പാട്ടുകൾ പാടി കഥകൾപറഞ്ഞ് ഒരു യാത്ര പോയാലോ. മുന്നിൽനിന്ന് നയിക്കാൻ കലാകാരനായ കണ്ടക്ടറുമുണ്ടായാലോ. പറഞ്ഞുവരുന്നത് മലപ്പുറം കെഎസ്ആർടിസി ഡിപ്പോയിലെ ബിജുവിനേക്കുറിച്ചാണ്. ബജറ്റ് ടൂറിസത്തിലൂടെ ഉല്ലാസയാത്രയ്ക്കെത്തുന്ന ഓരോ യാത്രക്കാരന്റെയും ഹൃദയത്തിലേക്ക് ടിക്കറ്റ് മുറിക്കുകയാണ് വള്ളുവമ്പ്രം സ്വദേശിയായ പി.കെ. ബിജുമോനെന്ന ബിജു.

To advertise here,

യാത്രക്കാരുടെ കഴിവുകൾ പുറത്തെടുത്തും അവർക്കത് പ്രകടിപ്പിക്കാൻ അവസരമൊരുക്കിയുമാണ് ബിജു വ്യത്യസ്തനാകുന്നത്. യാത്രയ്ക്കെത്തുന്നവർക്ക് ആവശ്യമായ സേവനങ്ങളും ഉറപ്പാക്കും. ഒരിക്കൽ യാത്രചെയ്തവർ അദ്ദേഹത്തിന്റെ ട്രിപ്പ് വീണ്ടും തേടിയെത്തുന്നതും പുതിയ ആൾക്കാരെ ട്രിപ്പിലേക്ക് അയക്കുന്നതും ഇതുകാരണമാണ്.

എണ്ണൂറിലധികം യാത്രകൾ പൂർത്തിയാക്കിയ മലപ്പുറം ബജറ്റ് ടൂറിസത്തിൽ 500-ലേറെ യാത്രകളിലും ബിജുവായിരുന്നു കണ്ടക്ടർ. കേരളത്തിലെ ബജറ്റ് ടൂറിസത്തിൽ കൂടുതൽ ട്രിപ്പെടുത്ത കണ്ടക്ടർമാരിൽ ഒരാൾകൂടിയാണ് ഷോർട്ട് ഫിലിം അഭിനേതാവ് കൂടിയായ അദ്ദേഹം.

2008-മുതൽ കെഎസ്ആർടിസി കണ്ടക്ടറായ ബിജു 2021 ഡിസംബറിലാണ് ബജറ്റ് ടൂറിസത്തിലേക്ക് മാറുന്നത്. ആനവണ്ടിയെ സ്വന്തം വണ്ടിയേപ്പോലെ പരിചരിക്കുന്ന ബിജുവിന് യാത്രകൾ ഏറെയിഷ്ടമാണ്. അതുകൊണ്ടുതന്നെ ഓരോ യാത്രയിലും ഓർമ്മകളിൽ സൂക്ഷിക്കാനുതകുന്ന രസകരമായ കൗതുകങ്ങളും കളികളുമൊരുക്കാനും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്.

മലപ്പുറത്തുനിന്ന് മൂന്നാർ, വാഗമൺ, വട്ടവട, മാമലക്കണ്ടം, ഇല്ലിക്കൽകല്ല്, ഇലവീഴാപൂഞ്ചിറ, നെല്ലിയാമ്പതി, പൈതൽമല, ആലപ്പുഴ ഹൗസ് ബോട്ട്, കുമരകം, ഗവി, വയനാട്, മൈസൂരു തുടങ്ങിയ വിവിധ ഇടങ്ങളിലേക്കാണ് ഉല്ലാസയാത്ര പോകുന്നത്. യാത്രക്കാർ അവരിലൊരാളായി കാണുന്നതും കുടുംബത്തിലെ ഒരാളെപ്പോലെ പരിഗണിക്കുന്നതുമാണ് തന്റെ സന്തോഷമെന്ന് ബിജു പറയുന്നു. താനുണ്ടെങ്കിൽ മാത്രം ട്രിപ്പിന് വരുന്നവരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

500 യാത്രകൾ പൂർത്തിയാക്കിയ ബിജുവിനെ ഈയിടെ ആനവണ്ടി പ്രേമികളുടെ കൂട്ടായ്മ ആദരിച്ചു. മുൻ ഡിടിഒ ജോഷി, ഡിടിഒ അനസ്, ജനറൽ കൺട്രോളിങ് സജിത്ത്, സ്റ്റേഷൻ മാസ്റ്റർ ഷാജി സഞ്ജയ്, ജില്ലാ കോഡിനേറ്റർ ഷിജിൽ, കോഡിനേറ്റർ യൂസഫ് എന്നിവരുടെ പിന്തുണയും ബിജുവിനുണ്ട്. നീതുവാണ് ഭാര്യ. സച്ചിൻ, ദേവിക എന്നിവർ മക്കളാണ്.