സോഫ്റ്റ്‌വെയര്‍ തകരാറിനെ തുടര്‍ന്ന് അടിയന്തര അറ്റകുറ്റപ്പണിക്കായി ആറായിരത്തോളം വിമാനങ്ങള്‍ താഴെയിറക്കാനൊരുങ്ങുകയാണ് എയര്‍ബസ്. ആഗോളതലത്തില്‍ ആറായിരത്തോളം വിമാനങ്ങള്‍ അറ്റകുറ്റപ്പണികള്‍ക്കായി താഴെയിറക്കേണ്ടി വരുന്നത് വിമാനസര്‍വീസുകളേയും സാരമായി ബാധിക്കും. ഇതോടെ ഇന്ത്യയിലെ മുന്നൂറിലധികം വിമാനങ്ങളെ വിഷയം ബാധിക്കും. സൗരവികിരണം വിമാനങ്ങളുടെ ഫ്‌ളൈറ്റ് കണ്‍ട്രോള്‍ ഡേറ്റയ്ക്ക് തകരാര്‍ ഉണ്ടാക്കിയേക്കുമെന്ന മുന്നറിയിപ്പുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് എയര്‍ബസിന്റെ എ320 സീരീസ് വിമാനങ്ങള്‍ സോഫ്ട്‌വെയര്‍ അപ്‌ഡേഷനുകള്‍ക്കായി താഴെയിറക്കുന്നത്.

To advertise here,

സോഫ്റ്റ്‌വെയര്‍ പഴയ വേര്‍ഷനിലേക്ക് മാറ്റാനോ അല്ലെങ്കില്‍ തകരാര്‍ ബാധിച്ച ഹാര്‍ഡ്വെയര്‍ മാറ്റിവയ്ക്കാനോ എയര്‍ബസ് എയര്‍ലൈനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. അടുത്ത ഷെഡ്യൂള്‍ ചെയ്ത സര്‍വീസിന് മുന്‍പ് തന്നെ ഓരോ വിമാനത്തിലും തകരാര്‍ പരിഹരിക്കണമെന്നാണ് നിര്‍ദ്ദേശം. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ തുടങ്ങി ഇന്ത്യയിലെ പ്രമുഖ വിമാന കമ്പനികള്‍ പ്രധാനമായും ആശ്രയിക്കുന്നത് എയര്‍ബസ് എ320 വിമാനങ്ങളെയാണ്. ഇന്‍ഡിഗോയുടെ 370 വിമാനങ്ങളും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഉള്‍പ്പെടെ എയര്‍ ഇന്ത്യയുടെ 160-ലധികം വിമാനങ്ങളും ഇതില്‍പെടും.

ജറ്റ്ബ്ലൂ എയര്‍വേയ്സിന്റെ എ320 വിമാനം കഴിഞ്ഞ ദിവസം താഴേക്ക് പതിക്കുകയും 15 യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് കാരണം സൗരവികിരണമാണെന്ന അഭ്യൂഹങ്ങളും ഇതോടെ ശക്തമായി. സൗരവികിരണം കാരണം സോഫ്ട്‌വെയറുകളില്‍ സംഭവിക്കുന്ന ഡാറ്റാ കറപ്ഷനും, ബിറ്റ്ഫ്‌ളിപ്പും പൈലറ്റിന്റെ നിര്‍ദ്ദേശമില്ലാതെ തന്നെ വിമാനം പെട്ടെന്ന് താഴേക്ക് കുതിക്കുന്നതിന് വരെ കാരണമാകും. ഓട്ടോപൈലറ്റ് ഓണായിരിക്കുമ്പോള്‍ പോലും ഇത് സംഭവിക്കാം.