രാത്രി കൂടിയനിരക്കും പകൽ കുറഞ്ഞനിരക്കും ഈടാക്കുന്ന ടി.ഒ.ഡി. നിരക്ക്  ജനുവരി ഒന്നുമുതൽ സംസ്ഥാനത്ത് പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. മാസം 250 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കിൽ  വൈദ്യുതിവകുപ്പിന്റെ  ടൈം ഓഫ് ദ ഡേ (ടി.ഒ.ഡി.) താരിഫ് ബാധകമാകുമെന്നാണ് റിപ്പോർട്ട്. ‘പീക്ക് സമയ’ങ്ങൾ മാറിതോടെയാണ് വൈദ്യുതവകുപ്പിന്റെ പുതിയ നടപടി. മുമ്പ് രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ വൈദ്യുതി ഉപയോഗിക്കുമ്പോൾ സാധാരണ നിരക്കായിരുന്നു ഈടാക്കിയിരുന്നത്.  രാത്രി 10 മുതൽ രാവിലെ ആറുവരെ ഉപയോഗിക്കുന്നവർക്ക് 10 ശതമാനം നിരക്ക് ഇളവുമുണ്ടായിരുന്നു. എന്നാൽ, വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്നത് രാത്രിയാണെന്ന ലോഡ് കണക്കുപ്രകാരം ഈ ഇളവ് എടുത്തുകളയുകയും രാത്രി 10മുതൽ രാവിലെ ആറ് വരെയുള്ള വൈദ്യുതി ഉപയോഗ‌ത്തിന് സാധാരണ നിരക്ക് ഈടാക്കാൻ ആരംഭിക്കുകയും ചെയ്തിരുന്നു. 

To advertise here,

ഇപ്പോൾ ഇതിലും മാറ്റങ്ങൾ വന്നിരിക്കുകയാണ്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയുള്ള വൈദ്യുതി ഉപയോഗ‌ത്തിന് 10 ശതമാനം നിരക്ക് കുറയും. പക്ഷേ വൈകിട്ട് ആറുമുതൽ രാത്രി 10 വരെ 25 ശതമാനം അധികംനിരക്ക് ഈടാക്കും. അതേസമയം രാത്രി 10 മുതൽ രാവിലെ ആറുവരെ സാധാരണ നിരക്ക് മാത്രമാകും ഈടാക്കുക.  രാത്രി ലോഡ് ഉയരുന്ന സാഹചര്യത്തിൽ നിരക്കുകൂട്ടി ഉപയോ​ഗം കുറയ്ക്കാനാണ് വൈദ്യുതിവകുപ്പിന്റെ ശ്രമം. അത്യാവശ്യമല്ലാത്ത വൈദ്യുത ഉപകരണങ്ങൾ രാത്രി സമയം ഉപയോ​ഗിക്കാതെ പകൽസമയം ഉപയോ​ഗിക്കുക, ഇലക്‌ട്രിക്കൽ വെഹിക്കിൾ (ഇ.വി.) ചാർജിങ് പകൽനേരമോ രാത്രി 10 മണിക്കുശേഷമോ ആക്കുക, സോളാർ വൈദ്യുതി പരമാവധി ഉപയോഗിക്കുക മുതലായ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഒരു പരിധിവരെ നിരക്ക് വർധനവിൽ നിന്ന് രക്ഷനേടാമെന്നാണ് വിദ​ഗ്ദരുടെ അഭിപ്രായം. മീറ്ററുകളിൽ ടി.ഒ.ഡി. സംവിധാനം ഘടിപ്പിക്കുന്നതോടെ വൈദ്യുതി നിരക്കിലും ​ഗണ്യമായ മാറ്റങ്ങൾ  സംഭവിക്കും. നിലവിൽ കേരളത്തിൽ  40,000-ത്തോളം മീറ്ററുകളിൽ ടി.ഒ.ഡി. സംവിധാനം ഘടിപ്പിക്കാൻ ബാക്കിയുണ്ട്. ഇവ മാർച്ചിനകം സ്ഥാപിച്ച് ഏപ്രിൽ ഒന്നുതൊട്ട് പൂർണമായും പുതിയ താരിഫിലേക്ക് മാറ്റുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതായത് വേനൽ കടുക്കുമ്പോൾ വൈദ്യുതി ബില്ലും കടുക്കുകതന്നെ ചെയ്യും.

2024 ഭൂമിയിലെ ഏറ്റവും ചൂടേറിയ വർഷമായിയിരുന്നുവെന്നാണ്  യൂറോപ്യൻ കമ്മീഷൻ റിപ്പോർട്ട്.  കഴിഞ്ഞ കുറച്ചു വർഷങ്ങളായി സംസ്ഥാനത്തും ചൂട് കനക്കുകയും കാലാവസ്ഥയിൽ ​ഗണ്യമായ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യുന്നുണ്ട്. മാർച്ച്,ഏപ്രിൽ,മെയ് മാസങ്ങളിൽ അനുഭവപ്പെട്ടിരുന്ന കനത്ത ചൂട് ഇപ്പോൾ ജനുവരി മാസം മുതലേ പ്രകടമാകുന്നു. സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാനുള്ള സാധ്യത ജനുവരി രണ്ടാംവാരം മുതലേ അധികൃതർ നൽകി തുടങ്ങി. ചൂട് വർധിക്കുമ്പോൾ അതിനെ നേരിടാൻ വൈദ്യുതി ഉപകരണങ്ങളുടെ ഉപയോ​ഗവും വർധിക്കും. ഇരുട്ടടിയായി വൈദ്യുതി നിരക്ക് ഉയരുമ്പോൾ അത് സാധരണക്കാർക്ക് കനത്ത തിരിച്ചടിയാവുകയാണ്.