കണ്ണൂർ: വനിതാദിനത്തിൽ സ്ത്രീകൾക്ക് മാത്രമായി യാത്രകൾ ഒരുക്കി കെ.എസ്.ആർ.ടി.സി. മാർച്ച് എട്ടിന് വനിതാദിനത്തിന്റെ ഭാഗമായി വണ്ടർലാ, ഫോഗി മൗണ്ടൻ എന്നീ വാട്ടർതീം പാർക്കുകളിലേക്ക് യാത്രകൾ സംഘടിപ്പിക്കും. വനിതാദിനത്തിൽ പ്രത്യേകം ഒരുക്കിയ ഡി.ജെ., ഫോം പാർട്ടിയും ആസ്വദിച്ച് മടങ്ങാം. ടിക്കറ്റ് നിരക്കിലും ഇളവ് നേടാം.

To advertise here,

അഡ്വഞ്ചർ പാർക്കുകൾ പാക്കേജിനായി തിരഞ്ഞെടുത്തത് സ്ത്രീകളുടെ കരുത്ത് അവരെത്തന്നെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തിനായാണെന്ന് ഡി.ടി.ഒ. വി. മനോജ് കുമാർ പറഞ്ഞു. വണ്ടർലാ: ഏഴിന് രാത്രി ഒൻപതിന് പുറപ്പെട്ട് എട്ടിന് രാവിലെ കൊച്ചിയിൽ എത്തിച്ചേരും. പ്രാതൽ കഴിഞ്ഞ് പാർക്കിൽ പ്രവേശിക്കും.

വനിതകൾക്ക് മാത്രമായിട്ടാണ് അന്ന് പാർക്ക് അനുവദിക്കുന്നത്. പാർക്കിലെ റൈഡുകൾക്ക് പുറമേ പ്രത്യേകം തയ്യാറാക്കിയ ഡി.ജെ. പാർട്ടിയും ഫോം പാർട്ടിയും ഉണ്ടായിരിക്കും. കെ.എസ്.ആർ.ടി.സി.യിൽ എത്തിച്ചേരുന്ന സഞ്ചാരികളിൽനിന്ന് അന്ന് പാർക്കിന്റെ പ്രവേശനഫീസിന്റെ പകുതി തുക മാത്രമേ ഈടാക്കുകയുള്ളൂ.

ഫോഗി മൗണ്ടൻ: എട്ടിന് രാവിലെ ആറിന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് കരിയാത്തുംപാറ, തുഷാരഗിരി വെള്ളച്ചാട്ടം എന്നിവ സന്ദർശിച്ച് മൂന്നുമണിയോടുകൂടി കക്കാടംപൊയിൽ, ഫോഗി മൗണ്ടൈൻ അഡ്വഞ്ചർ പാർക്കിൽ എത്തിച്ചേരും. കക്കാടംപൊയിൽ പാർക്കിൽ വൈകുന്നേരം എത്തിച്ചേരും.

  • നിലമ്പൂർ: എട്ടിന് രാവിലെ 5.30-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, ബംഗ്ലാവ് കുന്ന് എന്നിവ സന്ദർശിച്ച് വൈകീട്ട് മലപ്പുറത്ത് മിനി ഊട്ടി സന്ദർശിച്ച് രാത്രി 12-ന് കണ്ണൂരിൽ തിരിച്ചെത്തും.
  • വയനാട്: എട്ടിന് രാവിലെ ആറിന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് ബാണാസുരസാഗർ ഡാം, എൻ ഊര് ആദിവാസി പൈതൃക ഗ്രാമം, ഹണി മ്യൂസിയം, പൂക്കോട് തടാകം, ലക്കി വ്യൂ പോയിന്റ് എന്നിവ സന്ദർശിച്ച് രാത്രി 10.30-ന് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ് ക്രമീകരിച്ചിട്ടുള്ളത്.

തീർഥാടന യാത്രകളും പ്രധാനം

മാർച്ചിൽ തീർഥാടനയാത്രകളിലാണ് കെ.എസ്.ആർ.ടി.സി. ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗുരുവായൂർ: 10, 20 തീയതികളിൽ രാവിലെ എട്ടിന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് കാടാമ്പുഴ, തിരുനാവായ, കൊടുങ്ങല്ലൂർ ക്ഷേത്രദർശനം നടത്തി അന്ന് അവിടെ താമസിക്കും. രണ്ടാമത്തെ ദിവസം രാവിലെ തൃപ്രയാർ ക്ഷേത്രദർശനം നടത്തി ഗുരുവായൂരിലോട്ട് പുറപ്പെടും. ഗുരുവായൂരിൽ കൂടുതൽ സമയം ചെലവഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ രീതിയൽ യാത്ര ഒരുക്കിയത്. മന്ത്രി ഗണേഷ് കുമാറിന്റെ പ്രത്യേക നിർദേശപ്രകാരം ഗുരുവായൂർ ദേവസ്വം അധികൃതർ കെ.എസ്.ആർ.ടി.സി. യാത്രക്കാർക്ക് പ്രത്യേകവരി സജ്ജമാക്കിയിട്ടുണ്ട്.

  • മൂകാംബിക: മാർച്ച് ആറ്, 11, 20 തീയതികളിൽ രാത്രി 8.30-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് ഒരുദിവസം മുഴുവൻ ദേവീദർശനം എന്ന രീതിയിലാണ് പാക്കേജ് തയ്യാറാക്കിയിട്ടുള്ളത്. അതോടൊപ്പം കുടജാദ്രി, മുരുഡേശ്വർ ദർശനവും സജ്ജീകരിച്ചിട്ടുണ്ട്. രണ്ടാമത്തെ ദിവസം സാലി ഗ്രാം, അനന്തപുര, മധൂർ ക്ഷേത്രം, ബേക്കൽ ഫോർട്ട് എന്നിവയും സന്ദർശിക്കും.

മാർച്ചിലെ മറ്റ് ഉല്ലാസയാത്രകളുടെ സ്ഥലം, പുറപ്പെടുന്ന തീയതി എന്നിവ യഥാക്രമം ചുവടെ:

  • ഗവി- കുമളി: ആറ്, 26
  • മൂന്നാർ- മറയൂർ: ആറ്, 20.
  • വാഗമൺ-ഇല്ലിക്കൽ കല്ല്: 13, 27
  • നെല്ലിയാമ്പതി-കൊല്ലങ്കോട്: 13, 27
  • മലക്കപ്പാറ- കുട്ടനാട്: 20
  • സൈലന്റ് വാലി-കാഞ്ഞിരപ്പുഴ ഡാം: 13
  • നിലമ്പൂർ-മിനി ഊട്ടി: എട്ട്, 14, 21, 22, 28, 29
  • അകലപ്പുഴ-ഇരിങ്ങൽ- മിനി ഗോവ: 14, 22, 29
  • വയനാട്: 22, 29

ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും: കണ്ണൂർ: 9497007857, 8089463675.