസ്ത്രീയവുമായ വിഷയം കൈകാര്യം ചെയ്യണമെങ്കില്‍ ശേഖരിച്ചുവെച്ച അറിവുകളൊന്നും പോരാ എന്ന തിരിച്ചറിവില്‍ സമാന്ത പേനയടച്ചുവെച്ചു. പക്ഷേ കോവിഡ് കാലം മറ്റൊരു തരത്തില്‍ സമാന്തയെ അനുഗ്രഹിച്ചു. താനെഴുതുന്നത് സയന്‍സ് ജേണലിലേക്കുള്ള ആര്‍ട്ടിക്കിളോ ഗവേഷണപ്രബന്ധമോ അല്ല, ബഹിരാകാശ യാത്രികരുടെ ജീവിതവും ഭൂമിയും പ്രകൃതിയും കാലാവസ്ഥാ വ്യതിയാനവും രാഷ്ട്രീയവും കാഴ്ചപ്പാടുകളുമാണെന്ന തിരിച്ചറിവില്‍ സമാന്ത പിന്നെയും ഓര്‍ബിറ്റില്‍ പ്രവേശിച്ചു. താന്‍ കണ്ടനുഭവിക്കാത്ത ബഹിരാകാശത്തേക്ക് അതിക്രമിക്കുകയാണെന്ന ഭയം അതോടെ സമാന്തയെ വിട്ടകന്നു. 2023 നവംബര്‍ രണ്ടിന് വെളിച്ചം കണ്ട ഓര്‍ബിറ്റല്‍ ഒരു വര്‍ഷം തികയുമ്പോള്‍ ബുക്കര്‍ സമ്മാനവുമായി ഭൂമിയില്‍ തിരിച്ചിറങ്ങിയിരിക്കുകയാണ്. ഒരു പുസ്തകം നമ്മെ ലോകവും അധോലോകവും ഭൂമിയും ആകാശവും സ്വര്‍ഗവും നരകവും പാതാളവും മരുഭൂമിയും അനുഭവിപ്പിക്കുന്നതെങ്ങനെ എന്നത് വായനക്കാര്‍ക്ക് പുതുമയുള്ള കാര്യമല്ല. പക്ഷേ തുടര്‍ച്ചയായി 24 മണിക്കൂര്‍ ബഹിരാകാശ പേടകത്തില്‍ ഉള്ളിന്റയുള്ളില്‍ വെറും മനുഷ്യരായ ബഹിരാകാശയാത്രകര്‍ക്കൊപ്പം ഭൂമിഭ്രമണം ചെയ്യുന്ന അനുഭവം! അത് അനുഭവിപ്പിക്കാന്‍ കഴിഞ്ഞ ഇതുവരെയുള്ള ബഹിരാകാശ സംബന്ധിയായ പുസ്തകങ്ങളില്‍ ഏറ്റവും ആത്മാര്‍ഥത കാണിച്ചത് ഓര്‍ബിറ്റല്‍ ആണെന്നു തന്നെ പറയണം. അതുകൊണ്ടാണ് നോവല്‍ വായിച്ചവര്‍ തിരിച്ച് ഭൂമിയിലിറങ്ങാന്‍ മടി കാണിക്കുന്നുവെന്ന് നിരൂപകര്‍ പറഞ്ഞത്. ഇതുവരെ ലോകത്തുള്ള പ്രതിഭകളും ശാസ്ത്രജ്ഞരും ജ്ഞാനികളും വിജ്ഞാനികളും യുക്തിവാദികളും മന്ത്രവാദികളും നിര്‍വചിച്ച ഭൂമിയേക്കാള്‍ പതിന്മടങ്ങ് സൗന്ദര്യമുള്ള ഭൂമിയെയാണ് ഓര്‍ബിറ്റല്‍ കാണിച്ചുതരുന്നതെന്ന് ബുക്കര്‍ പ്രൈസ് ചീഫ് ജഡ്ജായ എഡ്മണ്ട് ഡേ വാള്‍ നിരീക്ഷിക്കുന്നു.
ബഹികാരാകാശ യാത്രികരായ സുനിത വില്യംസും സഹയാത്രികനായ ബച്ച് വില്‍മോറും ബഹിരാകാശ പേടകത്തില്‍ അഞ്ചുമാസമായി കുടുങ്ങിക്കിടക്കുന്ന സാഹചര്യവും ഓര്‍ബിറ്റലിനെ കാലികപ്രസക്തിയിലേക്ക് നയിക്കുന്നുണ്ട്. 2013-ല്‍ പുറത്തിറങ്ങിയ ഗ്രാവിറ്റി എന്ന സിനിമയും ഈയവസരത്തില്‍ ഓര്‍ക്കാം.
Content Highlights: samantha harvey novel orbital won booker prize 2024
Published: 14 Nov 2024, 10:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented