ടോൾ ഒരു പ്രതിരോധമാണ്, അല്ലാതെ നയം മാറ്റമല്ല (ഇത് ട്രോളല്ല) | Entharo Entho
പാതകളിലും പാലങ്ങളിലും ഈ ടോൾ പിരിവ് ചൂഷണമാണോ? ആയിരുന്നു. ബിഒടി എന്നാൽ ചൂഷണത്തിന്റെ പുതിയ കാല പതിപ്പായിരുന്നില്ലേ? ഞങ്ങൾ പറയും ആയിരുന്നു. എന്നാൽ ഇനി അങ്ങനെയല്ല. മദ്യം പോലെ, ലോട്ടറി പോലെ ഖജനാവിലേക്ക് പണമെത്തിക്കാനുള്ള ഉപാധിയാണ് ടോൾ. അർഹതപ്പെട്ട പണം നൽകാതെ ശ്വാസം മുട്ടിക്കുന്ന കേന്ദ്ര ഭരണകൂടത്തിന്റെ മുട്ടാളൻ നയങ്ങൾക്കെതിരെയുള്ള പ്രതിരോധമാണ് ടോൾ. അതുകൊണ്ട് ഇനി മുതൽ ഞങ്ങളുടെ ചൂഷകപ്പട്ടിയിൽ നിന്നും ടോൾ പുറത്താണ്. അല്ലെങ്കിലും പഴയതുപോലെ കട്ടൻചായയും പരിപ്പുവടയും കഴിച്ച് മുറിബീഡിയും വലിച്ചിരിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാരെന്ന് നിങ്ങൾ പറഞ്ഞാൽ, നിങ്ങൾക്ക് ആ വൈബാണ്. തന്തവൈബ്.
ദേശീയ പാതയിലെ ടോൾ പിരിവ് ജനത്തെ പിഴിയലാണെന്ന് വിളിച്ചുപറഞ്ഞ് സമരം ചെയ്തവരാണ് ഞങ്ങൾ, സംസ്ഥാന പാതകളിൽ ടോളേ പാടില്ലെന്ന് നിലപാടെടുത്തവരായിരുന്നു ഞങ്ങൾ... അതെ, വരുമാനത്തിനും വികസനത്തിനുമായി ഏത് നയവും എപ്പോൾ വേണമെങ്കിലും മാറ്റാനുള്ള ആർജ്ജവമുള്ളവരാണ് ഞങ്ങൾ.. ഈ ഞങ്ങളേക്കുറിച്ച് നിങ്ങൾക്ക് ഒന്നുമറിയില്ല, ഒരു ചുക്കുമറിയില്ല. ടോളിനെതിരെ ചെങ്കൊടി പിടിച്ചവർ എന്തിനാണിപ്പോൾ കേരളമാകെ ടോൾ ഏർപ്പെടുത്താൻ പോകുന്നത് എന്നൊക്കെ ചോദിച്ചാൽ ഉത്തരം കിട്ടാൻ അൽപം ബുദ്ധിമുട്ടാണ്.
കിഫ്ബി നിർമിക്കുന്ന 50 കോടി രൂപയോ അതിന് മുകളിലോ മുതൽമുടക്കുള്ള റോഡുകളിൽ ടോൾ ഏർപ്പെടുത്താനാണ് ആലോചന. നിലവിൽ കിഫ്ബി നിർമാണം ഏറ്റെടുത്തിട്ടുള്ള 500 റോഡുകളിൽ 30 ശതമാനം റോഡുകളും 50 കോടിക്കുമുകളിൽ മുതൽമുടക്കുള്ളതാണ്. അതായത് സംഭവം വന്നാൽ കേരളം സർവത്ര ടോൾ മയമാകും. ഇത് ചൂഷണമല്ലേ എന്നൊക്കെ ചോദിച്ചാൽ, അല്ല, ടോൾ ഇനി മുതൽ ചൂഷകപ്പട്ടികയിൽ നിന്ന് പുറത്താണ്. സർക്കാരിന് വരുമാനമുണ്ടാക്കാൻ നല്ല പദ്ധതികൾ ആവിഷ്ക്കരിച്ചാൽ പോരെ, കാലങ്ങളായി കെട്ടിക്കിടക്കുന്ന നികുതിപ്പണമൊക്കെ പിരിച്ചാൽ പോരെ, എന്തിന് ജനത്തെ ഇങ്ങനെ പിഴിയണമെന്നൊക്കെ ചോദിച്ചാൽ, അവർക്ക് കൂടിയുള്ള ഉത്തരമാണ് മുകളിൽ പറഞ്ഞത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി. സുധാകരന്റെ തീരുമാനം സംസ്ഥാനത്ത് ടോൾ പിരിവ് വേണ്ടെന്നായിരുന്നു. ഒന്നാം പിണറായി സർക്കാരല്ല, രണ്ടാം പിണറായി സർക്കാർ. അപ്പോൾ മാറ്റം അനിവാര്യമാണ്. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണ്. അല്ലെന്ന് പറയുന്നവർക്ക് നേരത്തേ പറഞ്ഞ ആ വൈബാണ്.
നേരത്തേ പറഞ്ഞല്ലോ.. കേന്ദ്ര അവഗണനയിൽ സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് കിഫ്ബിയിലേക്കുള്ള വരുമാനത്തിന് ടോൾ പിരിക്കാൻ സർക്കാർ തീരുമാനിക്കുന്നത് എന്ന്. കിഫ്ബി പദ്ധതികൾ നടപ്പാക്കാൻ വൻ തോതിൽ കടമെടുക്കുന്നുണ്ട്. ഈ വായ്പ കേന്ദ്രം കടപരിധിയിൽ ഉൾപ്പെടുത്തിയതോടെ, കിഫ്ബി പദ്ധതികൾക്ക് സർക്കാർ പണം മുടക്കേണ്ട സ്ഥിതിയായി. നിലവിൽ ഈ ഇന്ധന സെസും മോട്ടോർ വാഹന നികുതിയുടെ തുകയുമൊക്കെ എടുത്താണ് കിഫ്ബിയുടെ വായ്പാ തിരിച്ചടവിന് ഉപയോഗിക്കുന്നത്. ടോൾ വഴി കിഫ്ബിക്ക് വരുമാനം വരുന്നതോടെ, ചെറുതാണെങ്കിലും കേന്ദ്ര നിയന്ത്രണത്തിന് എതിരേയുള്ള ചെറുത്തു നിൽപ്പാകും അത്. ചെറിയ ചെറിയ ചെറുത്തുനിൽപ്പാണ് വലിയ പ്രതിരോധമാകുന്നത്, ചെറിയ ചെറിയ പ്രതിരോധങ്ങളാണ്, വലിയ വലിയ വിപ്ലവങ്ങളിലേക്ക് നയിക്കുന്നത്. ശരിയല്ലേ?
ദേശീയ പാതയിൽ ഇപ്പോൾ ഗേറ്റ് സ്ഥാപിച്ച് കഴുത്തറുത്ത് പണം പിരിക്കുന്നതുപോലെയുള്ള പരിപാടിയാണ് ഈ ടോൾ പിരിവെന്ന് കരുതിയാൽ നിങ്ങൾക്ക് തെറ്റി. ഇത് പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ടോൾ പിരിവാണേ. ടോൾ ഗേറ്റുകൾ സ്ഥാപിച്ച് ടോൾ ഈടാക്കുന്ന രീതിയല്ല. പകരം, പ്രത്യേകം ക്യാമറകൾ സ്ഥാപിക്കും. ഫാസ്ടാഗ് പോലെ ടോൾ ഈടാക്കാനുള്ള ഓൺലൈൻ സംവിധാനങ്ങളും ഒരുക്കും. സഞ്ചരിക്കുന്ന ദൂരത്തിന് അനുസരിച്ചായിരിക്കും ടോൾ. അതായത് ഓടുന്ന ദൂരത്തിന് മാത്രം ടോൾ ഈടാക്കുന്ന പരിപാടി. അതുകൊണ്ട് ഇത് ചൂഷണത്തിന്റെ പരിധിയിൽ വരില്ലായിരിക്കും. ദേശീയ പാത അതോറിറ്റിയും ഈ പരിപാടി പ്രഖ്യാപിച്ചില്ലേ എന്നു ചോദിച്ചാൽ... അത് നിങ്ങൾക്ക് അറിയാഞ്ഞിട്ടാണ്, കേന്ദ്രം കേരളത്തെ മാതൃകയാക്കുകയാണ് മറ്റ് പല കാര്യങ്ങളിലും. സംഗതി വരുമ്പോൾ നിങ്ങൾക്ക് കാണാം.
പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ വലിയ തുക റോഡ് നികുതിയായി നൽകുന്ന ജനമാണ് അതേ റോഡിലൂടെ സഞ്ചരിക്കാൻ വഴിനീളെ വീണ്ടും പണം നൽകേണ്ടി വരുന്നത്. ഇത് ചൂഷണമല്ലേ എന്നു ചോദിക്കരുത്, അതിനുള്ള ഉത്തരമാണ് മുകളിൽ പറഞ്ഞത്. ഏതായാലും സർക്കാരിന്റെ പുതിയ നീക്കം സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെ പ്രതിപക്ഷം ഉൾപ്പെടെ വലിയ വിമർശവുമായി രംഗത്തെത്തിയിട്ടുണ്ട്. ടോൾ പിരിക്കാൻ അനുവദിക്കില്ല. സർക്കാർ നീക്കത്തിനെതിരേ ജനകീയ പ്രക്ഷോഭമുണ്ടാകുമെന്ന് കോൺഗ്രസിന്റെ മുന്നറിയിപ്പ്. സംഭവം വലിയ വിവാദമായതോടെ ഇതുസംബന്ധിച്ച പഠനങ്ങളാണ് നടക്കുന്നതെന്നും ഉടൻ നടപ്പാക്കാൻ തീരുമാനമെടുത്തിട്ടില്ലെന്നും ധനമന്ത്രി. എന്നാൽ ഇത്തരമൊരു നീക്കം അണിയറയിൽ നടക്കുന്നുണ്ടെന്ന കാര്യം മന്ത്രി തള്ളിയിട്ടുമില്ല. ഏതായാലും ടോൾ പിരിവിനുള്ള കിഫ്ബി നീക്കം വരുനാളുകളിൽ സർക്കാർ-പ്രതിപക്ഷ പോരിലേക്കും വഴിവെച്ചേക്കാം. കാത്തിരുന്ന് കാണാം.
In Short | The Kerala government is planning to implement toll collection on state highways for revenue generation, sparking political controversy. The new system will use advanced technology for distance-based tolling, moving away from traditional toll gates. Opposition parties are protesting, calling it an economic burden on citizens.
Content Highlights: kerala governents new kiifb road toll policy sparks debate Video
Published: 05 Feb 2025, 04:00 pm IST
ABOUT THE AUTHOR
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented